തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷികം ആചരിച്ചു


കൊച്ചി: മാർത്തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷികാചരണത്തിൽ കാക്കനാട് മൗണ്ട് സെയ്ന്റ് തോമസിൽ നടത്തിയ പൊതുസമ്മേളനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.

സഹനങ്ങളും വേദനകളും വരുമ്പോൾ പരാജയഭീതിയോടെ പിൻമാറാതെ, കൂട്ടായ്മയുടെ പിൻബലത്തിൽ ധീരതയോടെ നേരിടാൻ സാധിക്കുന്നതാണു കാലഘട്ടം ആവശ്യപ്പെടുന്ന ക്രൈസ്തവ ജീവിതസാക്ഷ്യമെന്ന് കർദിനാൾ പറഞ്ഞു.

ആഘോഷമായ റാസകുർബാനയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാർമികത്വം വഹിച്ചു. കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, സഭാകാര്യാലയത്തിലെ വൈദികർ, വിവിധ രൂപതകളിൽനിന്നെത്തിയ വൈദികർ, സമർപ്പിതസമൂഹങ്ങളുടെ സുപ്പീരിയേഴ്സ് എന്നിവർ സഹകാർമികരായിരുന്നു. വിൻസെൻഷ്യൻ സന്യാസസമൂഹത്തിന്റെ സുപ്പീരിയർ ജനറൽ ഫാ. ജോൺ കണ്ടത്തിൻകര വചനസന്ദേശം നൽകി.

ഫാ. മൈക്കിൾ കാരിമറ്റത്തിന് മൽപാൻ പദവി നൽകി മേജർ ആർച്ച്ബിഷപ് ആദരിച്ചു. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ സമ്മേളനത്തിൽ പ്രകാശനം ചെയ്തു. സഭാചരിത്രപണ്ഡിതൻ ഫാ. പയസ് മലേക്കണ്ടം മുഖ്യപ്രഭാഷണം നടത്തി.

ആരാധനക്രമ പണ്ഡിതനായ ഫാ. തോമസ് മണ്ണൂരാംപറമ്പിൽ ഏർപ്പെടുത്തിയ ആരാധനാക്രമ പ്രഥമ അവാർഡിന് ചങ്ങനാശ്ശേരി അതിരൂപതയുടെ മുൻ മെത്രാപ്പോലീത്ത ആർച്ച്ബിഷപ് മാർ ജോസഫ് പൗവ്വത്തിലിനെ തിരഞ്ഞെടുത്തു. കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ചാൻസലർ ഫാ. വിൻസെൻറ്് ചെറുവത്തൂർ, ഫാ. ജോജി കല്ലിങ്കൽ എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..