കൊച്ചി മെട്രോ| ഫയൽ ചിത്രം
കൊച്ചി: യാത്രക്കാരുടെ എണ്ണത്തിൽ വർധന ലക്ഷ്യമിട്ട് പുതിയ പാതകളിലേക്ക് മെട്രോ സർവീസ് നീട്ടാൻ പദ്ധതി. ഇതിനായി സാധ്യതാപഠനം നടത്താനൊരുങ്ങുകയാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.). കാക്കനാട്-തൃപ്പൂണിത്തുറ, എം.ജി.റോഡ്-ഹൈക്കോർട്ട്-മറൈൻഡ്രൈവ് റൂട്ടുകളാണ് പരിഗണിക്കുന്നത്.
മൂന്നാംഘട്ടമായി പരിഗണനയിലുള്ള ആലുവ-നെടുമ്പാശ്ശേരി പാതയുടെയും തുടർനടപടികൾ പരിശോധിക്കും. ഇതിനൊപ്പം ആലുവ-അങ്കമാലി പാതയുടെ സാധ്യതയും പഠിക്കും. ഗുണകരമാകാവുന്ന റൂട്ടുകളിലൊന്നായി നേരത്തെതന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നതാണ് ആലുവ-നെടുമ്പാശ്ശേരി മെട്രോ പാത.
കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽനിന്ന് കാക്കനാട്ടേക്കുള്ള രണ്ടാംഘട്ടത്തിന് ശേഷം ആലുവ- നെടുമ്പാശ്ശേരി എന്ന രീതിയിലാണ് ആദ്യം പദ്ധതി തയ്യാറാക്കിയിരുന്നത്. എന്നാൽ, രണ്ടാംഘട്ടത്തിന് കേന്ദ്രത്തിന്റെ അന്തിമാനുമതി വൈകിയതോടെ മറ്റു പദ്ധതികളും അനക്കമില്ലാതായി.
നെടുമ്പാശ്ശേരിയിലേക്കുള്ള മെട്രോ പാത നടപ്പാക്കണമെന്ന് കഴിഞ്ഞവർഷം ചേർന്ന കെ.എം.ആർ.എൽ. ഡയറക്ടർ ബോർഡ് യോഗം നിർദേശിച്ചിരുന്നു. നെടുമ്പാശ്ശേരിയിലേക്ക് മെട്രോയെക്കാൾ നല്ലത് ‘മെട്രോലൈറ്റ്’ ആണെന്ന നിർദേശവും ബോർഡ് മുന്നോട്ടുവച്ചിരുന്നു. ചെലവു കുറഞ്ഞ റെയിൽഗതാഗത സംവിധാനമാണ് മെട്രോലൈറ്റ്.
രണ്ടാംഘട്ടത്തിൽ മെട്രോ ചെന്നവസാനിക്കുന്ന ഇൻഫോപാർക്കിൽ നിന്നാണ് തൃപ്പൂണിത്തുറയിലേക്ക് തുടർപാതയുടെ സാധ്യത പഠിക്കുന്നത്. എം.ജി. റോഡ് മെട്രോ സ്റ്റേഷനിൽനിന്ന് ഹൈക്കോടതി ഭാഗത്തേക്കും മറൈൻഡ്രൈവിലേക്കും മെട്രോ എത്തുന്നത് യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടാക്കുമോ എന്നതും ഇതിനൊപ്പം പഠിക്കും.
മോട്രോ: തുടര്‍യാത്രയ്ക്ക് ഹൈഡ്രജന്‍ ബസ്
കൊച്ചി: മെട്രോ സ്റ്റേഷനുകളില്‍നിന്ന് തുടര്‍യാത്രയ്ക്കായി ഹൈഡ്രജന്‍ ബസുകളും. 10 ബസുകള്‍ വാങ്ങുന്നതിനാണ് പദ്ധതി. പരിസ്ഥിതി മലിനീകരണം കുറയ്ക്കുമെന്നതാണ് നേട്ടം. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ തുടങ്ങി. ഇതിനുപുറമേ മെട്രോ സ്റ്റേഷനുകളില്‍നിന്ന് ഫീഡര്‍ സര്‍വീസായി ഇലക്ട്രിക് ബസുകളും ഓട്ടോയുമുണ്ടാകും. ഒന്‍പത് ഇലക്ട്രിക് ബസുകളാണ് ഉദ്ദേശിക്കുന്നത്. 200 ഓട്ടോറിക്ഷകളുമുണ്ടാകും. നിലവില്‍ പല മെട്രോ സ്റ്റേഷനുകളില്‍നിന്നും ഓട്ടോ സര്‍വീസുണ്ട്.
മെട്രോയെക്കുറിച്ചുള്ള വിവരങ്ങള്‍ യാത്രക്കാരിലേക്ക് എത്തിക്കുന്നതിന് എഫ്.എം. റേഡിയോയും പരിഗണനയിലുണ്ട്. ഇതിന്റെ ലൈസന്‍സിനായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) കേന്ദ്രത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്.
പുതിയ അധ്യയനവര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിക്കാനും കെ.എം.ആര്‍.എല്‍. പദ്ധതിയൊരുക്കുന്നുണ്ട്. മറ്റു യാത്രക്കാര്‍ക്കായി പുതിയ 'ട്രാവല്‍ കാര്‍ഡ്' അടുത്തമാസം പുറത്തിറക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..