പ്രതീകാത്മകചിത്രം | Mathrubhumi archives
തിരുവനന്തപുരം: പ്രതിപക്ഷത്തിനുപിന്നാലെ കെ-ഫോൺ പദ്ധതിക്കായി ഉപയോഗിക്കുന്ന കേബിളിന്റെ ഗുണനിലവാരത്തിൽ വിമർശനമുന്നയിച്ച് ഓഡിറ്റർ ജനറലിന്റെ (എ.ജി.) റിപ്പോർട്ടും. ഒരു കമ്പനി നൽകിയ കേബിളിന്റെ ഒാപ്റ്റിക്കൽഭാഗം പൂർണമായും ചൈനയിൽനിന്ന് ഇറക്കുമതിചെയ്തതെന്ന് ഓഡിറ്റർ ജനറൽ (എ.ജി.)യുടെ കണ്ടെത്തൽ.
കരാർ ഏറ്റെടുത്ത കൺസോർഷ്യത്തിൽ പങ്കാളിയായ എൽ.എസ്. കേബിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഒാപ്റ്റിക്കൽ ഗ്രൗണ്ട് വയർ (ഒ.പി.ജി.ഡബ്ല്യു. ) ‘മെയ്ക്ക് ഇൻ ഇന്ത്യ’ മാനദണ്ഡം പാലിച്ചിട്ടുണ്ടോയെന്നും ഓഡിറ്റർമാർ സംശയം പ്രകടിപ്പിച്ചു. കേബിളിന് അംഗീകാരം നൽകിയതിലൂടെ കെ-ഫോൺ പദ്ധതിയുടെ നടത്തിപ്പുകാരായ കെ.എസ്.ഐ.ടി.ഐ.എൽ. ഈ കമ്പനിക്ക് അനർഹമായ സഹായം ചെയ്തെന്നും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്.
കെ-ഫോണിന് വാങ്ങുന്ന ഉത്പന്നങ്ങൾ കേന്ദ്രസർക്കാർ നിശ്ചയിച്ച് ‘മെയ്ക്ക് ഇൻ ഇന്ത്യ’ മാനദണ്ഡം പാലിക്കണമെന്ന് ടെൻഡറിൽ വ്യവസ്ഥയുണ്ട്. ഉത്പന്നഘടകങ്ങളിൽ 55 ശതമാനം പ്രദേശികമായി ഉത്പാദിച്ചിട്ടുണ്ടെങ്കിൽ മാത്രമേ ‘മെയ്ക്ക് ഇൻ ഇന്ത്യ’ അംഗീകാരം നൽകാനാവൂ. എന്നാൽ, ഒ.പി.ജി.ഡബ്ല്യു. കേബിളിന്റെ പരമപ്രധാന ഭാഗം ഒാപ്റ്റിക്കൽ യൂണിറ്റാണ്. കേബിളിന്റെ 60-70 ശതമാനംവരെ വരുമിത്. കൂടാതെ എൽ.എസ്. കേബിളിന്റെ ഹരിയാണയിലെ ഫാക്ടറിയിൽ ഒാപ്റ്റിക്കൽ യൂണിറ്റ് നിർമിക്കാനുള്ള സംവിധാനമില്ല. ചൈനയിൽനിന്ന് ഇറക്കുമതിചെയ്ത ഒാപ്റ്റിക്കൽ യൂണിറ്റിന് അലൂമിനിയത്തിന്റെ ആവരണം നൽകുന്ന ജോലി മാത്രമാണ് എൽ.എസ്. കേബിൾ ഹരിയാണയിൽ ചെയ്യുന്നത്.
ഫാക്ടറി സന്ദർശിച്ച കെ.എസ്.ഐ.ടി.ഐ.എൽ. പ്രതിനിധികൾക്ക് ഇക്കാര്യമെല്ലാം ബോധ്യമുണ്ടൊയിരുന്നു. എന്നിട്ടും കേബിൾ നൽകിയ രേഖകൾ അപ്പാടേ അംഗീകരിച്ച കെ.എസ്.ഐ.ടി.ഐ.എൽ. നടപടി വിചിത്രമാണെന്ന് ഓഡിറ്റർമാർ കുറ്റപ്പെടുത്തി.
രാജ്യത്ത് രണ്ടു കമ്പനികൾ ഇത്തരം കേബിൾ നിർമിക്കുന്നുണ്ട്. ഇതുവാങ്ങാൻ എൽ.എസ്. കേബിൾ കന്പനി തയ്യാറായിട്ടില്ല. പദ്ധതിക്കുവേണ്ടി ചൈനയിൽനിന്ന് ഒാപ്റ്റിക്കൽ യൂണിറ്റ് ഇറക്കുമതി ചെയ്യേണ്ടി വന്നതിന്റെ സാഹചര്യവും കമ്പനി വ്യക്തമാക്കുന്നില്ല. ഗുണനിലവാരം ഉറപ്പാക്കാനാവില്ലെന്ന് കെ.എസ്.ഇ.ബി. നേരത്തേ മുദ്രകുത്തിയ ചൈനയിലെ ടി.ജി.ജി. എന്ന കമ്പനിയിൽനിന്നാണ് ഒപ്റ്റിക്കൽ യൂണിറ്റ് വാങ്ങിയതും. 220 കെ.വി. ലൈനിനുവേണ്ടി കെ.എസ്.ഇ.ബി. പതിവായി വാങ്ങുന്ന വയറിനെക്കാൾ ആറുമടങ്ങ് വില നൽകേണ്ടിവന്നതായും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
Content Highlights: K-fon chinese cable audit report


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..