Vigilance | Photo: channel screengrab
തിരുവനന്തപുരം: ഹയർ സെക്കൻഡറി ഡയറക്ടറേറ്റിലും ഡെപ്യൂട്ടി ഡയറക്ടറേറ്റ് റീജണൽ ഓഫീസുകളിലും വിജിലൻസിന്റെ മിന്നൽപ്പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. എയ്ഡഡ് സ്കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനം, നിയമനം ക്രമവത്ക്കരിക്കൽ, ആനുകൂല്യങ്ങൾ പാസ്സാക്കൽ, പുതിയ തസ്തികകൾ സൃഷ്ടിക്കൽ തുടങ്ങിയവയ്ക്ക് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായ രഹസ്യവിവരത്തെത്തുടർന്നാണ് ’ഓപ്പറേഷൻ റെഡ് ടേപ്പ്’ എന്നപേരിൽ ഒരേസമയം വെള്ളിയാഴ്ച പരിശോധന നടത്തിയത്. കൈക്കൂലി നൽകാത്ത ഉദ്യോഗസ്ഥരുടെ ഫയലുകൾ മാറ്റിവയ്ക്കുന്നതായും വിജിലൻസിനു വിവരം ലഭിച്ചിരുന്നു.
സംസ്ഥാനത്തൊട്ടാകെ െപ്രാമോഷൻ തസ്തികയിലും നേരിട്ട് നിയമനം ലഭിക്കേണ്ട തസ്തികയിലും 733 നിയമനങ്ങൾ അംഗീകരിച്ചില്ലെന്നു കണ്ടെത്തി. ആനുകൂല്യങ്ങൾക്കുള്ള 66 ഫയലുകളിൽ റീജണൽ ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫീസുകൾ തീരുമാനമെടുത്തിട്ടില്ല.
തീരുമാനമാക്കാത്ത ഫയലുകൾ ഏറ്റവും കൂടുതൽ മലപ്പുറം ജില്ലാ ഓഫീസിലാണ്. ഇവിടെ നിയമനവുമായി ബന്ധപ്പെട്ട് 648 ഫയലുകൾ തീർപ്പാക്കിയില്ല. പ്രോവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട 28 ഫയലുകളടക്കം ഒട്ടുമിക്കവയിലും അനാവശ്യ കാലതാമസമുണ്ടായി.
കോട്ടയം റീജണൽ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ നിയമനങ്ങൾക്കുള്ള 30, മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റിനുള്ള ഏഴ്, ലീവ് ആനുകൂല്യങ്ങളുടെ നാലും ഫയലുകളിൽ തീരുമാനം അനാവശ്യമായി വൈകിപ്പിക്കുന്നു. അധ്യാപകരുടെ വിവിധ ആവശ്യങ്ങൾക്കുള്ള 54 ഫയലുകൾ അംഗീകരിച്ചെങ്കിലും പേയ്മെന്റ് നടത്തിയില്ല.
എറണാകുളം റീജണൽ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ നിയമനത്തിനുള്ള 50 അധ്യാപകരുടെ അപേക്ഷകളിലെ പത്ത് ഫയലുകളിൽ നടപടിയെടുത്തില്ല. 2018-ലെ ഓഡിറ്റ് റിപ്പോർട്ടിലെ പോരായ്മകളും പരിഹരിച്ചില്ല. പ്രോവിഡന്റ് ഫണ്ട് ക്ലോസ് ചെയ്യാനുള്ള അപേക്ഷ മാറ്റിവെച്ചു.
തിരുവനന്തപുരം റീജണൽ ഡയറക്ടറേറ്റിൽ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് കണ്ടെത്തിയ മാനേജ്മെന്റുകളുടെ ക്രമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വർഷങ്ങളായി നടപടികളും എടുത്തില്ല. അധ്യാപകരുടെ ആനുകൂല്യങ്ങൾക്കുള്ള നിരവധി ഫയലുകളിലും തീർപ്പായില്ല.
ക്രമക്കേട് കണ്ടെത്തിയ ഫയലുകൾ വരുംദിവസങ്ങളിൽ വിശദമായി പരിശോധിക്കുമെന്ന് വിജിലൻസ് മേധാവി മനോജ് എബ്രഹാം അറിയിച്ചു. വിജിലൻസ് ഐ.ജി. എച്ച്.വെങ്കിടേഷ്, പോലീസ് സൂപ്രണ്ട് ഇ.എസ്.ബിജുമോൻ, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സി.വിനോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..