ശാഖയെ 'സംരക്ഷിച്ച്' കുടുങ്ങി സുധാകരന്‍


2 min read
Read later
Print
Share

കെ. സുധാകരൻ | Photo: Mathrubhumi

കണ്ണൂർ: സംഘടനാ കോൺഗ്രസ് വിഭാഗം കെ.എസ്.യു.വിൽ പ്രവർത്തിക്കുമ്പോൾ എടക്കാട് മണ്ഡലത്തിലെ ചിലയിടങ്ങളിൽ ആർ.എസ്.എസിന്റെ ശാഖകൾ സംരക്ഷിക്കാൻ ആളെ അയച്ച്‌ സഹായം നൽകിയിട്ടുണ്ടെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. ശാഖകൾ തകർക്കാനും അടിച്ചുപൊളിക്കാനും സി.പി.എം. ശ്രമിച്ചപ്പോൾ പൗരൻമാരുടെ ആവിഷ്കാരസ്വാതന്ത്ര്യം സംരക്ഷിക്കുക എന്ന ജനാധിപത്യപരമായ കടമ നിർവഹിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു.

കണ്ണൂരിൽ സി.എം.പി. സംഘടിപ്പിച്ച എം.വി.ആർ. ചരമവാർഷിക പരിപാടിയുടെ ഉദ്ഘാടനപ്രസംഗത്തിലാണ് എം.വി. രാഘവനെ സി.പി.എം. അക്രമത്തിൽനിന്ന് രക്ഷിച്ച കാര്യം സൂചിപ്പിക്കവെ ആർ.എസ്.എസിനെ സംരക്ഷിച്ച കാര്യവും സുധാകരൻ പറഞ്ഞത്. ആർ.എസ്.എസിനോട് ആഭിമുഖ്യമുള്ളതുകൊണ്ടല്ല, എല്ലാവർക്കും പ്രവർത്തിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതായിരിക്കണം ജനാധിപത്യ മതേതരസമൂഹത്തിൽ ഉണ്ടാകേണ്ടത് എന്ന വിശ്വാസംകൊണ്ടുമാത്രമാണ് അങ്ങനെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. എം.വി.ആറിനെ സി.പി.എം. അക്രമിക്കാൻ ശ്രമിച്ചപ്പോൾ അവിടെയും സംരക്ഷിക്കാൻ എത്തിയിട്ടുണ്ട്-സുധാകരൻ പറഞ്ഞു.

പ്രസംഗം ദുർവ്യാഖ്യാനം ചെയ്തു- സുധാകരൻ

കണ്ണൂർ: ആർ.എസ്.എസിന് സംരക്ഷണം നൽകിയിരുന്നുവെന്ന് പ്രസംഗിച്ചതായുള്ള വാർത്ത തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെന്ന് കെ.പി.സി.സിസി. പ്രസിഡന്റ് കെ. സുധാകരൻ പത്രക്കുറിപ്പിൽ അറിയിച്ചു. ജനാധിപത്യ അവകാശങ്ങൾ ധ്വംസിക്കപ്പെടുന്നിടത്ത് എന്നും ശക്തമായി പ്രതികരിച്ച പ്രസ്ഥാനമാണ് കോൺഗ്രസെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.

എം.വി. രാഘവനെതിരേ നടന്നിട്ടുള്ള അക്രമസംഭവങ്ങളുടെ ചരിത്രവുമായി ബന്ധപ്പെട്ടാണ് പ്രസംഗിച്ചത്. അതിലെ ഒരു ഭാഗം അടർത്തിയെടുത്ത് മനഃപൂർവം വിവാദം ഉണ്ടാക്കുകയാണ് ചിലർ. കണ്ണൂരിൽ സി.എം.പി.യുടെയും സി.പി.എമ്മിന്റെയും ഓഫീസുകൾ തകർപ്പെട്ടപ്പോൾ അവർക്കും സംരക്ഷണം നൽകിയിട്ടുണ്ട്. ആർ.എസ്.എസിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ദുർവ്യാഖ്യാനം മാധ്യമസൃഷ്ടിയാണെന്നും സുധാകരൻ അറിയിച്ചു.

സുധാകരന്റെ സഹായം വേണ്ട-ബി.ജെ.പി.

കണ്ണൂർ: കെ. സുധാകരന്റെ സംരക്ഷണത്തിന്റെ ചിറകിലല്ല ആർ.എസ്.എസ്. കേരളത്തിൽ വളർന്നതെന്നും സുധാകരനും സുധാകരന്റെ പാർട്ടിയും ആർ.എസ്.എസിനെ നശിപ്പിക്കാനേ ശ്രമിച്ചിട്ടുള്ളൂവെന്നും ബി.ജെ.പി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് പറഞ്ഞു.

ആർ.എസ്.എസ്., ബി.ജെ.പി. പ്രവർത്തകരെ സി.പി.എം. കൊന്നൊടുക്കുമ്പോൾ എവിടെയായിരുന്നു സുധാകരൻ. ബി.ജെ.പി.ക്ക് നിയമസഭയിൽ അംഗമില്ലാത്ത സമയം ഈ കൊലകൾക്കെതിരേ നിയമസഭയിൽ ചെറുവിരലനക്കാൻ സുധാകരൻ തയ്യാറായോയെന്നും അദ്ദേഹം ചോദിച്ചു.

കോൺഗ്രസിന്റെത് മൃദുഹിന്ദുത്വം - എം.വി. ഗോവിന്ദൻ

കണ്ണൂർ: ആർ.എസ്.എസിന് കോൺഗ്രസ് സംരക്ഷണം നൽകിയ കാര്യം കെ.പി.സി.സി. പ്രസിഡന്റ് പരസ്യമായി പറഞ്ഞത് നന്നായെന്നും

ബി.ജെ.പി.യിലേക്ക് പോകാൻ തയ്യാറാണെന്ന് അദ്ദേഹം നേരത്തേതന്നെ വ്യക്തമാക്കിയതാണെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ബി.ജെ.പി.ക്കൊപ്പം ചേർന്ന് മൃദുഹിന്ദുത്വം സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: k sudhakaran rss shakha remark controversy

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..