കെ. ശങ്കരനാരായണൻ അന്തരിച്ചു


സംസ്ഥാന ധനമന്ത്രിയും ഇന്ത്യയുടെ ധനകാര്യതലസ്ഥാനമെന്ന്‌ അറിയപ്പെടുന്ന മഹാരാഷ്ട്രയുടെ ഗവർണറുമായിരുന്ന അദ്ദേഹം 1985 മുതൽ 2001 വരെ യു.ഡി.എഫ്. കൺവീനറുമായിരുന്നു.

കെ.ശങ്കരനാരായണൻ

പാലക്കാട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയും മഹാരാഷ്ട്രയുൾപ്പെടെ ആറ്‌ സംസ്ഥാനങ്ങളുടെ ഗവർണറുമായിരുന്ന കെ. ശങ്കരനാരായണൻ (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖംമൂലം ശേഖരീപുരം ‘അനുരാധ’ വീട്ടിൽ വിശ്രമത്തിലായിരുന്നു. ‍ഞായറാഴ്ചരാത്രി ഒമ്പതരയോടെയായിരുന്നു മരണം.

സംസ്ഥാന ധനമന്ത്രിയും ഇന്ത്യയുടെ ധനകാര്യതലസ്ഥാനമെന്ന്‌ അറിയപ്പെടുന്ന മഹാരാഷ്ട്രയുടെ ഗവർണറുമായിരുന്ന അദ്ദേഹം 1985 മുതൽ 2001 വരെ യു.ഡി.എഫ്. കൺവീനറുമായിരുന്നു. ഏറ്റവുമധികം കാലം യു.ഡി.എഫിനെ ഏകോപിപ്പിച്ച് മുന്നോട്ടുനയിച്ചെന്ന ഖ്യാതി ശങ്കരനാരായണനുണ്ട്. കുറിക്കുകൊള്ളുന്ന വാക്കുകളിലൂടെ യു.ഡി.എഫ്. കൺവീനർ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നു. കമ്യൂണിസ്റ്റ് കോട്ടയായ ഷൊർണൂരിൽ വില്ലേജ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായി പൊതുരംഗത്തെത്തിയ ശങ്കരനാരായണൻ ഒറ്റപ്പാലം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി, പ്രസിഡന്റ് തുടങ്ങി പടിപടിയായി ഉയർന്ന് 1956-ൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായി. 1962 മുതൽ 1968 വരെ പാലക്കാട് ജില്ലാ കോൺഗ്രസ് പ്രസിഡന്റ്, 1968 മുതൽ കെ.പി.സി.സി. ജനറൽസെക്രട്ടറി, തുടർന്ന്‌ സംഘടനാകോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ എന്നീ ചുമതലകൾ വഹിച്ചു. നിജലിംഗപ്പ, കാമരാജ്, എസ്.കെ. പാട്ടീൽ എന്നിവർക്കൊപ്പം സംഘടനാകോൺഗ്രസിന്റെ വർക്കിങ് കമ്മിറ്റി അംഗവുമായി. അടിയന്തരാവസ്ഥക്കാലത്ത് ജയിൽജീവിതവും അനുഭവിച്ചു.

ഷൊർണൂർ പൈങ്കുളം കടീക്കൽ തറവാട്ടിൽ ലക്ഷ്മിയമ്മയുടെയും റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന ഷൊർണൂർ അണിയത്ത് ശങ്കരൻനായരുടെയും മൂത്ത മകനായി 1932 ഒക്ടോബർ 15-നാണ് ജനനം. ഷൊർണൂർ കെ.വി.ആർ. ഹൈസ്കൂളിലും ഷൊർണൂർ ഹൈസ്കൂളിലുമായിട്ടായിരുന്നു പഠനം. 1955-ൽ ഷൊർണൂരിൽ ‘മാതൃഭൂമി’യുടെ പ്രാദേശികലേഖകനായിരുന്നു. ഏജൻസിയുമുണ്ടായിരുന്നു. വി.എം. നായരായിരുന്നു അന്ന് മാനേജിങ് ഡയറക്ടർ. 10 രൂപ ശമ്പളത്തിന് ‘മാതൃഭൂമി’യിൽ ജോലിയെടുത്ത ആ കാലത്തെക്കുറിച്ച് എപ്പോഴും ഓർത്തിരുന്നു.

1977-ൽ അഞ്ചാം കേരള നിയമസഭയിലേക്ക് തൃത്താലയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 1980-ൽ ശ്രീകൃഷ്ണപുരത്തുനിന്നും 1987-ൽ ഒറ്റപ്പാലത്തുനിന്നും പിന്നീട് 2001-ൽ പാലക്കാട്ടുനിന്നും തിരഞ്ഞെടുക്കപ്പെട്ടു. ശ്രീകൃഷ്ണപുരത്തും ഒറ്റപ്പാലത്തും ഓരോതവണ തോറ്റിട്ടുമുണ്ട്. 1977-ൽ തൃത്താലയിൽനിന്ന്‌ വിജയിച്ചപ്പോൾ മുഖ്യമന്ത്രി കെ. കരുണാകരന്റെ മന്ത്രിസഭയിലും തുടർന്ന്, എ.കെ. ആന്റണിയുടെ മന്ത്രിസഭയിലും കൃഷി, ഗ്രാമവികസനം, ചെറുകിടജലസേചനം, ക്ഷീരവികസനവകുപ്പ്‌ എന്നിവയുടെ ചുമതല വഹിച്ചിരുന്നു. 2001 മുതൽ 2004 വരെ എ.കെ. ആന്റണി മന്ത്രിസഭയിൽ ധനം, എക്‌സൈസ് വകുപ്പുകളുടെ ചുമതല വഹിച്ചു. നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ, ഗവ. അഷ്വറൻസ് കമ്മിറ്റി ചെയർമാൻ എന്നീ ചുമതലകളും വഹിച്ചു.

2007-ലാണ് നാഗാലൻഡ്‌ ഗവർണറായി നിയമിതനാവുന്നത്. 2009 വരെ തുടർന്നു. ഈ കാലയളവിൽ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് സുഗമമായി നടത്തിയെടുക്കാനായത് ഔദ്യോഗികജീവിതത്തിലെ തിളക്കമേറിയ ഭാഗമാണ്. 2009-ൽ ഝാർഖണ്ഡ് ഗവർണറായി. ഇവിടെയും തിരഞ്ഞെടുപ്പ് നടത്തി ജനാധിപത്യസർക്കാരിനെ അധികാരത്തിലെത്തിച്ചു. അരുണാചൽപ്രദേശ്, അസം എന്നിവിടങ്ങളുടെ അധികച്ചുമതലയും വഹിച്ചു. 2010-ൽ മഹാരാഷ്ട്ര ഗവർണറായി. 2014 വരെ തുടർന്നു. 2011ൽ ഗോവയുടെ അധികച്ചുമതല വഹിച്ചു. 2014 ഓഗസ്റ്റ്‌ 24-ന് മിസോറാമിലേക്ക് സ്ഥലംമാറ്റിയപ്പോൾ രാജിവെച്ചു. തുടർന്ന്, പാലക്കാട് ശേഖരീപുരത്തെ ‘അനുരാധ’യിലായിരുന്നു താമസം. ഇടയ്ക്കെല്ലാം പൊതുവേദികളിലും കോൺഗ്രസ് വേദികളിലും പ്രത്യക്ഷപ്പെട്ടും കുറിക്കുകൊള്ളുന്ന വാക്കുകളിൽ ചുറ്റുമുള്ളതിനെ വിമർശിച്ചും അദ്ദേഹം സജീവമായിരുന്നു. ‘അനുപമം ജീവിതം’ എന്ന പേരിൽ ആത്മകഥാപരമായ പുസ്തകം എഴുതിയിട്ടുണ്ട്.

ഭാര്യ: വടക്കഞ്ചേരി ആയക്കാട് കണ്ടംമൂർക്കത്ത് തറവാട്ടിൽ അംഗമായിരുന്ന പരേതയായ പ്രൊഫ. കെ. രാധ. മകൾ: അനുപമ. മരുമകൻ: അജിത് ഭാസ്കർ (ബിസിനസ്, എറണാകുളം)

സഹോദരങ്ങൾ: പരേതനായ ബാലകൃഷ്ണൻ, ബെംഗളൂരു എച്ച്.എം.ടി.യിൽനിന്ന് വിരമിച്ച പരേതനായ സേതുമാധവൻ, ശാരദ, സരള.

കെ. ശങ്കരനാരായണന്റെ മൃതദേഹത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ ശേഖരീപുരത്തെ വീട്ടിൽ അന്ത്യോപചാരമർപ്പിക്കുന്നതിന് അവസരമൊരുക്കിയിട്ടുണ്ട്. തുടർന്ന് ഡി.സി.സി. ഓഫീസിൽ പൊതുദർശനത്തിനായി എത്തിക്കും. വൈകീട്ട് നാലോടെ മൃതദേഹം തൃശ്ശൂർ ചെറുതുരുത്തിയ്ക്കടുത്തുള്ള തറവാട്ടുവീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം വൈകീട്ട് അഞ്ചരയോടെ ചെറുതുരുത്തി പൈങ്കുളത്തിനടുത്തുള്ള കടീയ്ക്കൽ തറവാട്ടുവളപ്പിൽ നടക്കും.

Content Highlights: K Sankara Narayanan Passes Away

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..