ജോബി ജോർജിന്റെ മൃതദേഹം കോട്ടയം പോലീസ് ക്ലബ്ബിൽ പൊതുദർശനത്തിന് വച്ചപ്പോൾ കാണാനെത്തിയ സഹോദരങ്ങളായ ജോളി ജോർജും ജോർട്ടി ജോർജും.
പൊൻകുന്നം: ജോലിയിലെ സമർപ്പണത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമായ ജോബി ജോർജ് ഇനി നിത്യസ്മരണ. ചീട്ടുകളിസംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് രാമപുരം എസ്.ഐ. ജോബി ജോർജ് കെട്ടിടത്തിന് മുകളിൽനിന്ന് വീണുമരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം തിങ്കളാഴ്ച പൊൻകുന്നം ഇരുപതാംമൈൽ ഇടത്തംപറമ്പ് വാഴേപ്പറമ്പ് വീട്ടിലെത്തിച്ചു. ചൊവ്വാഴ്ച 11-ന് പൊൻകുന്നം തിരുക്കുടുംബ ഫൊറോനാ പള്ളി സെമിത്തേരിയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തും.
മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽനിന്ന് തിങ്കളാഴ്ച ഉച്ചയോടെ കോട്ടയം പോലീസ് ക്ലബ്ബിലെത്തിച്ചു. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ഭാരവാഹികളും പോലീസ് അസോസിയേഷൻ ഭാരവാഹികളും ഉണ്ടായിരുന്നു. അവിടെനിന്ന് വിലാപയാത്രയായി, ജോബി ജോലിചെയ്തിരുന്ന രാമപുരം പോലീസ് സ്റ്റേഷനിലേക്ക്. എന്തിനും മുന്നിൽനിന്ന് നയിച്ചിരുന്ന സഹപ്രവർത്തകന്റെ ചേതനയറ്റ ദേഹം എത്തിച്ചപ്പോൾ രാമപുരം സ്റ്റേഷൻ നിശ്ശബ്ദമായി. വിങ്ങലോടെ സഹപ്രവർത്തകർ സല്യൂട്ട് നൽകി. മന്ത്രി റോഷി അഗസ്റ്റിൻ പുഷ്പചക്രം സമർപ്പിച്ചു. ശനിയാഴ്ച രാത്രി 11-ന് ഈ സ്റ്റേഷനിൽനിന്നാണ് അവസാനമായി ജോബി പടിയിറങ്ങിപ്പോയത്.
മൃതദേഹം വിലാപയാത്രയായി പൊൻകുന്നം 20-ാംമൈൽ വാഴേപ്പറമ്പിൽ കുടുംബവീട്ടിലെത്തിച്ചപ്പോൾ അമ്മ അന്നക്കുട്ടി ജോർജിന്റെയും ഭാര്യ ബിന്ദുവിന്റെയും മകൾ അൽഫോൻസയുടെയും ദുഃഖം അണപൊട്ടി. ഒപ്പം ജോലിചെയ്തിരുന്നവരും പൊൻകുന്നം സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അവിടെയുണ്ടായിരുന്നു.
ജോബിയുടെ ജ്യേഷ്ഠൻ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലെ സീനിയർ ക്ളാർക്ക് ജോർടി ജോർജും അനുജൻ ജോളി ജോർജും ഒപ്പമുണ്ടായിരുന്നു. മന്ത്രി വി.എൻ.വാസവൻ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.
Content Highlights: Joby George Ramapuram SI ponkunnam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..