റോഡാകെ ബാനറുകളും കൊടികളും; ദുരന്തമെന്ന് ഹൈക്കോടതി, നീക്കംചെയ്യാൻ നിർദേശം


പ്രതീകാത്മക ചിത്രം | Photo-PTI

കൊച്ചി: ഭാരത് ജോഡോ യാത്രയുടെയും പ്രധാനമന്ത്രിയുടെ സന്ദർശനിത്തിന്റെയുമൊക്കെ ഭാഗമായി റോഡിലും മറ്റ് പൊതുസ്ഥലങ്ങളിലും നിയമം പാലിക്കാതെ ബാനറുകളും കൊടികളും ബോർഡുകളും സ്ഥാപിക്കുന്നതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കോടതിയുടെയും മറ്റ് അധികാരികളുടെയും ഉത്തരവുണ്ടായിട്ടും നിയമലംഘനം നടത്തുന്നത് വലിയ ദുരന്തമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി. അനധികൃതമായിവെച്ച ബാനറുകളും കൊടികളും ബോർഡുകളും ഉടൻ നീക്കംചെയ്യാനും നിർദേശിച്ചു.

റോഡുകളിലും പൊതുസ്ഥലങ്ങളിലും അപകടകരമായി ബാനറുകളും മറ്റും സ്ഥാപിക്കുന്നതിനെതിരേയുള്ള ഹർജികളിൽ കോടതിയെ സഹായിക്കാൻ നിയോഗിച്ച അമിക്കസ് ക്യൂറി ഹരീഷ് വാസുദേവന്റെ അപേക്ഷ പരിഗണിച്ചാണ് വിഷയം കോടതി അടിയന്തരമായി കേട്ടത്.

രാഷ്ട്രീയപ്പാർട്ടികളുടെ പേരുപറയാതെയാണ് കോടതിയുടെ കുറ്റപ്പെടുത്തൽ. ഒരു രാഷ്ട്രീയപ്പാർട്ടി തിരുവനന്തപുരംമുതൽ തൃശ്ശൂർവരെ ദേശീയപാതയുടെ ഇരുവശങ്ങളിലും അനധികൃതമായി ബോർഡുകളും മറ്റും സ്ഥാപിച്ചിരിക്കുകയാണെന്നും അവ മാറ്റാൻ പോലീസോ മറ്റ് അധികാരികളോ നടപടിസ്വീകരിക്കുന്നില്ലെന്നും അമിക്കസ് ക്യൂറി വിശദീകരിച്ചു. ഈ ആരോപണം സംശയിക്കാൻ കാരണമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

നിയമവിരുദ്ധമായി എങ്ങനെയാണ് ഇത്രയധികം ബാനറുകളും കൊടികളും ദേശീയപാതയോരത്ത് സ്ഥാപിച്ചതെന്ന് അറിയിക്കാൻ ചീഫ് സെക്രട്ടറി, തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പോലീസ് മേധാവി എന്നിവരോട് കോടതി നിർദേശിച്ചു. വിഷയം വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

Content Highlights: Illegal Installations Made By A Particular Political party On National Highway; Kerala High Court

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..