പാലക്കുന്ന്: പോലീസ് അന്യായമായി പീഡിപ്പിക്കുന്നുവെന്ന ആരോപണവുമായി കഴുത്തിൽ പ്ലാസ്റ്റിക്‌കയർ കുരുക്കിട്ട് മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെതിരെ വീണ്ടും കേസായി. ആത്മഹത്യാഭീഷണിയുമായി പാലക്കുന്നിലെ മെബൈൽ ടവറിന്റെ മുകളിൽ കയറിയ പാലക്കുന്നിലെ ഷൈജുവിനെതിരെയാണ് (40) ആത്മഹത്യാശ്രമം, അതിക്രമിച്ചുകയറൽ, പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി പുതിയ കേസെടുത്തത്. കളവ്, എ.ടി.എം. കൗണ്ടർ തകർക്കൽ, കഞ്ചാവ് ഉപയോഗിക്കൽ ഉൾപ്പെടെ ഇയാൾക്കെതിരെ ഒൻപത് കേസുകളുണ്ടെന്ന് ബേക്കൽ ഇൻസ്പെക്ടർ യു.പി.വിപിൻ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ ഒൻപതോടെയാണ് പോലീസ് ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് ശബ്ദസന്ദേശമയച്ച് ഷൈജു കഴുത്തിൽ പ്ലാസ്റ്റിക്‌കയർ കുരുക്കിട്ട് പാലക്കുന്നിലെ മൊബൈൽ ടവറിന്റെ മുകളിൽ കയറിയത്. വിവരം വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും ഇയാൾതന്നെ അറിയിച്ചു. സെൽഫിയും അയച്ചു. ഇതോടെ ബേക്കൽ പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും സ്ഥലത്തെത്തി. പോലീസും മറ്റുള്ളവരും ഇയാളെ അനുനയിപ്പിച്ച് താഴെ ഇറക്കാനുള്ള ശ്രമം വിജയിച്ചില്ല. വിവരമറിഞ്ഞ് മാധ്യമപ്രവർത്തകരും എത്തിയതോടെ ഷൈജു അവരോടും സംസാരിക്കാൻ തയ്യാറായി. ഈ സാധ്യത മുതലാക്കി ഉച്ചയ്ക്ക് ഒന്നരയോടെ ആദ്യം ഒരുകുപ്പി വെള്ളം പരിചയക്കാർ ടവറിന്റെ താഴെത്തട്ടിലെത്തിച്ച് ഏറ്റവും മുകളിൽനിന്ന് ഇയാളെ കുറച്ച് താഴെയിറക്കി. പിന്നീട് മാധ്യമപ്രവർത്തകരും പോലീസും ഷൈജുവിൻറെ സുഹൃത്തുക്കളും ചേർന്ന് അനുനയിപ്പിച്ച് താഴെയിറക്കി. തുടർന്ന് ബേക്കൽ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..