കരുവന്നൂര്‍ ബാങ്ക്; അനധികൃത നിയമനങ്ങളിലൂടെ ലക്ഷങ്ങളുടെ നഷ്ടം, പിടിച്ചെടുത്തത് മുന്നൂറിലധികം ഫയലുകള്‍


ഫയലുകൾ ഇ.ഡി. കസ്റ്റഡിയിലെടുത്തു

കരുവന്നൂർ ബാങ്ക്

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ പരിശോധന നടത്തിയ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം കസ്റ്റഡിൽ എടുത്ത ഫയലുകളിൽ ചിലത് അനധികൃത നിയമനത്തിന്റെയും അവധികളുടെയും. ഇതുവഴി ബാങ്കിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്ന് കണ്ടെത്തിയതിനെത്തുടർന്നാണിത്.

ബാങ്കിൽ ക്രമക്കേടും അഴിമതികളും 1998-ൽ തുടങ്ങിയതാണെന്ന് കാണിച്ചുള്ള റിപ്പോർട്ടിന്റെ പകർപ്പും ഇ.ഡി. സംഘം കൊണ്ടുപോയ രേഖകളിൽ ഉൾപ്പെടുന്നു. അഴിമതിയിൽ ഒന്നാംപ്രതിയായ ടി.ആർ. സുനിൽകുമാറിന്റെ നിയമനംമുതലാണ് അഴിമതിക്കും ക്രമക്കേടിനും തുടക്കമിട്ടതെന്ന് സർക്കാർ നിയോഗിച്ച ഉന്നതതല കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ടിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള തെളിവുകളാണ് ഇ.ഡി. ശേഖരിച്ചത്.

1998 ഓഗസ്റ്റ് അഞ്ചിലെ ബാങ്ക് ഭരണസമിതി യോഗത്തിലെ രണ്ടാംനമ്പർ തീരുമാനപ്രകാരം ജൂനിയർ ക്ലാർക്കുമാരെ നിയമിക്കുന്നതിന് അഭിമുഖം നടത്തി എട്ടുപേരുടെ റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ ഒന്നാം റാങ്ക് ലഭിച്ചത് മുൻ സെക്രട്ടറിയായിരുന്ന ടി.ആർ. സുനിൽകുമാറിനാണ്. എന്നാൽ, മറ്റൊരു വിജ്ഞാപനം വഴി അപേക്ഷ സ്വീകരിച്ച് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയതിൽ ഒന്നാം റാങ്കും സുനിൽകുമാറിനായിരുന്നു.

അതുപ്രകാരം സുനിൽകുമാറിനെ ശാഖാമാനേജരായി നിയമിച്ചു. ശാഖാ മാനേജരായി സുനിൽകുമാർ േജാലിയിൽ പ്രവേശിച്ചത് 1998 ഓഗസ്റ്റ് പതിനേഴിനാണ്. ബാങ്ക് ഭരണസമിതി നിയമനതീരുമാനമെടുത്തത് 1998 സെപ്റ്റംബർ 26-നും. ഔദ്യോഗിക തീരുമാനമുണ്ടാകുന്നതിന് ഒരുമാസംമുന്നേ നിയമനം നടന്നു.

ശാഖാ മാനേജരായിരുന്ന സുനിൽകുമാറിന് 2001 ഏപ്രിൽ ഏഴിന് സെക്രട്ടറിയായി സ്ഥാനക്കയറ്റം നൽകി. ഇത് നിയമപ്രകാരമായിരുന്നില്ല. ഇതിനു പുറമേ 2009 ജനുവരി ഒന്നിന് സുനിൽകുമാറിന് എട്ടുവർഷത്തെ സമയബന്ധിത ഹയർ ഗ്രേഡ് നൽകി. അനധികൃത ഉദ്യോഗക്കയറ്റത്തിലൂടെ സെക്രട്ടറിയായ സുനിൽകുമാറിന് ഗ്രേഡ് അനുവദിച്ചതും ക്രമവിരുദ്ധമായാണ്. ഇതുവഴി ലക്ഷങ്ങളുടെ നഷ്ടമാണ് ബാങ്കിന് സംഭവിച്ചത്. ഇക്കാര്യമെല്ലാം ഉന്നതതല കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ടിലുണ്ട്.

ബാങ്കിന്റെ കീഴിലുള്ള മൂന്ന് നീതി മെഡിക്കൽ സ്റ്റോറുകളിൽ അനധികൃത നിയമനം നടത്തി. മൂന്ന് സൂപ്പർ മാർക്കറ്റുകളിൽ വകുപ്പിന്റെ അംഗീകാരമില്ലാതെ 54 ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഇതുവഴിയും ലക്ഷങ്ങൾ നഷ്ടമുണ്ടായി.

ബാങ്കിന്റെ ബ്രാഞ്ച് മാനേജർ ബിജു കരീം 2019 നവംബർ 26 മുതൽ ജോലിക്ക് ഹാജരായിട്ടില്ല. ഡിസംബർ 31 വരെ അവധി രേഖപ്പെടുത്തിയിട്ടുമില്ല. എന്നാൽ, ഈ മാസവും തുടർമാസങ്ങളിലും ശമ്പളം നൽകിയിട്ടുണ്ട്. ഇതുവഴിയും ലക്ഷങ്ങളുടെ നഷ്ടം ബാങ്കിനുണ്ടായി. ഇതുമായി ബന്ധപ്പെട്ട ഫയലുകളും ഇഡി ശേഖരിച്ചിട്ടുണ്ട്.

പിടിച്ചെടുത്തത് മുന്നൂറില്‍പ്പരം ഫയലുകള്‍; റെയ്ഡ് നടന്നത് 20 മണിക്കൂര്‍

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടത്തിയത് മാരത്തണ്‍ പരിശോധന. ബുധനാഴ്ച രാവിലെ എട്ടിന് ആരംഭിച്ച പരിശോധന കഴിഞ്ഞത് വ്യാഴാഴ്ച പുലര്‍ച്ചെ 3.45-ന്.

ഉച്ചഭക്ഷണത്തിന് പോലും ഊഴമിട്ട് പുറത്തുപോവുകയായിരുന്നു. ബാങ്കില്‍ നിന്നും മുന്നൂറില്‍ പരം ഫയലുകള്‍ ഇ.ഡി. പിടിച്ചെടുത്തു. ബുധനാഴ്ച രാവിലെയാണ് എറണാകുളത്തുനിന്ന് അതിരഹസ്യമായി അസി. കമ്മിഷണര്‍ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കരുവന്നൂരിലെത്തിയത്.

സി.ആര്‍.പി. കാവലില്‍ ബാങ്കിലും ആറുപ്രതികളുടെ വീടുകളിലുമായിരുന്നു പരിശോധന. ഒന്നാം പ്രതി സുനില്‍കുമാറിന്റെ വീട്ടില്‍ രാവിലെ ആരംഭിച്ച പരിശോധന രാത്രി എട്ടരയോടെയാണ് സമാപിച്ചത്. രണ്ടാം പ്രതി ബിജുകരീമിന്റെ വീട്ടില്‍ രാത്രി ഏഴുവരെയും അക്കൗണ്ടന്റ് ജില്‍സിന്റെ വീട്ടില്‍ 7.30 വരേയും പരിശോധന നടന്നു. കമ്മിഷന്‍ ഏജന്റ് ബിജോയിയുടെ വീട്ടില്‍ രാത്രി 10.30-നാണ് അവസാനിച്ചത്.

മുന്‍ പ്രസിഡന്റ് കെ.കെ. ദിവാകരന്റെ വീട്ടില്‍ രാവിലെ എട്ടിന് ആരംഭിച്ച പരിശോധന ഉച്ചയ്ക്ക് രണ്ടോടെ അവസാനിപ്പിച്ചു.

ബാങ്കില്‍ നിന്നൊഴികെ എവിടെ നിന്നും അസല്‍ രേഖകള്‍ ഒന്നും കണ്ടെത്താന്‍ സാധിക്കാതെയാണ് ഇ.ഡി. മടങ്ങിയത്. ബാങ്കില്‍നിന്ന് നിരവധി ലെഡ്ജറുകള്‍ പിടിച്ചെടുത്തു എന്നാല്‍ ബാങ്കില്‍നിന്ന് കസ്റ്റഡിയിലെടുത്ത ഹാര്‍ഡ് ഡിസ്‌കുകളില്‍ കാര്യമായ വിവരങ്ങളില്ലെന്നാണ് അറിയുന്നത്.

തട്ടിപ്പ് നടത്തിയ സംഘം ഇതിലെ വിവരങ്ങള്‍ അതത് സമയങ്ങളില്‍ നശിപ്പിച്ച് കളഞ്ഞിരുന്നു. വിദഗ്ധ ഐ.ടി. സംഘത്തിന്റെ സേവനം ഉപയോഗപ്പെടുത്തി ഒരിക്കലും ഡേറ്റകള്‍ തിരിച്ചെടുക്കാനാവാത്ത രീതിയില്‍ നശിപ്പിച്ചതാണ് കണ്ടെത്തല്‍.

തട്ടിപ്പ് സംബന്ധിച്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനും മാസങ്ങള്‍ക്കു മുന്നേ പ്രതികള്‍ ഒളിവില്‍ പോയിരുന്നു. കേസെടുത്തതിന് മാസങ്ങള്‍ കഴിഞ്ഞാണ് പ്രതികളെ ഓരോരുത്തരായി പിടികൂടാന്‍ ആയത്.

അവശേഷിച്ച തെളിവുകളാകട്ടെ കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് പിടിച്ചെടുക്കുകയും ചെയ്തു. അതിനാല്‍ കേസെടുത്തു ഒരു വര്‍ഷം കഴിഞ്ഞ് അന്വേഷണത്തിനെത്തിയ ഇ.ഡി. സംഘത്തിന് കാര്യമായ രേഖകളോ തെളിവുകളോ ഒന്നും ലഭിച്ചില്ലെന്നും പറയുന്നു.

Content Highlights: Karuvannur Bank scam Loss of lakhs through illegal appointments and furloughs

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..