ഐ.ടി റെയ്ഡ്: അന്വേഷണം വന്‍ ഭൂമാഫിയയിലേക്ക്; രാഷ്ട്രീയ-ചലച്ചിത്ര രംഗത്തുള്ളവരും നിരീക്ഷണത്തില്‍


1 min read
Read later
Print
Share

ഫാരിസ് അബൂബക്കറിന് ഇൻകംടാക്സ് അധികൃതർ നോട്ടീസ് നൽകിയെങ്കിലും ഹാജരായില്ലെന്നാണ് സൂചന. റിയൽ എസ്റ്റേറ്റ് ബിസിനസിൽ കള്ളപ്പണ ഇടപാടുകൾ ഉറപ്പിച്ചതിനാൽ ഇ.ഡി. ചെന്നൈ യൂണിറ്റ് കേസ് രജിസ്റ്റർചെയ്യും.

1. ഫാരിസ് അബൂബക്കർ 2. ഇ.ഡി ഓഫീസ് | Mathrubhumi archives

കൊച്ചി: കേരളത്തിനകത്തും പുറത്തുമുള്ള വമ്പൻ ഭൂമാഫിയയിലേക്ക് ഇൻകംടാക്സ് (ഐ.ടി.)-എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷണം. റിയൽ എസ്റ്റേറ്റ് രംഗത്തുള്ള രാഷ്ട്രീയ-ചലച്ചിത്ര മേഖലയിലെ പ്രമുഖരും അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് വ്യവസായി ഫാരിസ് അബൂബക്കറിന്റെ ബിനാമി ഇടപാടുകളിൽ തുടർച്ചയായ മൂന്നാംദിവസവും ഐ.ടി. റെയ്ഡ് നടന്നത്.

ഇൻകംടാക്സ് ചെന്നൈ ഇൻവെസ്റ്റിഗേഷൻ യൂണിറ്റാണ് ഫാരിസിന്റെ കേസ് അന്വേഷിക്കുന്നത്. കൊച്ചി, കോഴിക്കോട് ഇൻവെസ്റ്റിഗേഷൻ ഓഫീസുകളെയും അന്വേഷണസഹായത്തിന് നിയോഗിച്ചിട്ടുണ്ട്. ഫാരിസ് അബൂബക്കറിന് ഇൻകംടാക്സ് അധികൃതർ നോട്ടീസ് നൽകിയെങ്കിലും ഹാജരായില്ലെന്നാണ് സൂചന. റിയൽ എസ്റ്റേറ്റ് ബിസിനസിൽ കള്ളപ്പണ ഇടപാടുകൾ ഉറപ്പിച്ചതിനാൽ ഇ.ഡി. ചെന്നൈ യൂണിറ്റ് കേസ് രജിസ്റ്റർചെയ്യും.

ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട് സമർപ്പിച്ച ടി.ഡി.എസ്. (ടാക്സ് ഡിഡക്‌ഷൻ അറ്റ് സോഴ്‌സ്) രേഖകൾ പരിശോധിച്ചതിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഫാരിസ് അബൂബക്കറിന് നിക്ഷേപമുള്ള ചെറുതും വലുതുമായ തൊണ്ണൂറോളം റിയൽ എസ്റ്റേറ്റ് കമ്പനികൾ കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ വ്യാപകമായി ഭൂമി വാങ്ങിക്കൂട്ടിയതായാണ് ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ സംഘത്തിനു ലഭിച്ചിരിക്കുന്ന വിവരം.

സർക്കാരിന്റേതുൾപ്പെടെയുള്ള വൻകിടപദ്ധതികൾ പ്രഖ്യാപിക്കുംമുന്നേ പ്രദേശത്തെ തണ്ണീർത്തടഭൂമികൾ വാങ്ങിക്കൂട്ടുകയും റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ തരംമാറ്റുകയുമായിരുന്നു.

കേരളത്തിൽ റെയ്ഡ് തുടങ്ങുംമുന്നേയാണ് ഫാരിസ് അബൂബക്കറിന് ഇ-മെയിൽ മുഖേന ഇൻകംടാക്സ് സമൻസ് അയച്ചത്. ഫാരിസ് ലണ്ടനിലാണെന്ന വിവരമാണ് ചെന്നൈയിലെ ഓഫീസ് നൽകുന്നത്. രണ്ടാമതും സമൻസ് അയക്കാനാണ് നീക്കം.

ഇൻകംടാക്സ് ചെന്നൈ ഇൻവെസ്റ്റിഗേഷൻ യൂണിറ്റാണ് റെയ്ഡിന് നേതൃത്വം നൽകുന്നത്. ഇ.ഡി.യുടെ ചെന്നൈ യൂണിറ്റ് ഇവരിൽനിന്ന്‌ വിശദ റിപ്പോർട്ട് തേടാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് ലഭിക്കുന്ന മുറയ്ക്ക് എൻഫോഴ്സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ.) ഫയൽചെയ്യും. വിദേശനാണ്യ വിനിമയചട്ടത്തിന്റെ (ഫെമ) ലംഘനം നടന്നിട്ടുണ്ടോയെന്നും ഇ.ഡി. പരിശോധിക്കും.

ഫാരിസിന്റെ ഇടനിലക്കാരന്റെ സ്വത്ത് കണ്ടുകെട്ടിഫാരിസ് അബൂബക്കറിന്റെ പ്രധാന ഇടനിലക്കാരനായ കണ്ണൂർ സ്വദേശിയുടെ കൊച്ചിയിലെ ഫ്ലാറ്റ് ആദായനികുതിവകുപ്പ് കണ്ടുകെട്ടി. കണ്ണൂർ പിലാക്കണ്ടി സ്വദേശി നജീം അഹമ്മദിന്റെ കൊച്ചി ചിലവന്നൂരുള്ള ഫ്ലാറ്റാണ് കണ്ടുകെട്ടിയത്. നജീബിന്റെ ബാങ്ക് അക്കൗണ്ടുകളുൾപ്പെടെ ഇ.ഡി. മരവിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.

Content Highlights: Income Tax raid Faris Aboobacker ED land mafia

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..