വിക്രാന്ത് മുതൽ വിക്രാന്ത് വരെ


വിക്രാന്ത്

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യവിമാനവാഹിനി യുദ്ധക്കപ്പലായ വിക്രാന്ത് വെള്ളിയാഴ്ച രാജ്യത്തിനു സമർപ്പിക്കുമ്പോൾ അത്‌ വിക്രാന്ത് മുതൽ വിക്രാന്ത് വരെയുള്ള യാത്രയുടെ ഓർമകൂടിയാകുന്നു. ഇന്ത്യയുടെ ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ ഐ.എൻ.എസ്. വിക്രാന്തിന്റെ പേരുതന്നെയാണ് പുതിയ കപ്പലിനും. 1997-ലാണ് പഴയ വിക്രാന്ത് ഡീകമ്മിഷൻ ചെയ്തത്.

1957-ൽ ബ്രിട്ടനിൽനിന്നുവാങ്ങിയ എച്ച്.എം.എസ്. ഹെർക്കുലീസ് എന്ന വിമാനവാഹിനിയാണ് 1961-ൽ വിക്രാന്ത് എന്ന പേരിൽ കമ്മിഷൻ ചെയ്തത്. ഐ.എൻ.എസ്. വിക്രാന്ത് 1971-ലെ ഇന്ത്യ - പാകിസ്താൻ യുദ്ധത്തിൽ നിർണായക പങ്കാണ് വഹിച്ചത്. പാകിസ്താൻ നാവികസേനയുടെ നീക്കം ബംഗാൾ ഉൾക്കടലിൽ ചെറുത്തത് വിക്രാന്തായിരുന്നു. ഡീകമ്മിഷൻ ചെയ്തശേഷം 2012 വരെ മുംബൈയിൽ നാവികമ്യൂസിയമായി സൂക്ഷിച്ച ഈ കപ്പൽ പിന്നീട് ലേലത്തിൽവിറ്റു.ഐ.എൻ.എസ്. വിരാടായിരുന്നു ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനിയായി പിന്നീടെത്തിയത്. ബ്രിട്ടീഷ് റോയൽ നേവിയുടെ എച്ച്.എം.എസ്. ഹെർമസ് എന്ന കപ്പലാണ് 1987-ൽ ഇന്ത്യക്കു വിറ്റത്. 30 വർഷത്തോളം ഇന്ത്യൻ നാവികസേനയുടെ ഭാഗമായിരുന്ന വിരാട് 2017-ൽ ഡീകമ്മിഷൻ ചെയ്തു.

ഇപ്പോൾ നാവികസേനയുടെ ഭാഗമായ ഐ.എൻ.എസ്. വിക്രമാദിത്യ റഷ്യയിൽ നിന്നുവാങ്ങിയ വിമാനവാഹിനിയാണ്. 1987-ൽ റഷ്യ നിർമിച്ച അഡ്മിറൽ ഗോർഷ്‌കോവ് എന്ന കപ്പൽ 2004-ലാണ് ഇന്ത്യ വാങ്ങിയത്. 2013-ൽ കമ്മിഷൻ ചെയ്ത വിക്രമാദിത്യയ്ക്കു ഹെലികോപ്റ്ററുകൾ ഉൾപ്പെടെ 36 എയർക്രാഫ്റ്റുകളെ വഹിക്കാനാകും.

ലോകനിലവാരം

രാജ്യത്തിന്റെ സമുദ്രസുരക്ഷാ രംഗത്തു അതിനിർണായക പങ്കുവഹിക്കാൻ ശേഷിയുള്ളതാണ് വിക്രാന്ത്. രാജ്യം തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലെന്നനിലയിൽ എല്ലാവരും ഉറ്റുനോക്കുന്നതാണ് ഈ പടക്കപ്പലിന്റെ പ്രവർത്തണം. രാജ്യത്തിന്റെ സമുദ്രസുരക്ഷ ഉറപ്പാക്കലാണ് വിക്രാന്തിന്റെ പ്രധാനദൗത്യം.

ഫ്ലോട്ട്, മൂവ്, ഫൈറ്റ് എന്നിങ്ങനെ മൂന്നു ഭാഗങ്ങളാണ് ഒരുകപ്പൽ നിർമാണത്തിൽ പ്രധാനപ്പെട്ടത്. ആർക്കിടെക്ട്, എൻജിനിയറിങ് ഭാഗമാണ് ഫ്ലോട്ടിൽ ഉൾപ്പെടുന്നതെങ്കിൽ മെഷീനറിയും പ്രൊപ്പൽഷനുമൊക്കെയാണ് മൂവ് എന്നതിൽവരുന്നത്. ഫൈറ്റിലാണ് ആയുധങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ. ഇതിൽ ആദ്യത്തെ രണ്ടുഭാഗങ്ങളും ലോകനിലവാരമുള്ളതാണെന്നു സാക്ഷ്യപ്പെടുത്തിയാണ് വിക്രാന്തിന്റെ നിർമാണം പൂർത്തിയാക്കിയത്. വിക്രാന്തിന്റെ പോരാട്ടശേഷിയാണ് ഇനി അറിയാനുള്ളത്.

-വൈസ് അഡ്മിറൽ എം.എ. ഹംപിഹോളി, നാവികസേന ദക്ഷിണമേഖലാ മേധാവി

ആത്മവിശ്വാസത്തോടെ കൈമാറ്റം

വർഷങ്ങളോളംനീണ്ട വലിയൊരു പ്രക്രിയയിലൂടെയാണ് വിക്രാന്തെന്ന സ്വപ്നം വിജയകരമായി പൂവണിയിക്കാൻ കഴിഞ്ഞത്. ഇന്ത്യൻ വ്യവസായത്തിന്റെയും ഇന്ത്യൻ കപ്പൽവ്യവസായത്തിന്റെയും അറിവും അനുഭവസമ്പത്തും ആസൂത്രണവുമൊക്കെ നിർമാണത്തിൽ ഏറെ നിർണായകമായി. വിവിധഘട്ടങ്ങളിലുള്ള സമുദ്രപരീക്ഷണങ്ങൾ നടത്തിയാണ് വിക്രാന്ത് ഇപ്പോൾ കമ്മിഷൻ ചെയ്യുന്നത്. 2020 നവംബറിൽ ബേസിൻ ട്രയൽസ് നടത്തിയ വിക്രാന്ത് 2021-ൽ രണ്ടുതവണ സമുദ്രപരീക്ഷണം നടത്തി. ഈ വർഷം ജനുവരിയിൽ നടത്തിയ മൂന്നാമത്തെ പരീക്ഷണത്തിൽ വിശാഖപട്ടണത്തിലെ ഡി.ആർ.ഡി.ഒ. ലബോറട്ടറിയിലെ ശാസ്ത്രജ്ഞരുടെ സാന്നിധ്യവുമുണ്ടായിരുന്നു. നാലാംഘട്ട സമുദ്രപരീക്ഷണത്തിൽ അതിനിർണായകമായ പരിശോധനകളാണ് നടത്തിയത്. എല്ലാം വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഞങ്ങൾ വിക്രാന്ത് നാവികസേനയ്ക്കുകൈമാറിയത്.

മധു എസ്. നായർ, കൊച്ചി കപ്പൽശാലാ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ

Content Highlights: INS Vikranth

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..