പ്രതീകാത്മകചിത്രം | Mathrubhumi archives
തിരുവനന്തപുരം: ഒരു സംസ്ഥാനത്തിന്റെ ഭരണനിർണയം മാത്രമല്ല, തുടർച്ചയായ പരാജയത്തിൽനിന്നുള്ള മോചനംകൂടിയാണ് കോൺഗ്രസിന് കർണാടകഫലം. തുടർച്ചയായി രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകൾ തോറ്റുനിൽക്കുന്ന കേരളത്തിലെ കോൺഗ്രസിന് കർണാടക ഒരു പാഠമാണ്. കർണാടക ബി.ജെ.പി. പിടിച്ചിരുന്നെങ്കിൽ മോദിപ്രഭാവം വിന്ധ്യനും കടന്ന് കേരളത്തിലും ചലനമുണ്ടാക്കാൻ സാധ്യതകളേറെയായിരുന്നു.
അഭിപ്രായവ്യത്യാസം മറന്ന് ഒരുമിച്ചതിന്റെ ഗുണമാണ് കർണാടക നൽകുന്ന ആദ്യപാഠം. മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള രണ്ട് പ്രധാനപ്പെട്ട നേതാക്കൾ-പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയും കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാറും ആദ്യം അധികാരം, പദവി പിന്നീട് എന്ന നിലപാടിലായിരുന്നു.
സ്ഥാനാർഥിനിർണയത്തിൽ തങ്ങളുടെ അനുയായികൾക്ക് സീറ്റ് നേടിക്കൊടുക്കുന്നതിനപ്പുറം ജയസാധ്യതയ്ക്ക് മുൻതൂക്കം നൽകി. പരസ്പരം വളർത്തിയെടുത്ത ഈ വിശ്വാസ്യത വോട്ടെടുപ്പിൽ പരസ്പരം കാലുവാരുകയെന്ന ചതിക്ക് തടയിട്ടു. മുഖ്യമന്ത്രിക്കസേര മൂന്നും നാലും പേർവരെ ലക്ഷ്യമിടുന്ന കേരളത്തിൽ ശിവകുമാർ-സിദ്ധരാമയ്യ ധാരണ വലിയ പാഠമാണ് നൽകുന്നത്.
മുന്നൊരുക്കങ്ങൾ നേരത്തെ തുടങ്ങി പാർട്ടിയെ തിരഞ്ഞെടുപ്പിനൊരുക്കുംവിധം സംസ്ഥാന അധ്യക്ഷനായ ശിവകുമാർ പുനഃസംഘടിപ്പിച്ചു. സംഘടനയെ പുതുക്കിപ്പണിത് സെമികേഡറാക്കുമെന്ന പ്രഖ്യാപനത്തോടെ നേതൃസ്ഥാനത്ത് വന്ന് രണ്ടുവർഷമാകാറായിട്ടും ബ്ലോക്ക് പ്രസിഡന്റുമാരെപ്പോലും തീരുമാനിക്കാനായില്ല കേരളത്തിൽ.
ഗ്രൂപ്പും തർക്കങ്ങളും നേതാക്കൾ തമ്മിലുള്ള സൗന്ദര്യപിണക്കങ്ങളും പലപ്പോഴും സംഘടനയെത്തന്നെ നിശ്ചലമാക്കുന്നതിൽനിന്ന് വിടുതലുണ്ടാക്കണമെന്ന പാഠവും കർണാടക നൽകുന്നു.
ബി.ജെ.പി. മുന്നോട്ടുവെച്ച ഹിന്ദുത്വത്തെ നേരിടാൻ മൃദുഹിന്ദുത്വമെന്ന ഹിന്ദി ബെൽറ്റിലെ ഫോർമുലയ്ക്ക് പകരം വർഗീയതയെ നേരിടാൻ മതേതരത്വം തന്നെയാണ് മികച്ച ആയുധമെന്ന തിരിച്ചറിവും കേരളത്തിലെ കോൺഗ്രസിന് കർണാടക പകരുന്നു. ബജ്‌രംഗ് ദളിനെയും പോപ്പുലർ ഫ്രണ്ടിനെയും നിരോധിക്കുമെന്ന് പ്രകടനപത്രികയിൽ അസന്നിഗ്‌ധമായി പ്രഖ്യാപിച്ചത് കോൺഗ്രസിന്റെ മതേതരമുഖം പ്രകാശിപ്പിച്ചു. ന്യൂനപക്ഷങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനും അതുപകരിച്ചു.
കേരളത്തിൽ ബി.ജെ.പി.യുമായി ക്രിസ്ത്യൻസഭകൾ അടുക്കുന്നതിന് പാകിയ അടിത്തറ കല്ലുകൾ ഇളക്കുന്നത് കൂടിയാണ് ഫലം. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതരാണെന്ന കർദിനാൾ മാർ ആലഞ്ചേരിയുടെ പ്രസ്താവനയും റബ്ബറിന് 300 രൂപ തന്നാൽ പാർലമെന്റംഗത്തെ നൽകാമെന്ന മാർ ജോസഫ് പാംപ്ലാനിയുടെ വാഗ്‌ദാനവും സൃഷ്ടിച്ച അലയൊലികൾ ചെറുതായിരുന്നില്ല.
പ്രധാനമന്ത്രി ഈസ്റ്റർ കർമങ്ങളിൽ പങ്കുകൊണ്ടും മറ്റും ബന്ധം ഉറപ്പിച്ചുവരുന്നതിനിടെയാണ് മണിപ്പുരിൽ പള്ളികൾ ആക്രമിക്കപ്പെട്ടത്. ക്രിസ്ത്യൻമേഖലകളിൽ കോൺഗ്രസുണ്ടാക്കിയ മുന്നേറ്റം വിശ്വാസവും രാഷ്ട്രീയവും രണ്ടായി കാണണമെന്ന പാഠവും പങ്കുവെക്കുന്നു.
ജനതദാൾ (എസ്) -ബി.ജെ.പി. ധാരണയിൽ സർക്കാർ വന്നിരുന്നെങ്കിൽ കേരളത്തിലെ ജനതാദൾ (എസ്) ഘടകത്തെയും ബുദ്ധിമുട്ടിലാക്കുമായിരുന്നു. അതൊഴിവായ ആശ്വാസം ഇടതുമുന്നണിക്കുണ്ട്. സി.പി.എം., സി.പി.ഐ. സ്ഥാനാർഥികൾ വിജയിച്ചില്ലെങ്കിലും സി.പി.ഐ.യുടെ പിന്തുണ കോൺഗ്രസിന് ലഭിച്ചതും ചർച്ചയാകാം.
Content Highlights: karnataka election results and congress in kerala


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..