കെ. സുധാകരൻ | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ
തിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടനാകാര്യങ്ങളിൽ തീർപ്പുണ്ടാകാത്തതിൽ കെ.പി.സി.സി. എക്‌സിക്യുട്ടീവ് യോഗത്തിൽ വിമർശനം. സമവായമുണ്ടാക്കി പട്ടിക സമർപ്പിക്കാൻ ജില്ലകളിലേക്ക് നേതാക്കളെ അയച്ചെങ്കിലും തുടർനടപടികളിൽ വ്യക്തതയില്ലെന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി. കെ.പി.സി.സി.യിൽനിന്ന് വ്യക്തമായ മാർഗനിർദേശമില്ലാത്തതിനാൽ മുന്നോട്ടുപോകാനാകുന്നില്ലെന്നാണ് പരാതി.
കെ.പി.സി.സി.യിൽ ലഭിക്കുന്ന പേരുകളിൽ തീർപ്പുണ്ടാക്കുന്നതിൽ വ്യക്തതയില്ലാത്തതിനാൽ ഗ്രൂപ്പ് നേതൃത്വം പേരുകൾ നൽകാൻ വൈമനസ്യം കാട്ടുകയാണെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഈ വിമർശനത്തോട് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ ശക്തമായ ഭാഷയിൽ പ്രതികരിച്ചു. ‘‘ഭാരവാഹികളുടെ പേരിനായി ഒരു ഗ്രൂപ്പുനേതാവിന്റെയും തിണ്ണയിലേക്ക് നിങ്ങൾ പോകേണ്ട’’ എന്നായിരുന്നു സുധാകരന്റെ മറുപടി.
തയ്യാറാക്കുന്ന ചുരുക്കപ്പട്ടിക കെ.പി.സി.സി.ക്ക് സമർപ്പിച്ചാൽ മതി. ഗ്രൂപ്പുകൾ പട്ടിക തന്നില്ലെങ്കിൽ വേണ്ട. ഡി.സി.സി, ബ്ലോക്ക്തലത്തിലുള്ളവരെയൊക്കെ അറിയാം. അവരിൽനിന്ന് കെ.പി.സി.സി. ഭാരവാഹികളെ വെക്കുമെന്നും സുധാകരൻ വ്യക്തമാക്കി.
ജോസി സെബാസ്റ്റ്യൻ, എ.എ. ഷുക്കൂർ, അബ്ദുൾ മുത്തലിബ്, എം.എം. നസീർ തുടങ്ങിയവരാണ് പുനഃസംഘടനാപ്രശ്നം ഉന്നയിച്ചത്. വൈക്കംസത്യാഗ്രഹ ശതാബ്ദി പ്രമാണിച്ച് ചേർന്ന കെ.പി.സി.സി എക്‌സിക്യുട്ടീവ് യോഗമായിരുന്നു വേദി.
ഡി.സി.സി., ബ്ലോക്ക് പുനഃസംഘടനയ്ക്ക് ഡി.സി.സി. പ്രസിഡന്റിനെയും ജില്ലയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയെയുമാണ് ചർച്ചയ്ക്ക് ചുമതലപ്പെടുത്തിയത്. ജില്ലകളിൽ പുനഃസംഘടനാസമിതിയുമുണ്ടാക്കി. ജില്ലയിലെ മുതിർന്ന നേതാക്കളുമായി ചർച്ചചെയ്ത് സമവായാടിസ്ഥാനത്തിൽ പട്ടിക നൽകണമെന്നായിരുന്നു ആദ്യ നിർദേശം. ചർച്ച കഴിഞ്ഞപ്പോഴേക്കും ഇത്തരം ചുരുക്കപ്പട്ടിക നൽകേണ്ടെന്നും ജില്ലകളിൽനിന്ന് നിർദേശിക്കുന്ന മുഴുവൻ പേരുകളും കെ.പി.സി.സി.ക്ക് സമർപ്പിച്ചാൽ മതിയെന്നുമുള്ള നിർദേശമെത്തി.
ഇത് വലിയ പ്രതിഷേധത്തിനിടയാക്കി. അധികാരമില്ലാത്ത കമ്മിറ്റിയിൽ തുടരുന്നതിൽ അർഥമില്ലെന്ന് പറഞ്ഞ് പല മുതിർന്ന നേതാക്കളും വിട്ടുനിന്നു. തുടർന്ന് നിർദേശം വീണ്ടും പുതുക്കി. ചുരുക്കപ്പട്ടികയും ചർച്ചകളിൽ ഉയർന്ന പേരുകളും വെവ്വേറെ നൽകാനായിരുന്നു നിർദേശം. ഈ പേരുകൾ പരിഗണിക്കാനുള്ള മാർഗനിർദേശമൊന്നും കെ.പി.സി.സി. വ്യക്തമാക്കിയിട്ടില്ല. അതിനാൽ ഗ്രൂപ്പുകൾ പേരുകൾ നിർദേശിച്ചിട്ടുമില്ല.
കെ.പി.സി.സി. അംഗങ്ങളായി 60 പേരെ വെച്ചത് ഏകപക്ഷീയമായിട്ടാണെന്ന വിമർശനം എ, ഐ ഗ്രൂപ്പുകൾ പാർട്ടിയിൽ ഉയർത്തുന്നുണ്ട്. പരാതിയെത്തുടർന്ന് പട്ടിക ഹൈക്കമാൻഡ് അംഗീകരിച്ചിട്ടില്ല. സംഘടനാതല കാര്യങ്ങൾക്ക് കെ.പി.സി.സി.തലത്തിൽ ആലോചനാസമിതി വേണമെന്നാണ് ഗ്രൂപ്പ് നേതൃത്വങ്ങളുടെ നിലപാട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സമവായത്തിന് മുൻതൂക്കംനൽകുന്ന ഹൈക്കമാൻഡ് ഇക്കാര്യം പരിഗണിച്ചുവരികയാണ്.
Content Highlights: k Sudhakaran on Congress reorganization
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..