കെ. വിദ്യ
കൊച്ചി: കാസര്‍കോട് കരിന്തളം ഗവ. കോളേജ്, പാലക്കാട് പത്തിരിപ്പാല ഗവ. കോളേജ് എന്നിവിടങ്ങളില്‍ കെ. വിദ്യ ഹാജരാക്കിയ വ്യാജസര്‍ട്ടിഫിക്കറ്റ് അധികൃതര്‍ പരിശോധിച്ചിരുന്നില്ലേയെന്ന് സംശയമുയരുന്നു. അട്ടപ്പാടി ഗവ. കോളേജില്‍ അഭിമുഖസമയത്തുതന്നെ പാനലിലുണ്ടായിരുന്നവര്‍ക്ക് തോന്നിയ സംശയം എന്തുകൊണ്ടാണ് മറ്റു കോളേജുകളിലെ അധികൃതര്‍ക്ക് തോന്നാതിരുന്നത്...?
മഹാരാജാസ് കോളേജിലെ മലയാളവിഭാഗം പൂര്‍വവിദ്യാര്‍ഥിയായിരുന്ന വിദ്യ കാസര്‍കോട് തൃക്കരിപ്പൂര്‍ മണിയനോടി സ്വദേശിനിയാണ്.
2018-ല്‍ ഗസ്റ്റ് ലക്ചററായിരുന്നെന്ന എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റില്‍ പറയുന്ന സമയത്ത് വിദ്യയുടെ ബിരുദാന്തരബിരുദ പരീക്ഷാഫലംപോലും വന്നിട്ടില്ലെന്ന് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ പറയുന്നു. രണ്ടുകോളേജിലും ഒരു വര്‍ഷംവീതം വിദ്യ ഗസ്റ്റ് ലക്ചററായി സേവനമനുഷ്ഠിച്ചു. എന്നിട്ടും ഈ രേഖകള്‍ പരിശോധിച്ചില്ലെന്നത് ഗുരുതരപിഴവാണ്.
അഭിമുഖവേളയില്‍ ഒറിജിനല്‍ പരിശോധിച്ചശേഷം പകര്‍പ്പ് സൂക്ഷിക്കുകയും ഉദ്യോഗാര്‍ഥിക്ക് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് മടക്കിനല്‍കുകയുമാണ് പതിവ്. രേഖകള്‍ പരിശോധിക്കാതെ രാഷ്ട്രീയശുപാര്‍ശപ്രകാരമുള്ള നിയമനമാണോ ഈ കോളേജുകളില്‍ നടന്നതെന്ന സംശയമാണുയരുന്നത്.
കാസര്‍കോട് കരിന്തളം കോളേജില്‍ ബുധനാഴ്ച അഞ്ചംഗഗവേണിങ് കൗണ്‍സില്‍ ചേര്‍ന്നു. വിദ്യ സമര്‍പ്പിച്ച എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ ആധികാരിത പരിശോധിക്കാന്‍ തീരുമാനിച്ചു. ഇതിനായി എറണാകുളം മഹാരാജാസ് കോളേജിലേക്ക് ഓണ്‍ലൈന്‍ ആയി സ്‌കാന്‍ചെയ്ത പകര്‍പ്പ് അയച്ചുനല്‍കി. മഹാരാജാസില്‍നിന്നുള്ള മറുപടിക്കുശേഷമാകും പോലീസില്‍ പരാതിനല്‍കുന്നകാര്യത്തില്‍ തീരുമാനമെടുക്കുക.
എത്ര സ്റ്റേഷനില്‍ കേസെടുക്കും
അട്ടപ്പാടിയിലേതിനുപുറമേ വിദ്യ ജോലിചെയ്തിരുന്ന കാസര്‍കോട് കരിന്തളം ഗവ. കോളേജിലും പാലക്കാട് പത്തിരിപ്പാല ഗവ. കോളേജിലും ഒരേരേഖയാണ് ഹാജരാക്കിയത്. അങ്ങനെയെങ്കില്‍ ഏതു പോലീസ് സ്റ്റേഷനിലാകും കേസെടുത്ത് അന്വേഷിക്കുകയെന്ന ചോദ്യം അവശേഷിക്കുന്നു. പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷിക്കേണ്ട കേസാണിത്. അതേക്കുറിച്ച് പോലീസ് സൂചനകളൊന്നും പുറത്തുവിട്ടിട്ടില്ല. കാലടി സര്‍വകലാശാലയിലെ വിദ്യയുടെ പിഎച്ച്.ഡി. പ്രവേശനം സംബന്ധിച്ച സംവരണ അട്ടിമറി വാര്‍ത്തകൂടി വന്നതോടെ കേസിന്റെ ഗൗരവം വീണ്ടും കൂടി.
Content Highlights: K vidya forged document guest lecturer appointment


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..