ബി.എൽ. സന്തോഷ്, കെ. സുരേന്ദ്രൻ
കൊല്ലം: കർണാടക തിരഞ്ഞെടുപ്പ് തോൽവിയെ ചൊല്ലി കേരള ബി.ജെ.പി.യിൽ പൊരിഞ്ഞ പോരും ട്രോൾ മഴയും. ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷിനെ തോൽവിയുടെ കാരണക്കാരനായി അവതരിപ്പിച്ചാണ് വ്യാപക പ്രചാരണം നടക്കുന്നത്. തലമുറമാറ്റം എന്നപേരിൽ യെദ്യൂരപ്പ അടക്കമുള്ള മുതിർന്ന നേതാക്കളെ തഴഞ്ഞതിനുപിന്നിൽ ബി.എൽ.സന്തോഷ് ആണെന്ന് ദേശീയതലത്തിൽ സംഘപരിവാർ കേന്ദ്രങ്ങളിൽ വ്യാപക പ്രചാരണം നടന്നിരുന്നു.
സന്തോഷിനെ വിമർശിക്കുന്നവർ കേരളത്തിൽ ഉന്നംവയ്ക്കുന്നത് കെ.സുരേന്ദ്രനെയാണ്. കുമ്മനം രാജശേഖരനും പി.എസ്.ശ്രീധരൻ പിള്ളയ്ക്കും ശേഷം സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റാക്കിയത് ബി.എൽ.സന്തോഷിന്റെ പ്രത്യേക താത്‌പര്യപ്രകാരമായിരുന്നു. അന്ന് എതിർവാദങ്ങളൊന്നും സന്തോഷ് പരിഗണിച്ചതേയില്ല. നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്കുശേഷം സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യം ഉയർന്നപ്പോഴും സന്തോഷ് സുരേന്ദ്രനൊപ്പം നിലയുറപ്പിച്ചു. ഇപ്പോൾ ബി.എൽ.സന്തോഷിനെ പരിഹസിച്ചും വില്ലനാക്കിയും ട്രോളുകളും മറ്റും പ്രചരിപ്പിക്കുന്നതിനു പിന്നിൽ സുരേന്ദ്രൻ വിരുദ്ധരാണ്.
ആർ.എസ്.എസിന്റെയും ബി.ജെ.പി.യുടെയും പ്രാദേശികതലങ്ങളിലെ ചില പ്രവർത്തകരാണ് ഇക്കാര്യത്തിൽ മുമ്പിലുള്ളത്. മോദിയെ പിന്നിൽനിന്നു കുത്തുന്ന ‘കട്ടപ്പ’യായി സന്തോഷിനെ ചിത്രീകരിക്കുന്ന ട്രോളുകളും സംഘപരിവാർ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ കൃഷ്ണദാസ് പക്ഷത്തെ മുതിർന്ന നേതാക്കളൊന്നും ഇക്കാര്യത്തിൽ ഒരക്ഷരം പറഞ്ഞിട്ടില്ല. തലമുറമാറ്റം എന്നപേരിൽ സമീപകാലത്ത് നേതൃനിരയിൽനിന്ന് ഒഴിവാക്കപ്പെട്ട പഴയനേതാക്കളും അവരുടെ അഭ്യുദയകാംക്ഷികളും കർണാടക തോൽവി പാഠമാക്കണമെന്നാവശ്യപ്പെട്ട് രംഗത്തുണ്ട്.
പ്രതിരോധമെന്നനിലയിൽ സന്തോഷിനെ അനുകൂലിച്ചും സാമൂഹിക മാധ്യമ പ്രചാരണം നടക്കുന്നുണ്ട്. ‘കർണാടകയിലെ ആദ്യത്തെ ബി.ജെ.പി. സർക്കാർ രൂപവത്കരിക്കുന്നതുമുതൽ ലോക്‌സഭയിലെ വൻവിജയമടക്കം ബി.ജെ.പി.യുടെ എല്ലാ വിജയങ്ങളും ബി.എൽ.സന്തോഷ് സംഘടനാ സെക്രട്ടറി ആയിരുന്ന കാലത്തുതന്നെയാണ് നടന്നിട്ടുള്ളതെ’ന്നാണ് ഇവരുടെ വാദം.
Content Highlights: karnataka assembly election, kerala bjp, bl santhosh, k surendran


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..