കല്ലുവാതുക്കൽ മദ്യ ദുരന്തം; മണിച്ചനെ വിടാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്ത് സര്‍ക്കാര്‍


അനീഷ് ജേക്കബ്‌

33 പേരെ മോചിപ്പിക്കാൻ ഗവർണർക്ക് ശുപാർശ

മണിച്ചൻ

തിരുവനന്തപുരം: കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി ചന്ദ്രൻ എന്ന മണിച്ചനെ ജയിൽമോചിതനാക്കാൻ സർക്കാർ. ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട മണിച്ചൻ 20 വർഷം തടവ് പൂർത്തിയാക്കിയെന്ന കാരണംപറഞ്ഞാണിത്. മണിച്ചനടക്കം വിവിധ കേസുകളിൽപ്പെട്ട 33 പേരുടെ ശിക്ഷ ഇളവുചെയ്ത് ജയിൽമോചിതരാക്കാനാണ് മന്ത്രിസഭാ തീരുമാനം.

മന്ത്രിസഭയുടെ ശുപാർശ അംഗീകാരത്തിനായി ഗവർണർക്ക് സമർപ്പിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രാപ്തിയുടെ 75-ാം വാർഷികം പ്രമാണിച്ച്‌ ആസാദി കാ അമൃത് ആഘോഷത്തിന്റെ ഭാഗമായാണ് മണിച്ചനടക്കമുള്ളവർക്ക് കൂട്ടമോചനം നൽകുന്നത്.

31 പേർ മരിക്കുകയും ആറുപേർക്ക് കാഴ്ചനഷ്ടമാകുകയും 500 പേർ ചികിത്സതേടുകയുംചെയ്ത മദ്യദുരന്തക്കേസിലെ പ്രതിയായതിനാൽ രാജ്ഭവൻ മണിച്ചന്റെ ജയിൽമോചനമെന്ന ആവശ്യത്തെ ഗൗരവമായാണ് കാണുന്നത്. മൂന്നാഴ്ചയായിട്ടും ഗവർണർ അംഗീകാരം നൽകിയിട്ടില്ല. മണിച്ചന്റെ സഹോദരങ്ങളായ കൊച്ചനി, മണികണ്ഠൻ എന്നിവർക്ക് ശിക്ഷാ ഇളവ് നൽകി കഴിഞ്ഞവർഷം വിട്ടയച്ചിരുന്നു.

മോചനതീരുമാനം മുദ്രവെച്ച് കോടതിയിൽ

കഴിഞ്ഞയാഴ്ച മണിച്ചന്റെ മോചനമാവശ്യപ്പെട്ട് ഭാര്യ നൽകിയ ഹർജി സുപ്രീംകോടതി പരിഗണിച്ചപ്പോൾ മുദ്രവെച്ച കവറിൽ സംസ്ഥാനസർക്കാർ ചില വിവരങ്ങൾ കോടതിയിൽ നൽകാൻ ശ്രമിച്ചു. മോചനക്കാര്യമായിരുന്നു ഇതിൽ എന്നാണ് സൂചന. എന്നാൽ, മുദ്രവെച്ച കവർ സ്വീകരിക്കാൻ വിസമ്മതിച്ച കോടതി വിവരങ്ങൾ സത്യവാങ്മൂലമായി നൽകാൻ നിർദേശിച്ചു.

ശിക്ഷ ജീവപര്യന്തവും മറ്റൊരു 43 വർഷവും

വ്യാജമദ്യദുരന്ത കേസിൽ മണിച്ചന് 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തവും ഗൂഢാലോചന, ഗൂഢാലോചനയ്ക്ക് കൂട്ടുനിൽക്കൽ, കാഴ്ചനഷ്ടപ്പെടുത്തൽ, ചാരായത്തിൽ വിഷംകലർത്തൽ, തെളിവ് നശിപ്പിക്കൽ, സ്പിരിറ്റ്‌ കടത്തൽ, ചാരായവിൽപ്പന തുടങ്ങിയ കുറ്റങ്ങൾക്കായി മറ്റൊരു 43 വർഷവും വിധിച്ചിരുന്നു. ശിക്ഷ ഒരേകാലത്ത് അനുഭവിച്ചാൽ മതി. ജീവപര്യന്തം ജീവിതാവസാനംവരെയാണെന്നും വിചാരണചെയ്ത കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ വിധിയിൽ എടുത്തുപറഞ്ഞിട്ടുണ്ട്.

ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും മറ്റുചില പ്രതികളുടെ ശിക്ഷയിൽ ചില മാറ്റങ്ങൾ വരുത്തിയെങ്കിലും മണിച്ചന്റെ ശിക്ഷ ഇളവുചെയ്തിരുന്നില്ല.

തുറന്നജയിലിലെ നല്ല കർഷകൻ

പൂജപ്പുര സെൻട്രൻ ജയിലിലായിരുന്ന മണിച്ചൻ ശാന്തപ്രകൃതക്കാരനായതിനാൽ നെട്ടുകാൽത്തേരി തുറന്നജയിലിലേക്ക്‌ മാറ്റി. ജയിലിൽ മികച്ച കർഷകനായാണ് അറിയപ്പെടുന്നത്.

2000 ഒക്ടോബർ 31-നാണ് മദ്യദുരന്തമുണ്ടാകുന്നത്. വ്യാജമദ്യ നിർമാണത്തിനായി മണിച്ചന്റെ വീട്ടിൽ ഭൂഗർഭ അറകൾ നിർമിച്ചിരുന്നു. വീര്യംകൂട്ടാനായി സ്പിരിറ്റിൽ മീഥൈൽ ആൾക്കഹോൾ കലർത്തി വിതരണംചെയ്യുകയായിരുന്നു. വിതരണക്കാരി ഹൈറുന്നീസ(താത്ത) തടവ് അനുഭവിക്കേ 2009-ൽ മരിച്ചു. മണിച്ചന്റെ ഡയറിയിൽനിന്ന് ചില സി.പി.എം. നേതാക്കൾക്കും പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർക്കും മാസപ്പടി പണം നൽകിയതിന്റെ രേഖകൾ കണ്ടെത്തിയതും വിവാദമായിരുന്നു.

Content Highlights: Kalluvathukkal hooch tragedy- government recommended to the governor to release Manichan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..