കണ്ണീർമഴയിൽ ആ കുഞ്ഞുനക്ഷത്രം മാഞ്ഞു; അമ്മയ്ക്കരികെ അന്ത്യവിശ്രമം


1 min read
Read later
Print
Share

കുഞ്ഞേ വിട... നക്ഷത്രയ്ക്ക് അന്ത്യചുംബനം നൽകുന്ന അപ്പൂപ്പൻ ലക്ഷ്മണൻ. അമ്മൂമ്മ രാജശ്രീ (ഇടത്തുനിന്ന് ആദ്യം) സമീപം. | ഫോട്ടോ: വി.പി. ഉല്ലാസ്

കായംകുളം: കളിയും ചിരിയുമായി നക്ഷത്ര ഇനിയില്ല. അമ്മയോടുചേർന്ന് അവളുറങ്ങി; എന്നെന്നേക്കുമായി. മഴയിൽ നനഞ്ഞ പകലിൽ അമ്മവീടായ പത്തിയൂർ തൃക്കാർത്തികയിലായിരുന്നു സംസ്കാരച്ചടങ്ങുകൾ.

കഴിഞ്ഞദിവസം അച്ഛൻ ശ്രീമഹേഷ് കൊലപ്പെടുത്തിയ മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ ആറുവയസ്സുകാരി നക്ഷത്രയെ അവസാനമായി ഒരുനോക്കു കാണാൻ നൂറുകണക്കിനാളുകൾ പത്തിയൂരിലേക്കൊഴുകി. പ്രകാശംപരത്തിയ ആ കുഞ്ഞുചിരി ഇനി വിടരില്ലെന്ന ദുഃഖം അവരുടെ മുഖങ്ങളിൽ കണ്ണീർമഴയായി.

നക്ഷത്രയുടെ അമ്മ വിദ്യയെ 2019 ജൂൺ നാലിനു പുന്നമൂട്ടിലുള്ള വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. പത്തിയൂർ കാർത്തികയിൽ ലക്ഷ്മണന്റെയും രാജശ്രീയുടെയും മകളാണു വിദ്യ. വിദ്യയുടെ സംസ്കാരച്ചടങ്ങുകളും പത്തിയൂരുള്ള വീട്ടിലായിരുന്നു. വിദ്യയെ അടക്കിയതിന്റെ സമീപത്തുതന്നെയാണു നക്ഷത്രയ്ക്കും അന്ത്യവിശ്രമം ഒരുക്കിയത്. വിദ്യയുടെ സഹോദരൻ വിഷ്ണു വിദേശത്തുനിന്നു രാവിലെയെത്തി. ഇതേത്തുടർന്നാണു സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം നടത്താൻ നിശ്ചയിച്ചത്.

കായംകുളം താലൂക്കാശുപത്രി മോർച്ചറിയിൽനിന്ന് വെള്ളിയാഴ്ച രണ്ടുമണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. ബന്ധുക്കൾ ഉൾപ്പെടെ വൻ ജനാവലി നിറകണ്ണുകളോടെ നക്ഷത്രയ്ക്കു വിടചൊല്ലാനെത്തിയിരുന്നു. ഇടയ്ക്കിടെ പെയ്യുന്ന മഴ അവഗണിച്ചും ആളുകൾ എത്തിക്കൊണ്ടിരുന്നു. അച്ഛൻതന്നെ കുഞ്ഞിനെ വെട്ടിക്കൊന്നതിന്റെ അവിശ്വസനീയത ആളുകൾ പരസ്പരം പങ്കിട്ടു.

മൂന്നരയോടെ നക്ഷത്രയുടെ ചേതനയറ്റ കുഞ്ഞുശരീരം കുഴിയിലേക്കെടുത്തു. മകളെയും ചെറുമകളെയും നഷ്ടപ്പെട്ടതിന്റെ സങ്കടം ഉള്ളിലമർത്തി അപ്പൂപ്പനും അമ്മൂമ്മയും കുഴിയിലേക്ക് ഒരുപിടി മണ്ണിട്ടു, പിന്നെ കൂടിനിന്നവരും.

മകളെ മഴു ഉപയോഗിച്ചു വെട്ടിക്കൊലപ്പെടുത്തിയ ശ്രീമഹേഷ് (38) ആത്മഹത്യാശ്രമത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ. മകളെ കൊന്നശേഷം ആത്മഹത്യചെയ്യാനാണു ലക്ഷ്യമിട്ടിരുന്നതെന്ന് ഇയാൾ പോലീസിനോടു പറഞ്ഞിരുന്നു. മകൾ അനാഥയാകരുതെന്നു കരുതിയാണു കൊലപ്പെടുത്തിയതെന്നും ഇയാൾ വ്യക്തമാക്കിയിരുന്നു.

Content Highlights: kayamkulam nakshathra murder case

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..