കെ. സുരേന്ദ്രന്റെ ‘പൂതന’ പരാമർശം: സി.പി.എമ്മിനെ വെട്ടിലാക്കി കോൺഗ്രസ്


1 min read
Read later
Print
Share

വൈകി പ്രതികരിച്ച് നേതാക്കൾ

വി.ഡി. സതീശൻ, പിണറായി വിജയൻ| Photo: Mathrubhumi

തിരുവനന്തപുരം: സി.പി.എമ്മിലെ വനിതാനേതാക്കളെ ‘പൂതന’മാരായി ചിത്രീകരിച്ച് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രസ്താവനയിൽ ‘ഗോളടിച്ച്’ കോൺഗ്രസ്. സി.പി.എം. നേതാക്കൾപോലും പ്രതികരിക്കാൻ മടിച്ചുനിന്ന ഘട്ടത്തിൽ അതിന്റെ രാഷ്ട്രീയം തിരിച്ചറിഞ്ഞാണ് കോൺഗ്രസ് രംഗത്തെത്തിയത്.

സി.പി.എമ്മിനെ വെട്ടിലാക്കി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ്. നായർ മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും പരാതി നൽകുകയും ചെയ്തു. ഇതിനുശേഷമാണ് ഡി.വൈ.എഫ്.ഐ. പോലീസിൽ പരാതിനൽകിയത്.

സുരേന്ദ്രന്റെ പരാമർശത്തിൽ സി.പി.എമ്മിനും അതിലെ വനിതാനേതാക്കൾക്കും എതിർപ്പില്ലാത്തതിൽ സംശയം പ്രകടിപ്പിച്ച് കെ.പി.സി.സി. ഉപാധ്യക്ഷൻ വി.ടി. ബൽറാമാണ് ആദ്യം പ്രതികരിച്ചത്. പിന്നാലെ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. സി.പി.എമ്മിലെ വനിതാനേതാക്കളെ അപമാനിച്ചിട്ട് അവർക്ക് പരാതിയില്ലെങ്കിലും ഞങ്ങൾക്ക് പരാതിയുണ്ടെന്നായിരുന്നു സതീശന്റെ പ്രതികരണം.

തുടർന്നാണ് വീണ പരാതി നൽകിയത്. വനിതാനേതാക്കളെ പൂതനയോട് ഉപമിച്ച് ശരീര അധിക്ഷേപം നടത്തിയെന്നാണ് വീണയുടെ പരാതി.

സുരേന്ദ്രന്റെ വിലകുറഞ്ഞ വാക്കുകളോട് പ്രതികരിക്കേണ്ടെന്ന പൊതുനിലപാടാണ് സി.പി.എം. നേതാക്കൾ സ്വീകരിച്ചത്. കെ.കെ. ശൈലജ അടക്കമുള്ളവർ ഇക്കാര്യം തുറന്നുപറയുകയുംചെയ്തു. കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങൾ പാർട്ടിയെ സംശയത്തിലാക്കുന്ന പ്രചാരണമായി മാറിയതോടെ മന്ത്രി മുഹമ്മദ് റിയാസ് സുരേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരേ രംഗത്തെത്തി.

ഡി.വൈ.എഫ്.ഐ. തൃശ്ശൂർ ജില്ലാ ജോയന്റ് സെക്രട്ടറി സുകന്യ പോലീസിൽ പരാതിയും നൽകി. പരാമർശം ജാതി-മത-രാഷ്ട്രീയ വിഭാഗങ്ങൾക്കിടയിൽ കലാപം ഉണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെയാണെന്ന് പരാതിയിൽ പറയുന്നു.

സി.പി.എം. ചുണ്ടനക്കാത്തതെന്ത്

സി.പി.എമ്മിന്റെ വനിതാനേതാക്കളെ സഭ്യേതരമായ രീതിയിൽ അപമാനിച്ചിട്ടും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ചുണ്ടനക്കാത്തത് എന്തുകൊണ്ടാണ്? ബി.ജെ.പി.യുമായുള്ള സ്നേഹബന്ധത്തിന്റെ ഭാഗമാണിത്. സുരേന്ദ്രൻ പ്രസ്താവന തിരുത്തി മാപ്പുപറയണം. അല്ലെങ്കിൽ സർക്കാർ കേസ് എടുക്കണം- വി.ഡി. സതീശൻ, പ്രതിപക്ഷ നേതാവ്

ഓരോരുത്തരും അവരവരുടെ സംസ്‌കാരം പറയുന്നു

ഓരോരുത്തരും അവരവരുടെ സംസ്കാരമാണ് പറയുന്നത്. അത് ആ പ്രസ്ഥാനത്തിന്റെ നിലവാരമായിക്കണ്ട് തീരുമാനം എടുക്കണം. ശരീരാധിക്ഷേപം പരിശോധിക്കേണ്ട വിഷയമാണ്. ഞങ്ങൾ നാവുകൊണ്ടുമാത്രം യുദ്ധം ചെയ്യുന്നവരല്ല. ഇതെല്ലാം ജനങ്ങളെ ബോധ്യപ്പെടുത്തും. അധിക്ഷേപത്തെപ്പോലും പ്രതിപക്ഷം രാഷ്ട്രീയവത്കരിക്കുകയാണ്- മന്ത്രി പി.എ. മുഹമ്മദ് റിയാസ്

Content Highlights: K. Surendran's 'Puthana' remark, Congress, CPM

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..