പ്രതീകാത്മക ചിത്രം | ഫോട്ടോ: ഇ.എസ്.അഖിൽ
കൊച്ചി: ടോൾപ്ളാസയിലെ വാഹന നിര നൂറു മീറ്ററിലേറെ നീണ്ടാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ടോൾ വാങ്ങാതെ വാഹനങ്ങൾ കടത്തിവിടണമെന്ന ദേശീയപാത അതോറിറ്റിയുടെ മാർഗനിർദേശം നടപ്പാക്കുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കണമെന്ന് ഹൈക്കോടതി. തൃശ്ശൂരിലെ പാലിയേക്കര ടോൾപ്ളാസയിലൂടെ വാഹനങ്ങൾ കടത്തിവിടാൻ വൈകുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നെന്നാരോപിച്ച് പാലക്കാട് സ്വദേശി നിതിൻ രാമകൃഷ്ണൻ നൽകിയ അപ്പീലിൽ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം പറഞ്ഞത്.
ടോൾപ്ളാസയിലൂടെയുള്ള ഗതാഗതം സുഗമമാക്കാൻ എന്തു ചെയ്യാനാവുമെന്നതിൽ നിലപാട് അറിയിക്കാമെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ അറിയിച്ചതിനെത്തുടർന്ന് ഹർജി മാറ്റി. തിരക്കുള്ള സമയങ്ങളിൽ ടോൾപ്ളാസയിൽ വാഹനങ്ങൾ ഏറെ നേരം കാത്തുകിടക്കേണ്ടി വരുന്നെന്നാണ് ഹർജിക്കാരന്റെ പരാതി.
സാങ്കേതിക വിദ്യ പുരോഗമിച്ച പുതിയ കാലത്ത് ഇതിലൊക്കെ മാറ്റം വരേണ്ട സമയം അതിക്രമിച്ചെന്ന് ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. തുടർന്നാണ് ദേശീയപാത അതോറിറ്റിയുടെ 2021 മേയ് 24-ലെ മാർഗനിർദേശം പരിഗണിക്കാൻ നിർദേശിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..