വിലക്കില്ല, പക്ഷേ വിധേയമാകണം;തരൂരിന്‌ കത്ത് നൽകാൻ കെ.പി.സി.സി. അച്ചടക്കസമിതി ശുപാർശ


അനിഷ് ജേക്കബ്

1 min read
Read later
Print
Share

ശശി തരൂർ

തിരുവനന്തപുരം: പാർട്ടിസംവിധാനങ്ങൾക്കും രീതിക്കും വിധേയമായിവേണം പ്രവർത്തിക്കാനെന്ന് ശശി തരൂരിനോട് കോൺഗ്രസ് നിർദേശിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന അച്ചടക്കസമിതി ഇതുസംബന്ധിച്ച ശുപാർശ കെ.പി.സി.സി. പ്രസിഡന്റിന് നൽകാൻ തീരുമാനിച്ചു.

ഏതു പരിപാടിക്കുമുള്ള ക്ഷണം പാർട്ടിയുടെ നേതാവെന്ന നിലയിൽ ശശി തരൂരിനു സ്വീകരിക്കാം. അതിൽ പങ്കെടുക്കുകയും ചെയ്യാം. എന്നാൽ, പരിപാടി നടക്കുന്ന ജില്ലയിലെ ഡി.സി.സി. അറിയണം. പാർട്ടിയുടെ വ്യവസ്ഥാപിത രീതിയാണിത്. മുതിർന്ന നേതാക്കളടക്കം ഇതു പാലിക്കാറുണ്ട്. ഇപ്പോൾ തരൂർ നടത്തിയതു പാർട്ടിവിരുദ്ധ പ്രവർത്തനമാണെന്ന അഭിപ്രായം അച്ചടക്കസമിതിക്കില്ല. എന്നാൽ, ബന്ധപ്പെട്ട പാർട്ടിഘടകങ്ങളെ അറിയിക്കാതെയുള്ള പോക്ക് സമാന്തരപ്രവർത്തനമെന്നും വിഭാഗീയ പ്രവർത്തനമെന്നുമുള്ള തെറ്റിദ്ധാരണ നേതാക്കളിൽവരെ സൃഷ്ടിച്ചു. ഈ സാഹചര്യത്തിലാണു കത്ത് നൽകാൻ അച്ചടക്ക സമിതി തീരുമാനിച്ചത്.

തരൂരിന്റെ മലബാർ പര്യടനവും മറ്റും സമാന്തര പ്രവർത്തനമാണെന്ന ചിന്തയുണ്ടാക്കാൻ ഇടയായെന്ന് അച്ചടക്കസമിതി വിലയിരുത്തി. പര്യടനത്തെക്കുറിച്ച് ഒട്ടേറെ പരാതികൾ കെ.പി.സി.സി. അച്ചടക്ക സമിതിക്കു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമിതി യോഗം ചേർന്നത്.

തീരുമാനങ്ങൾ വിശദീകരിക്കാൻ അച്ചടക്കസമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ പത്രസമ്മേളനം വിളിച്ചെങ്കിലും കൂടുതൽ മാധ്യമവ്യാഖ്യാനങ്ങൾ വരാൻ സാധ്യതയുള്ള സാഹചര്യത്തിൽ ഉപേക്ഷിക്കുകയായിരുന്നു.

തരൂരിനെ നിരീക്ഷിച്ച് കോൺഗ്രസ് നേതൃത്വം

: സംസ്ഥാനത്ത് സജീവമാകാൻ ശശി തരൂർ എം.പി. നടത്തുന്ന ശ്രമങ്ങൾക്ക് പിന്നിൽ മറ്റ് അജൻഡകളുണ്ടോയെന്ന് കോൺഗ്രസ് നേതൃത്വം നിരീക്ഷിക്കുന്നു. കോൺഗ്രസ് ദേശീയ നേതൃത്വവും തരൂരിന്റെ നീക്കങ്ങളെ സൂക്ഷ്മമായി വീക്ഷിക്കുകയാണ്.

വിഭാഗീയപ്രവർത്തനം അനുവദിക്കേണ്ടെന്നാണ് മുതിർന്നനേതാക്കളുടെയിടയിലുള്ള ധാരണ. ദേശീയ നേതൃത്വത്തിന്റെ പിന്തുണയില്ലാതെ സംസ്ഥാന ഘടകത്തിന്റെ നേതൃത്വത്തിലേക്ക് കോൺഗ്രസിൽ ഒരു നേതാവിനും പെട്ടെന്ന് ഉയർന്നുവരാൻ കഴിയില്ല. ഹൈക്കമാൻഡ് ചുമതലപ്പെടുത്തിയതിന്റെ ഭാഗമായല്ല തരൂർ സംസ്ഥാനത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതും. ഇതാണ് സംസ്ഥാന നേതാക്കൾക്ക് സംശയത്തിന്റെ പുരികമുയരാൻ കാരണം.

ഇതേസമയം, താൻ നേതൃത്വം പിടിച്ചെടുക്കാനും ഗ്രൂപ്പുണ്ടാക്കാനുമൊന്നും ഇല്ലെന്ന് തരൂർ വ്യക്തമാക്കുന്നു. എൻ.എസ്.എസിലെ പരിപാടിയോടെ തരൂരിന്റെ ആദ്യഘട്ടം കഴിയും. തുടർന്ന് അദ്ദേഹം പുലർത്തുന്ന നിലപാടുകളെ ആശ്രയിച്ചായിരിക്കും കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം.

Content Highlights: k p c c, shashi tharoor,

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..