വിക്രാന്ത്
കൊച്ചി: അറബിക്കടലിലേക്ക് ചെറുയുദ്ധക്കപ്പലുകളുടെ അകമ്പടിയോടെ ശനിയാഴ്ച പകൽ വിക്രാന്ത് നാലാംഘട്ട സമുദ്രപരീക്ഷണത്തിന് പുറപ്പെട്ടു; ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ആദ്യത്തെ വിമാനവാഹിനി യുദ്ധക്കപ്പൽ അടുത്തമാസം ആദ്യത്തെയോ രണ്ടാമത്തെയോ വാരത്തിൽ കമ്മിഷൻ ചെയ്യാനാണ് ഒരുക്കങ്ങൾ നടക്കുന്നത്. വിക്രാന്ത് സ്വന്തമാകുന്നതോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ നാവികശക്തികളിലൊന്നായി മാറും.
രണ്ടാഴ്ചയോളം നീളുന്നതാകും വിക്രാന്തിന്റെ നാലാംഘട്ട സമുദ്രപരീക്ഷണം. 2020 നവംബറിൽ ബേസിൻ ട്രയൽസ് നടത്തിയ വിക്രാന്ത് 2021-ൽ രണ്ടുതവണ സമുദ്ര പരീക്ഷണം നടത്തിയിരുന്നു. ഈ വർഷം ജനുവരിയിൽ നടത്തിയ മൂന്നാമത്തെ സമുദ്രപരീക്ഷണവും വിജയകരമായി പൂർത്തിയാക്കി. പ്രൊപ്പൽഷൻ ആൻഡ് സ്റ്റിയറിങ് ട്രയൽസിനു പ്രാമുഖ്യം നൽകുന്ന ഈ ഘട്ടത്തിൽ പല വേഗത്തിൽ ഓടിച്ചും അതിവേഗത്തിൽ ഗതിമാറ്റിയുമൊക്കെ പരീക്ഷണങ്ങളുണ്ടാകും.
ഒരാഴ്ചയിലേറെ നീണ്ട മൂന്നാം ഘട്ട സമുദ്രപരീക്ഷണത്തിൽ വിശാഖപട്ടണത്തിലെ ഡി.ആർ.ഡി.ഒ. ലബോറട്ടറിയിലെ ശാസ്ത്രജ്ഞരുടെ സാന്നിധ്യവുമുണ്ടായിരുന്നു. മുങ്ങിക്കപ്പലുകളെ തിരിച്ചറിയുന്നതിനും അതിനനുസരിച്ച് അതിവേഗം ഗതി മാറ്റുന്നതിനുമുള്ള പരീക്ഷണങ്ങളും ഈ ഘട്ടത്തിൽ നടത്തിയിരുന്നു.
കപ്പലിലെ സെൻസറുകൾ, റഡാറുകൾ, ദിശാനിർണയ ഉപകരണങ്ങൾ എന്നിവയൊക്കെ വീണ്ടും പരിശോധിച്ച് തിരിച്ചെത്തും. കമ്മിഷൻ ചെയ്ത ശേഷമായിരിക്കും യുദ്ധവിമാനങ്ങൾ ലാൻഡ് ചെയ്യാനുള്ള പരീക്ഷണങ്ങളിലേക്കു കടക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ ചെയ്യുന്നത് ഗോവയിലെ ഫൈറ്റർ പ്ലെയിൻ സ്ക്വാഡ്രനിലാകുമെന്നാണ് സൂചന.
രാജ്യത്ത് ഇതുവരെ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ കപ്പലായ വിക്രാന്തിന് 262 മീറ്റർ നീളവും 62 മീറ്റർ വീതിയുമുണ്ട്. രണ്ടു ഫുട്ബോൾ മൈതാനങ്ങൾക്കുതുല്യമായ വലിപ്പം. പൂർണമായും പ്രവർത്തനസജ്ജമാകുന്നതോടെ 20 യുദ്ധവിമാനങ്ങളും 10 ഹെലികോപ്റ്ററുകളും അടക്കം 30 എയർക്രാഫ്റ്റുകൾ വഹിക്കാൻ ശേഷിയുണ്ടാകും. 1700-ലേറെ നാവികരെ ഉൾക്കൊള്ളാനും മണിക്കൂറിൽ 28 നോട്ടിക്കൽമൈൽ വേഗത്തിൽ സഞ്ചരിക്കാനാകും.
കൊച്ചി കപ്പൽശാലയിൽ റഷ്യൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരുങ്ങുന്ന കപ്പലിന്റെ ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സംവിധാനം (ഐ.പി.എം.എസ്) ഒരുക്കുന്നത് ബെംഗളൂരു കേന്ദ്രമായ ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..