തിരുവനന്തപുരം: ‘‘നല്ല ആഹാരം, വിശ്രമം, പരിശീലനം... ഈ മൂന്നുകാര്യങ്ങളിലും ശ്രദ്ധിക്കാത്തതുകൊണ്ടാണ്ട് എനിക്ക് ഈ അവസ്ഥ വന്നത്. ഭാവിതലമുറ ഒരിക്കലും ഇങ്ങനെയാകരുത്’’ -മജീഷ്യൻ നാഥ് പറയുന്നു. ഇതിനാലാണ് തനിക്ക് ചികിത്സാസഹായമായി ലഭിച്ച തുകയിൽനിന്ന് ഒരു വിഹിതം ഉപയോഗിച്ച് മാജിക്കിലൂടെ ബോധവത്കരണം നടത്താൻ ശ്രദ്ധിക്കുന്നത്.
മൂന്നുമാസം മുൻപാണ് വൻകുടലിൽ അർബുദമാണെന്ന് അറിയുന്നത്. ശസ്ത്രക്രിയയ്കും മറ്റു ചികിത്സകൾക്കും ശേഷം അവശനായെങ്കിലും വീട്ടിൽ വെറുതെയിരിക്കാൻ മജീഷ്യൻ നാഥ്(61) കൂട്ടാക്കിയില്ല.
കുട്ടികളിലെ തെറ്റായ ആഹാരക്രമങ്ങൾക്കെതിരേ ബോധവത്കരണം നടത്താനായിരുന്നു തീരുമാനം. രണ്ടാഴ്ചകൊണ്ട് തിരുവനന്തപുരം ജില്ലയിലെ ആറ് സ്കൂളുകളിൽ സൗജന്യമായി മാജിക് അവതരിപ്പിച്ചു. ഒരു പരിപാടിക്ക് ഏകദേശം 15,000 രൂപ ചെലവുണ്ട്. ജീവിതശൈലീരോഗങ്ങളെക്കുറിച്ചും കാൻസറിനെക്കുറിച്ചും പറഞ്ഞായിരുന്നു 40 വർഷമായി നാഥ് വേദിയിലെത്തിയിരുന്നത്.
15 വർഷം മുൻപ് തിരുവനന്തപുരം മുതൽ കാസർകോട് വരെ സഞ്ചരിക്കുന്ന സ്റ്റേജിൽ മാജിക് അവതരിപ്പിച്ചിട്ടുണ്ട്. അഞ്ചുമാസം കൊണ്ട് 300 പ്രദർശനംവരെ ഇങ്ങനെ നടത്തി. വിശ്രമമില്ലാതെ, കൃത്യസമയത്ത് ഭക്ഷണം കഴിക്കാതെയായുള്ള പ്രയാണം. വില്ലനായി കാൻസർ ജീവിതത്തിലേക്ക് കടന്നുവന്നു. ആർ.സി.സി.യിലാണ് ചികിത്സ.
വർക്കലയിൽ അയിരൂരിൽ ‘അക്ഷര’വീട്ടിൽ ഭാര്യ രജനിക്കും മക്കളായ മജീഷ്യൻ ഭാഗ്യനാഥ്, ജീവനാഥ് എന്നിവർക്കൊപ്പമാണ് ഇപ്പോൾ താമസം.
കോവിഡ്കാലത്ത് വീട്ടിലിരുന്ന സമയത്ത് അഞ്ചുപുസ്തകങ്ങളും എഴുതി. ചികിത്സകാരണം ക്ഷീണമുണ്ടെങ്കിലും കാൻസർ, ജീവിതശൈലീരോഗങ്ങൾ, മദ്യം-മയക്കുമരുന്ന് എന്നിവയ്ക്കെതിരേ ബോധവവത്കരണ മാജിക്ഷോ സൗജന്യമായി നടത്താൻ ഇപ്പോഴും സന്നദ്ധനാണ്. ഓഡിറ്റോറിയം സൗകര്യമുള്ള റെസിഡന്റ് അസോസിയേഷൻ ഭാരവാഹികളും സ്കൂളധികൃതരും ബന്ധപ്പെടണമെന്നാണ് മജീഷ്യൻ നാഥിന്റെ അഭ്യർഥന.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..