ത്യാഗഭരിതം ശങ്കരനാരായണന്‍റെ രാഷ്ട്രീയ ജീവിതം


20ലേറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍, ആറ് സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍

കെ ശങ്കരനാരായണൻ ഭാര്യ രാധയൊക്കൊപ്പം രാജ് ഭവനിൽ. | ഫോട്ടോ: മാതൃഭൂമി

പോരാട്ടമായിരുന്നു ശങ്കരനാരായണന്റെ രാഷ്ട്രീയജീവിതം മുഴുവന്‍. കൈ പിടിച്ചുകയറ്റാന്‍ ഗോഡ് ഫാദര്‍മാരുണ്ടായില്ല. അതുകൊണ്ടുതന്നെ അധികമാരോടും വലിയ അടുപ്പമുണ്ടായില്ല. പ്രവര്‍ത്തകരിലായിരുന്നു വിശ്വാസമേറെയും.

തൃത്താലയിലും ഒറ്റപ്പാലത്തും കമ്യൂണിസ്റ്റ് കോട്ടയില്‍ വിള്ളല്‍ വീഴ്ത്താന്‍ പാര്‍ട്ടി നിയോഗിച്ചത് ശങ്കരനാരായണനെ. പല മണ്ഡലങ്ങളിലായി ആറുതവണ മത്സരിച്ചു. നാല് ജയം. തോല്‍വികളെല്ലാം എതിരാളികളുടെ മേന്മ കൊണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തിനുറപ്പുണ്ടായിരുന്നു. ചിലപ്പോഴെങ്കിലും പാരകളുണ്ടായി. എങ്കിലും ഏറ്റെടുത്ത ദൗത്യം വിജയിപ്പിച്ചുവെന്ന ചാരിതാര്‍ഥ്യമുണ്ടായിരുന്നു.

1977-ല്‍ ആദ്യം നിയോഗിച്ചത് തൃത്താലയിലായിരുന്നു. പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അന്ന് ജയിച്ചതും മന്ത്രിയായതും. ശ്രീകൃഷ്ണപുരത്തായിരുന്നു പിന്നീട് മത്സരിച്ചത്. 1980-ല്‍ ജയിച്ചു. 1982-ല്‍ സി.പി.എമ്മിലെ ഇ. പദ്മനാഭനോട് പരാജയം. 1987-ല്‍ ഒറ്റപ്പാലത്ത് വി.സി. കബീറിനെ അട്ടിമറിച്ച് മണ്ഡലം കോണ്‍ഗ്രസിന്റേതാക്കി.

1991-ല്‍ ഇവിടെ പഴയ എതിരാളികള്‍ ഏറ്റുമുട്ടിയപ്പോള്‍ പരാജയം.

2001-ല്‍ സി.പി.എമ്മിന്റെ ടി.കെ. നൗഷാദില്‍നിന്ന് പാലക്കാട് മണ്ഡലം തിരിച്ചുപിടിച്ചു. സംസ്ഥാന ധനകാര്യമന്ത്രിയുമായി.

അതിനുശേഷം മത്സരരംഗത്തുണ്ടായില്ല. എന്നാല്‍, മുന്നണിയില്‍ കോണ്‍ഗ്രസിന്റെ മുഖമായും പാര്‍ട്ടിയില്‍ എ ഗ്രൂപ്പിന്റെ പോര്‍മുഖമായും രംഗത്തുണ്ടായിരുന്നു.

ത്യാഗഭരിതം രാഷ്ട്രീയജീവിതം

ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാന്‍പോലും കഴിയാത്തത്ര കഷ്ടപ്പാടുകള്‍ നിറഞ്ഞ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഏറ്റവും മുതിര്‍ന്ന കണ്ണിയാണ് ശങ്കരനാരായണന്‍. കേരളത്തില്‍ത്തന്നെ ഏറ്റവും തലമുതിര്‍ന്ന നേതാവ്. മക്കള്‍രാഷ്ട്രീയത്തിന് പേരുകേട്ട ഇക്കാലത്ത് പാര്‍ട്ടി വില്ലേജ് കമ്മിറ്റി സെക്രട്ടറി മുതലുള്ള പ്രവര്‍ത്തനം പലര്‍ക്കും ആലോചിക്കാനാവില്ല. ഗോഡ് ഫാദര്‍മാരില്ലാതിരുന്ന ശങ്കരനാരായണന്റെ വളര്‍ച്ച സംശുദ്ധപ്രവര്‍ത്തനത്തിനുള്ള അംഗീകാരമായിരുന്നു.

കമ്യൂണിസ്റ്റ് കോട്ടയെന്നറിയപ്പെടുന്ന ഷൊര്‍ണൂരിലാണ് ജനനം. ഒറ്റപ്പാലത്തും പാലക്കാടും കമ്യൂണിസ്റ്റ് കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തി പാര്‍ട്ടിയേല്‍പ്പിച്ച ദൗത്യങ്ങള്‍ ഭംഗിയായി നിറവേറ്റി. പാര്‍ട്ടി ഓഫീസുകളില്‍ കിടന്നുറങ്ങിയിരുന്ന, എട്ടും പത്തും കിലോമീറ്ററുകള്‍ മണിക്കൂറുകളോളം നടന്ന് പ്രവര്‍ത്തിച്ചിരുന്ന കാലം. വാളയാറില്‍ പാര്‍ട്ടിയോഗം കഴിയുമ്പോള്‍ തിരിച്ചുപോരാന്‍ വണ്ടിയില്ല; കനത്ത മഴയും. മുണ്ട് തലയില്‍ കെട്ടി നനഞ്ഞുനടന്നതൊക്കെ അന്നത്തെ ത്യാഗഭരിതമായ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഉദാഹരണമായിരുന്നു. ഡി.സി.സി. പ്രസിഡന്റായിരുന്നപ്പോള്‍ എ.കെ. ആന്റണിയും മറ്റ് നേതാക്കന്മാരും വന്നാലും കിടപ്പ് പാര്‍ട്ടി ഓഫീസില്‍ത്തന്നെ. അവിടെ എല്ലാവരുംകൂടെ കഞ്ഞി വെക്കും.

യു.ഡി.എഫ്. കണ്‍വീനറെന്ന നിലയില്‍ 17 വര്‍ഷം എല്ലാവരെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുപോകാനായത് ചില്ലറക്കാര്യമല്ല. അന്നത്തെ വിവിധ പാര്‍ട്ടികളുടെ നേതാക്കളുടെ നേതൃഗുണമാണ് ഇതിനു പിന്നിലെന്ന് ശങ്കരനാരായണന്‍ പറയുമായിരുന്നു. കെ. കരുണാകരന്‍, എ.കെ. ആന്റണി, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, കെ.എം. മാണി, ടി.എം. ജേക്കബ്, ബാലകൃഷ്ണപ്പിള്ള തുടങ്ങി എല്ലാ നേതാക്കളുടെയും സഹകരണമുണ്ടായി.

ഗ്രൂപ്പുപോര് ശക്തമായ കാലത്ത് എ.കെ. ആന്റണിക്കൊപ്പം ഉറച്ചുനിന്നു. താന്‍ രാജിവക്കുമെന്ന് ആന്റണി പ്രഖ്യാപിച്ച് നേതൃത്വത്തെ ഞെട്ടിച്ചപ്പോള്‍ ചത്താലും താന്‍ കൂടെയുണ്ടാകുമെന്ന് ഉറപ്പിച്ചയാള്‍. ആന്റണി രാജിവെച്ചപ്പോള്‍ മുഖ്യമന്ത്രിക്കസേര തൊട്ടടുത്തെത്തിയതായി തോന്നിയ നിമിഷമുണ്ടായിരുന്നു. എന്നാല്‍, അത് തട്ടിത്തെറിച്ചപ്പോഴും ആരോടും ദേഷ്യം പ്രകടിപ്പിച്ചില്ല.

20ലേറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍, ആറ് സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍

നാഗാലാന്‍ഡ് മുതല്‍ മഹാരാഷ്ട്രവരെ ആറ് സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍, പോയേടത്തെല്ലാം ജനാധിപത്യത്തിന്റെ കാവലാളായി മാറിയ പൊതുപ്രവര്‍ത്തകന്‍... അനുഭവങ്ങള്‍ രൂപപ്പെടുത്തിയ വ്യക്തിത്വമായിരുന്നു കെ. ശങ്കരനാരായണന്റേത്. ശേഖരീപുരത്തെ 'അനുരാധ'യുടെ സ്വീകരണമുറിയില്‍ പലപ്പോഴും ആ അനുഭവങ്ങള്‍ അടുപ്പക്കാര്‍ക്കുമുന്നില്‍ ചെറിയ വാചകങ്ങളില്‍ വാര്‍ന്നുവീണു. ഷൊര്‍ണൂരില്‍നിന്ന് പത്താംക്ലാസ് പഠനം കഴിഞ്ഞ ശങ്കരനാരായണന്റെ പാഠശാല പിന്നീട് സമൂഹമായിരുന്നു. ഷൊര്‍ണൂരില്‍ കോണ്‍ഗ്രസ് വില്ലേജ് കമ്മിറ്റി സെക്രട്ടറിയായി തുടങ്ങിയ അദ്ദേഹം മികച്ച വാഗ്മിയും കൃത്യതയോടെ കാര്യങ്ങള്‍ പഠിക്കുന്ന ഭരണാധികാരിയുമായി മാറിയതിന് തുടക്കമിട്ടത് ഷൊര്‍ണൂരിലും പാലക്കാട്ടുംനിന്ന് നേടിയെടുത്ത ജീവിതനിരീക്ഷണങ്ങളാണ്. പാലക്കാട് ജില്ലയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തമായിരുന്ന കാലത്താണ് അദ്ദേഹം ജില്ലാനേതൃത്വത്തിലെത്തുന്നത്. അക്കാലം മുതല്‍ പാലക്കാട്ട് വിശ്രമജീവിതം നയിക്കുന്ന കാലം വരെ രാഷ്ട്രീയനിറം നോക്കാതെ സൗഹൃദം കാത്തുസൂക്ഷിച്ചതും ഈ തിരിച്ചറിവുകളില്‍നിന്നാണ്.

2001-ല്‍ പാലക്കാട് നിയമസഭാമണ്ഡലത്തില്‍നിന്ന് വിജയിച്ചപ്പോഴാണ് കെ. ശങ്കരനാരായണന്‍ സംസ്ഥാന ധന, എക്സൈസ് മന്ത്രിയാവുന്നത്. ശരിക്കും മുള്‍മുനയായ ഈ വകുപ്പുകളെ അദ്ദേഹം തികഞ്ഞ കൈയടക്കത്തോടെ നയിച്ചു. പാലക്കാട് മണ്ഡലത്തില്‍ ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട അദ്ദേഹം അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറായില്ല. പാര്‍ട്ടിഭാരവാഹിയും എം.എല്‍.എ.യും മന്ത്രിയും യു.ഡി.എഫ്. കണ്‍വീനറുമൊക്കെയായി ഒരുപാട് ചുമതലകള്‍ വഹിച്ച ശങ്കരനാരായണന് ഗവര്‍ണര്‍ ചുമതലയും ഭാരമായില്ല. ഇരുപതിലേറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയും അദ്ദേഹം ഗവര്‍ണറായിരിക്കെ വഹിച്ചിരുന്നു.

നാഗാലാന്‍ഡില്‍ ഗവര്‍ണറായെത്തിയപ്പോള്‍ നാഗാ കലാപകാരികള്‍ വലിയ തലവേദനയൊന്നും സൃഷ്ടിക്കാതിരുന്നതിന് കാരണം നേര്‍ക്കുനേരേയുള്ള ഇടപെടലായിരുന്നു. ഝാര്‍ഖണ്ഡിലും നയം വ്യത്യസ്തമായിരുന്നില്ല. ആറുമാസം സൗജന്യറേഷനും ആദിവാസി പെണ്‍കുട്ടികള്‍ക്കായി 12,500 റേഷന്‍കടകളും അനുവദിച്ച് ജനകീയനായി. വാര്‍ധക്യപെന്‍ഷന്‍, അധ്യാപകരെ സ്ഥിരപ്പെടുത്തല്‍ തുടങ്ങിയവകൂടി പിന്നാലെയെത്തി. നാഗാലാന്‍ഡിലും ഝാര്‍ഖണ്ഡിലും സുഗമമായി നിയമസഭാതിരഞ്ഞെടുപ്പ് നടത്തി ജനകീയഭരണത്തിലേക്ക് തിരിച്ചെത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

കാമരാജിന്റെ 'ശിവന്ത പയ്യന്‍'

തമിഴ്‌നാടിനോട് ചേര്‍ന്നുകിടക്കുന്ന പാലക്കാടന്‍ മണ്ണില്‍ വളര്‍ന്നതുകൊണ്ടാകാം, കാമരാജായിരുന്നു രാഷ്ട്രീയഗുരു. ഒരു കാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ 'കിങ് മേക്കറാ'യിരുന്നു സ്വാതന്ത്ര്യസമരത്തിലൂടെ രാഷ്ട്രീയരംഗത്തെത്തിയ കാമരാജ്. തമിഴ്‌നാട്ടില്‍ ആദര്‍ശരാഷ്ട്രീയത്തിന്റെ വിത്തുപാകിയയാള്‍. പ്രധാനമന്ത്രിയാകാന്‍ അവസരമുണ്ടായിട്ടും വേണ്ടെന്ന് പറഞ്ഞയാള്‍. അതുകൊണ്ടാവണം, ശങ്കരനാരായണന്‍ സംഘടനാബോധം വിട്ടുകളിച്ചിട്ടില്ല, ഒരിക്കലും. എ.ഐ.സി.സി. പ്രസിഡന്റായിരുന്ന കാമരാജിന് ശങ്കരനാരായണനോട് പ്രത്യേകവാത്സല്യമായിരുന്നു. വെളുത്തുതുടുത്ത മുഖവും ശരീരപ്രകൃതിയുമുണ്ടായിരുന്ന ശങ്കരനാരായണന് അദ്ദേഹമിട്ട പേര് 'ശിവന്ത പയ്യന്‍' എന്നായിരുന്നു.

അദ്ദേഹം പാര്‍ട്ടി പ്രസിഡന്റായിരുന്നപ്പോള്‍ പ്രസംഗം പരിഭാഷപ്പെടുത്താന്‍ കൂടെ നടന്നുണ്ടാക്കിയ ബന്ധം അവസാനംവരെ തുടര്‍ന്നു.

കോയമ്പത്തൂരില്‍ കാമരാജിന്റെ പ്രസംഗം കേള്‍ക്കാന്‍ ആദ്യകാലത്ത് പോകുമായിരുന്നു. പാലക്കാട് ഡി.സി.സി. പ്രസിന്റായിരുന്നപ്പോള്‍ കോട്ടമൈതാനത്ത് അദ്ദേഹത്തെ കൊണ്ടുവന്ന് പ്രസംഗിപ്പിച്ചു. വിയര്‍പ്പിന്റെ മണമുള്ള ലീഡറായിരുന്നു കാമരാജെന്ന് ശങ്കരനാരായണന്‍ എന്നും ഓര്‍ക്കുമായിരുന്നു. ജി.കെ. മൂപ്പനാരും എസ്. വെങ്കിട്ടരാമനുമൊക്കെയുള്ള സദസ്സില്‍ അദ്ദേഹം ചോദിക്കും: ''അന്ത കേരളക്കാരന്‍ പയ്യന്‍ എങ്കേ? ശിവന്ത പയ്യന്‍ എങ്കേ?''

ആ കാമരാജിന്റെ അടുക്കളയില്‍വരെ പ്രവേശനമുണ്ടായിരുന്നയാളാണ് ശങ്കരനാരായണന്‍. അടിയന്തരാവസ്ഥക്കാലത്ത് ജയിലിലായിരുന്നപ്പോഴാണ് കാമരാജിന്റെ മരണമറിയുന്നത്. കരഞ്ഞുപോയി. ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പരോള്‍ കിട്ടി. ചെന്നൈയില്‍ പോയി ചടങ്ങിനുശേഷം കരഞ്ഞുകൊണ്ടാണ് മടങ്ങിയതും.

കാമരാജിനോടുള്ള താത്പര്യമായിരുന്നു സംഘടനാകോണ്‍ഗ്രസിലെത്തിച്ചത്. ഇന്ദിരാഗാന്ധിയോട് എതിര്‍പ്പൊന്നുമുണ്ടായില്ല. പക്ഷേ, കാമരാജുള്ളിടമാണ് ശരിയെന്ന തോന്നലായിരുന്നു. ഇന്ദിരാഗാന്ധിക്കെതിരായുള്ളവരൊക്കെ അടിയന്തരാവസ്ഥക്കാലത്ത് ജയിലിലായി. ഇ.എം.എസും എ.കെ.ജി.യും വി.എസ്. അച്യുതാനന്ദനുമൊക്കെയുണ്ടായിരുന്നു ജയിലില്‍.

Content Highlights: k sankaranarayanan political life

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..