ജീവിതത്തിലേക്ക് കൈപിടിച്ചുനടന്നത് ഏഴുമണിക്കൂർ


1 min read
Read later
Print
Share

കേരള കോൺഗ്രസ് (ജോസഫ്) സംസ്ഥാനകമ്മിറ്റി അംഗം കവളപ്പാറ കണ്ടംചിറയിൽ വീട്ടിൽ കെ.യു. ജോർജ്, സഹോദരൻ ജോയി, ജോയിയുടെ ഭാര്യ സരിത, മകൾ ജെന്ന എന്നിവരാണ് കൺമുമ്പിൽ മനുഷ്യജീവനുകൾ പിടയുന്നതുകണ്ട് ജീവിതത്തിനും മരണത്തിനും ഇടയിൽപ്പെട്ട അവസ്ഥയിലുള്ളത്

•  ഒഡിഷ തീവണ്ടിയപകടശേഷം കെ.യു. ജോർജ് നാട്ടിലേക്ക് തീവണ്ടിയിൽ യാത്രതിരിച്ചപ്പോൾ

ചേലക്കര(തൃശ്ശൂർ): ‘‘ഓടിക്കൊണ്ടിരിക്കേ തീവണ്ടി പെട്ടെന്ന് ആടിയുലയാൻ തുടങ്ങി. പൊടുന്നനെ ഒരുവശത്തേക്ക് ചെരിഞ്ഞു. ബാഗും മൊബൈൽഫോണും മുകളിൽക്കിടന്ന ആളുകളുംവരെ താഴെവീണു. കൂരിരുട്ടിൽ എവിടെത്തിരിഞ്ഞാലും അലമുറയിട്ട് കരയുന്നവർ.

പേടിച്ചുവിറച്ച് കൈയിൽ കിട്ടിയ ബാഗുമെടുത്ത് കുടുംബത്തോടൊപ്പം തീവണ്ടിയിൽനിന്നിറങ്ങി. പരിചയമില്ലാത്ത സ്ഥലത്തുകൂടെ കുടുംബാംഗങ്ങളെ ചേർത്തുപിടിച്ച് ജീവിതത്തിലേക്ക് നടന്നുകയറിയത് ഏഴുമണിക്കൂറിനൊടുവിൽ’’ -ഒഡിഷയിലെ അപകടത്തിൽപ്പെട്ട തൃശ്ശൂർ ചേലക്കര സ്വദേശികളുടെ വാക്കുകളാണിത്.

കവളപ്പാറ കണ്ടംചിറയിൽ വീട്ടിൽ കെ.യു. ജോർജ്, സഹോദരൻ ജോയി, ജോയിയുടെ ഭാര്യ സരിത, മകൾ ജെന്ന എന്നിവരാണ് കൺമുമ്പിൽ മനുഷ്യജീവനുകൾ പിടയുന്നതുകണ്ട് ജീവിതത്തിനും മരണത്തിനും ഇടയിൽപ്പെട്ട അവസ്ഥയിലായത്.

പട്ടാളക്കാരനായ ജോയിയുടെ വിരമിക്കൽച്ചടങ്ങിൽ പങ്കെടുക്കാനായി 26-നാണ് സഹോദരനായ ജോർജും ജോയിയുടെ ഭാര്യ സരിതയും മകൾ ജെന്നയും കൊൽക്കത്തയിലേക്ക്‌ പുറപ്പെട്ടത്. 31-നുനടന്ന വിരമിക്കൽ ചടങ്ങിനുശേഷം നാലുപേരും വെള്ളിയാഴ്ച 3.20-ന് ഷാലിമാറിൽനിന്ന്‌ ചെന്നൈവരെ കോറമണ്ഡൽ എക്സ്പ്രസിലും ചെന്നൈയിൽനിന്ന് ഷൊർണൂരിലേക്ക് ചെന്നൈ-മംഗളൂരു എക്സ്പ്രസിലുമായി നാട്ടിലെത്താനാണ് ബുക്ക്ചെയ്തത്.

രാത്രി ഏഴോടെ ബാലസോറിൽ തീവണ്ടി പാളംതെറ്റി ആടിയുലയുകയായിരുന്നെന്ന് ജോർജ് പറഞ്ഞു. മുകളിലെ ബെർത്തിൽ കിടക്കുകയായിരുന്നു. കമ്പിയിൽപ്പിടിച്ച് വീഴാതെ കിടന്നു -ജോർജ് പറഞ്ഞു.

‘‘ഫോണിന്റെ വെളിച്ചത്തിൽ കുടുംബാംഗങ്ങളെ തിരഞ്ഞ് കണ്ടെത്തി. ബി-1, ബി-2, ബി-3 എന്നീ ബോഗികളൊഴിച്ച് മുമ്പിലുള്ള ബാക്കിയെല്ലാം അപകടത്തിൽ ചിതറിക്കിടക്കുന്ന അവസ്ഥയായിരുന്നു. ജോയി ഉടനെ സഹപ്രവർത്തകരെ വിവരമറിയിച്ചു. തീവണ്ടിയിൽനിന്ന് ഇറങ്ങാൻ നാട്ടുകാർ സഹായിച്ചു.

പ്രദേശവാസികൾ ജനറേറ്ററും മറ്റുമുപയോഗിച്ച് പ്രദേശത്ത് വെളിച്ചമെത്തിച്ചു. പിന്നീട് കാണുന്നത് ബോഗികളും മനുഷ്യശരീരവുമെല്ലാം ചിതറികിടക്കുന്നതാണ്‌. ഒട്ടേറെ ആംബുലൻസുകളെത്തി. ജീവനുള്ളവരെ തിരഞ്ഞുള്ള നെട്ടോട്ടമായിരുന്നു.

കണ്ണിൽ ടോർച്ചടിച്ച് ജീവനുണ്ടോയെന്ന് പരിശോധിച്ചു. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട കുടുംബാംഗങ്ങൾ, തീവണ്ടിയിലെ ഇരുമ്പുഭാഗങ്ങളും ചില്ലുമെല്ലാം തുളച്ചുകയറി വേദനയിൽ പിടയുന്ന സ്ത്രീകളും കുട്ടികളും.

പാതിമരിച്ച മനസ്സുമായി എങ്ങോട്ടുപോകണമെന്നറിയാതെ കുടുംബാംഗങ്ങളെയും ചേർത്തുപിടിച്ച് വെളിച്ചമുള്ള ഭാഗം ലക്ഷ്യമാക്കി നടന്നു’’ -ജോർജ് ഇടറിയ വാക്കുകളിൽ പറഞ്ഞു.

സഹോദരന്റെ സഹപ്രവർത്തകരെത്തിയപ്പോഴാണ് ആശ്വാസമായത്. അവർക്കൊപ്പം വീണ്ടും കിലോമീറ്ററുകൾനീണ്ട യാത്ര. ഒടുവിൽ, പ്രത്യേക സർവീസ് അനുവദിച്ച തീവണ്ടിയിലാണ് ചെന്നൈയിലേക്ക് തിരിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെ ചെന്നൈയിലെത്തി. ഞായറാഴ്ച വൈകീട്ടോടെ വീട്ടിലെത്തും.

Content Highlights: K.U George shares his experience After the Odisha train accident

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..