‘ഇന്ത്യ’ സഖ്യത്തിലും സി.പി.എമ്മിന് ആശയപ്രതിസന്ധി; സമ്മർദഗ്രൂപ്പാവുന്നത് കേരളഘടകം


ബിജു പരവത്ത്

1 min read
Read later
Print
Share

മുംബൈയിലെ ഇന്ത്യ സഖ്യത്തിന്റെ യോഗത്തിനിടെ രാഹുൽഗാന്ധിയും സീതാറാം യെച്ചൂരിയും | Photo: ANI

തിരുവനന്തപുരം: ‘ഇന്ത്യ’ സഖ്യത്തിൽ അംഗമാകുകയും ഏകോപനസമിതിയിൽനിന്ന് വിട്ടുനിൽക്കുകയുംചെയ്യാനുള്ള സി.പി.എമ്മിന്റെ തീരുമാനം വീണ്ടും പാർട്ടിഘടകങ്ങളിൽ ഭിന്നാഭിപ്രായത്തിന് വഴിവെക്കുന്നു. കോൺഗ്രസ് ബന്ധത്തെക്കുറിച്ച് പലതവണ ചർച്ചയും തർക്കവും ആയതിനുശേഷമാണ് പ്രാദേശികധാരണ മാത്രമാകാമെന്ന തീർപ്പിലേക്ക് പാർട്ടി എത്തിയത്.

‘ഇന്ത്യ’ സഖ്യം മുന്നണിയായതോടെ സി.പി.എമ്മിൽ വീണ്ടും ആശയപ്രതിസന്ധി ഉയരുകയാണ്. കോൺഗ്രസുമായി ചേർന്നുള്ള നയരൂപവത്കരണത്തിന് സി.പി.എം. തയ്യാറാവേണ്ടതില്ലെന്ന കേരളഘടകത്തിന്റെ നിലപാടാണ്, ഏകോപനസമിതിയിൽനിന്ന് വിട്ടുനിൽക്കാൻ പൊളിറ്റ് ബ്യൂറോ തീരുമാനിക്കുന്നതിന് കാരണമായത്.

മുഖ്യശത്രു ബി.ജെ.പി.യാണെന്നാണ് കണ്ണൂർ പാർട്ടി കോൺഗ്രസ് പ്രഖ്യാപിച്ചത്. ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങൾ വിലയിരുത്തി പ്രാദേശികസഖ്യമാകാം. അതിൽ കോൺഗ്രസ് അംഗമാകുന്നതിനെ എതിർക്കേണ്ടതില്ല. കോൺഗ്രസിനേക്കാൾ പ്രാദേശിക പാർട്ടികളുമായുള്ള സഖ്യത്തിനാണ് ഊന്നൽനൽകേണ്ടത്.-ഇതാണ് പാർട്ടി കോൺഗ്രസിന്റെ തീരുമാനം.

ദേശീയതലത്തിൽ തിരഞ്ഞെടുപ്പിനുശേഷം യു.പി.എ. മാതൃകയിൽ സഖ്യമാകാമെന്നതാണ് സി.പി.എമ്മിന്റെ ധാരണ. എന്നാൽ, ലോക്‌സഭ തിരഞ്ഞെടുപ്പിനുമുമ്പ് ബി.ജെ.പി. വിരുദ്ധ മുന്നണി എന്നനിലയിൽ ‘ഇന്ത്യ’ മാറി. അതിന്റെ ഉന്നതാധികാര സമിതിയിൽ സി.പി.എം. അംഗമാകുകയുംചെയ്താൽ കോൺഗ്രസ് മുന്നണിയുടെ ഭാഗമായി സി.പി.എം. നിൽക്കുന്നതിന് തുല്യമാണെന്നാണ് കേരളഘടകത്തിന്റെ നിലപാട്.

ഇതാണ്, സി.പി.എം. ജനറൽ സെക്രട്ടറികൂടി ഉൾപ്പെട്ട ‘ഇന്ത്യ’ യോഗത്തിൽ രൂപവത്കരിച്ച ഉന്നതാധികാരസമിതിയിൽനിന്ന് പാർട്ടി വിട്ടുനിൽക്കാൻ പൊളിറ്റ് ബ്യൂറോ തീരുമാനിക്കാൻ പ്രധാന കാരണം.

ആണവക്കരാറിന്റെപേരിൽ ഒന്നാം യു.പി.എ. സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതിന് സമാനമായ വീഴ്ചയായി ഇപ്പോഴത്തെ തീരുമാനത്തെ വിമർശിക്കുന്നവർ സി.പി.എമ്മിനുള്ളിൽ തന്നെയുണ്ട്. കേരളം ഒഴികെ സി.പി.എമ്മിന് അംഗബലം കൂടുതലുള്ള പ്രധാന പത്ത് സംസ്ഥാനങ്ങളിൽ കോൺഗ്രസ് സഖ്യത്തിന് തയ്യറാകണമെന്ന നിലപാടുള്ളവരുമുണ്ട്.

അതുകൊണ്ടാണ് ഒക്ടോബറിൽചേരുന്ന കേന്ദ്രകമ്മിറ്റിയോഗം ‘ഇന്ത്യ’ സഖ്യത്തിന്റെ ഉന്നതാധികാരസമിതിയിലെ അംഗത്വം സംബന്ധിച്ച് അന്തിമതീരുമാനമെടുക്കുമെന്ന് സി.പി.എം. തീരുമാനിച്ചിട്ടുള്ളത്.

രാഹുൽഗാന്ധിയുമായുള്ള സീതാറാം യെച്ചൂരിയുടെ ബന്ധമാണ് കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ സി.പി.എമ്മിന് സീറ്റ് ലഭിക്കാനുള്ള ചർച്ചയ്ക്കുപോലും വഴിവെക്കുന്നതെന്ന വിലയിരുത്തലുമുണ്ട്. ഉന്നതാധികാരസമിതി ഒഴികെ ഇന്ത്യാസഖ്യം രൂപവത്കരിച്ച മറ്റ് സമിതികളിലെല്ലാം സി.പി.എം. പങ്കാളിയാണ്.

മഹാരാഷ്ട്രയിലടക്കം സി.പി.എമ്മിന് സീറ്റ് ലഭിക്കണമെങ്കിൽ ‘ഇന്ത്യ’ പാർട്ടികളുടെ പിന്തുണവേണം. അതിനാൽ, പി.ബി.തീരുമാനം കേന്ദ്രകമ്മിറ്റി തിരുത്തുമോയെന്നത് നിർണായകമാണ്. ഇപ്പോഴത്തെ നിലപാട് കേരളത്തിലെ രാഷ്ട്രീയസാഹചര്യത്തിന് മാത്രമാണ് ഗുണകരമെന്നതും കേന്ദ്രകമ്മിറ്റി തീരുമാനത്തെ ബാധിച്ചേക്കും.

Content Highlights: india alliance cpm stand

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..