വിക്രാന്ത് വെള്ളിയാഴ്ച രാജ്യത്തിനു സമർപ്പിക്കും; പ്രധാനമന്ത്രി നാളെ കൊച്ചിയിലെത്തും


വിക്രാന്ത്

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ വിക്രാന്ത് വെള്ളിയാഴ്ച രാജ്യത്തിനു സമർപ്പിക്കും. കൊച്ചി കപ്പൽശാലയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച നാലിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. വെള്ളിയാഴ്ച 9.30-നാണ് വിക്രാന്തിന്റെ കമ്മിഷനിങ് ചടങ്ങുകൾ. കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരുമടക്കം ഒട്ടേറെ വിശിഷ്ടവ്യക്തികൾ പങ്കെടുക്കും.

വെള്ളിയാഴ്ച രാവിലെ കൊച്ചി കപ്പൽശാലയിൽ ഗാർഡ് ഓഫ് ഓണറോടെയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കുന്നത്. വിക്രാന്തിന്റെ കമാൻഡിങ് ഓഫീസർ കമ്മഡോർ വിദ്യാധർ ഹാർകെ കമ്മിഷനിങ് വാറന്റ് വായിച്ചശേഷം പ്രധാനമന്ത്രി കപ്പലിനുള്ളിൽ പ്രവേശിക്കും. മുൻവശത്തെ ഡെക്കിൽ ദേശീയപതാക ഉയർത്തും. കോളനിവാഴ്ചയുടെ ഭൂതകാലത്തിൽനിന്നുള്ള വിടവാങ്ങൽ അടയാളപ്പെടുത്തി പുതിയ നാവിക പതാക (നിഷാൻ) പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. പിൻവശത്തെ ഡെക്കിൽ ഉയർത്തും. കമ്മിഷനിങ് ഫലകവും അനാച്ഛാദനം ചെയ്ത ശേഷം പ്രധാനമന്ത്രി സദസ്സിനെ അഭിസംബോധന ചെയ്യും.ചടങ്ങിലേക്കു ക്ഷണിക്കപ്പെട്ട, 1972-ലെ യുദ്ധത്തിൽ പങ്കെടുത്തവരുമായി പ്രധാനമന്ത്രി സംസാരിക്കും. മുൻ ഐ.എൻ.എസ്. വിക്രാന്തിൽ സേവനമനുഷ്ഠിച്ചിരുന്ന ഓഫീസർമാരുമായി കൂടിക്കാഴ്ചയും നടത്തും. ചടങ്ങിനുശേഷം വിക്രാന്തിന്റെ നിർമാണത്തിൽ പങ്കെടുത്ത കൊച്ചി കപ്പൽശാലാ ഉദ്യോഗസ്ഥരുമായും നാവികസേനാ ഉദ്യോഗസ്ഥരുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തും.

കാലടി ക്ഷേത്രത്തിലും പ്രധാനമന്ത്രിയെത്തും

വ്യാഴാഴ്ച വൈകുന്നേരം പ്രധാനമന്ത്രി കാലടി ആദിശങ്കര ക്ഷേത്രം സന്ദർശിക്കും. അതിനു മുമ്പ് നെടുമ്പാശ്ശേരിയിൽ ബി.ജെ.പി. പൊതുസമ്മേളനത്തെയും അഭിസംബോധന ചെയ്യും. രാത്രി കൊച്ചി താജ് മലബാർ ഹോട്ടലിൽ ബി.ജെ.പി. കേരള കോർകമ്മിറ്റി യംഗങ്ങളുമായി ആശയവിനിമയം നടത്തും.‌

മംഗലാപുരത്ത് 3800 കോടിയുടെ വ്യവസായ പദ്ധതികൾക്ക് തറക്കല്ലിടും

ന്യൂഡൽഹി: വെള്ളിയാഴ്ച ഒന്നരയോടെ പ്രധാനമന്ത്രി മംഗലാപുരത്ത് എത്തും. 3800 കോടി രൂപയുടെ യന്ത്രവത്‌കൃത-വ്യവസായ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. കണ്ടെയ്‌നറുകളും മറ്റു ചരക്കുകളും കൈകാര്യം ചെയ്യുന്നതിനായി ബെർത്ത് നമ്പർ 14 യന്ത്രവത്കരിക്കുന്നതിനുള്ള ന്യൂ മംഗളൂരു തുറമുഖ അതോറിറ്റിയുടെ 280 കോടിയുടെ പദ്ധതി ഇതിൽ ഉൾപ്പെടും. തുറമുഖത്ത് 1000 കോടിയുടെ അഞ്ചു പദ്ധതികളുടെ തറക്കല്ലിടലും നിർവഹിക്കും.

അത്യാധുനിക ക്രയോജനിക് എൽ.പി.ജി. സംഭരണ ടാങ്ക് ടെർമിനലിൽ സംയോജിത എൽ.പി.ജി- ബൾക്ക് ലിക്വിഡ് പി.ഒ.എൽ. സൗകര്യം സ്ഥാപിക്കാൻ സംഭരണടാങ്കുകളുടെയും ഭക്ഷ്യയെണ്ണ ശുദ്ധീകരണശാലയുടെയും നിർമാണം, ബിറ്റുമിൻ സംഭരണത്തിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും നിർമാണം, ബിറ്റുമിൻ-ഭക്ഷ്യ എണ്ണ സംഭരണവും അനുബന്ധസൗകര്യങ്ങളും നിർമാണം എന്നീ പദ്ധതികൾക്കും തറക്കല്ലിടും.

മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് ഏറ്റെടുത്തിരിക്കുന്ന ബി.എസ്. VI നവീകരണ പദ്ധതി, കടൽവെള്ളത്തിൽനിന്നു ഉപ്പുവേർതിരിക്കുന്നതിനുള്ള പ്ലാന്റ് എന്നീ പദ്ധതികളും ഉദ്ഘാടനംചെയ്യുന്നുണ്ട്.

Content Highlights: INS Vikranth

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..