കരുവന്നൂർ സഹകരണ ബാങ്ക്| Photo: File Mathrubhumi
കൊച്ചി/തൃശ്ശൂർ: തൃശ്ശൂർ കരുവന്നൂർ സർവീസ് സഹകരണബാങ്ക് തട്ടിപ്പുകേസിൽ അഞ്ചുപ്രതികളുടെ 58 സ്വത്തുവകകൾ കണ്ടുകെട്ടാൻ തൃശ്ശൂർ വിജിലൻസ് കോടതി ഉത്തരവ്. ബാങ്കിന്റെ മുൻ സെക്രട്ടറി ടി.ആർ. സുനിൽകുമാർ, മുൻ മാനേജർ ബിജു കരീം, അക്കൗണ്ടന്റ് സി.കെ. ജിൽസ്, കമ്മിഷൻ ഏജന്റ് എ.കെ. ബിജോയ്, സൂപ്പർമാർക്കറ്റ് കാഷ്യർ റജി കെ. അനിൽ എന്നിവർക്കെതിരേയാണ് നടപടി. ആദ്യ അഞ്ചുപ്രതികളാണിവർ.
തട്ടിപ്പിലൂടെ സമ്പാദിച്ച പണമുപയോഗിച്ച് തട്ടിപ്പുകാർ സ്വന്തംപേരിലും ബന്ധുക്കളുടെ പേരിലും വാങ്ങിക്കൂട്ടിയ വാഹനങ്ങളും ബഹുനിലമന്ദിരങ്ങളും ഉൾപ്പെടെ 60 കോടിയുടെ വസ്തുവകകളാണ് കണ്ടുകെട്ടുക.
സുനിൽകുമാറിന് തട്ടിപ്പിലൂടെ ആർജിച്ച സ്വത്തുക്കളില്ലാത്തതിനാൽ കണ്ടുെകട്ടാനാകില്ല. ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന്റെ അപേക്ഷ അംഗീകരിച്ചാണ് കോടതിനടപടി. പരാതിയുയർന്നകാലത്ത് പ്രതികൾ 117 കോടിയുടെ വ്യാജവായ്പകൾ തരപ്പെടുത്തിയെന്നും ഇൗ തുക തട്ടിയെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
ഒന്നാംപ്രതി സുനിൽകുമാർ തട്ടിപ്പിൽ പങ്കാളിയാണെങ്കിലും പണമോ വസ്തുക്കളോ ഇതിലൂടെ ആർജിച്ചില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ക്രൈംബ്രാഞ്ച് രജിസ്റ്റർചെയ്ത കേസിൽ അറസ്റ്റിലായ 20 പേരും ഇപ്പോൾ പുറത്തിറങ്ങി. ഭരണസമിതിയിലെ 14 പേരും ജീവനക്കാർ ഉൾപ്പെടെ ആറുപേരും സി.പി.എമ്മിന്റെ ഭാരവാഹികളും അംഗങ്ങളും അനുഭാവികളുമായിരുന്നു.
ജിൽസ് 13 കോടിയും കിരൺ 23 കോടിയും ബിജു കരീം 35 കോടിയും ബിജോയ് 35 കോടിയും തട്ടിയെടുത്തെന്നാണ് സഹകരണവകുപ്പും പോലീസും അന്വേഷണത്തിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വിധിയുടെ പകർപ്പുകിട്ടിയാൽ ഉടൻ കണ്ടുകെട്ടൽ നടപടി ആരംഭിക്കുമെന്ന് വി.എ. ഉല്ലാസ് അറിയിച്ചു.
കേസിൽ അന്തിമവിധിവരുംവരെയാണ് കണ്ടുകെട്ടൽ നടപടി. ഈ കാലയളവിൽ ഇവ കൈമാറ്റം ചെയ്യാനാവില്ല.
30.7 കോടി കണ്ടുകെട്ടി ഇ.ഡി.
അതിനിടെ, കമ്മിഷൻ ഏജന്റായിരുന്ന എ.കെ. ബിജോയുടെ 30.70 കോടിയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ആദ്യമായാണ് ഇ.ഡി. കണ്ടുകെട്ടൽ നടപടിയെടുക്കുന്നത്. ക്രൈംബ്രാഞ്ച് എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ 2021 ഓഗസ്റ്റിൽ ഇ.ഡി. കേസെടുത്തിരുന്നു.
കണ്ടുകെട്ടുന്നവ
- ഭൂമിയും കെട്ടിടങ്ങൾ ഉൾപ്പെടെ 20 വസ്തുവകകൾ
- ഇന്നോവ, ഔഡി കാറുകൾ
- റെയ്ഡ് നടത്തിയപ്പോൾ വീട്ടിൽനിന്ന് കണ്ടെടുത്ത 3.40 ലക്ഷംരൂപ
- 2.08 ലക്ഷത്തിന്റെ വിദേശകറൻസി
- ബിജോയുടെയും സ്ഥാപനങ്ങളുടെയും പേരിലുണ്ടായിരുന്ന 57 ബാങ്ക് അക്കൗണ്ടുകൾ
- 35.87 ലക്ഷം രൂപ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..