ഇന്റേണൽ പരീക്ഷ: പരാതി പരിഹരിക്കാൻ ത്രിതല സംവിധാനത്തിന് ശുപാശ


ഒരുമാസത്തിനുള്ളിൽ പരിഹരിക്കണം

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരീക്ഷാ, മൂല്യനിർണയരീതികളിൽ മാറ്റം നിർദേശിക്കുന്ന പരീക്ഷാ പരിഷ്കരണ കമ്മിഷൻ പരാതികൾ എങ്ങനെ പരിഹരിക്കണമെന്നതിനെക്കുറിച്ച് വിശദമായ ശുപാർശ നൽകി. ഇന്റേണൽ പരീക്ഷകളുടെ അനുപാതം 20 ശതമാനത്തിൽനിന്ന് 40 ശതമാനമായി ഉയരുന്നതോടെ കുട്ടികളിൽനിന്ന് കൂടുതൽ പരാതികൾക്ക് സാധ്യതയുണ്ടെന്നത് മുന്നിൽക്കണ്ടാണിത്. സെമസ്റ്റർ പരീക്ഷാ പ്രഖ്യാപനത്തിന് രണ്ടാഴ്ച മുമ്പുതന്നെ ഇന്റേണൽ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാനും ശുപാർശചെയ്തിട്ടുണ്ട്.

ഇന്റേണൽ പരീക്ഷയുമായി ബന്ധപ്പെട്ട രേഖകൾ കുറഞ്ഞത് ആറുമാസമെങ്കിലും കോളേജുകളിൽത്തന്നെ സൂക്ഷിക്കണം. കോളേജുകൾ നടത്തുന്ന ഇന്റേണൽ പരീക്ഷാരീതികൾ വിശകലനം ചെയ്യാൻ സർവകലാശാലകൾ പ്രത്യേകസംവിധാനം ഏർപ്പെടുത്തുകയും വേണം. ഇത് മൂല്യനിർണയവും ഗ്രേഡിങ്ങും നൽകുന്നതിൽ അധ്യാപകരെ കൂടുതൽ കാര്യപ്രാപ്തിയുള്ളവരാക്കുന്നതിന് സഹായിക്കുന്ന സംവിധാനമായിരിക്കണമെന്നും കമ്മിഷൻ ശുപാർശ ചെയ്തിട്ടുണ്ട്.

ഇന്റേണൽ അസസ്‌മെന്റുമായി ബന്ധപ്പെട്ട് ഏതു തരത്തിലുള്ള പരാതിയും പരിഹരിക്കാൻ സർവകലാശാലകൾ ഒരു ത്രിതല സംവിധാനമാണ് ആവിഷ്കരിക്കേണ്ടത്. ബന്ധപ്പെട്ട വകുപ്പ് മേധാവി, സീനിയർ അധ്യാപകൻ, ഫാക്കൽറ്റി സ്റ്റുഡന്റ് അഡ്വൈസർ എന്നിവരടങ്ങുന്ന സംവിധാനമാണ് ഒന്നാമത്തെ തലത്തിൽ. രണ്ടാമത്തെ തലത്തിൽ കോളേജ് പ്രിൻസിപ്പൽ, വകുപ്പ് മേധാവി, കോളേജ് തല സ്റ്റുഡന്റ് അഡ്വൈസർ, കോളേജ് യൂണിയൻ അധ്യക്ഷൻ അല്ലെങ്കിൽ വിദ്യാർഥി പ്രതിനിധി എന്നിവരടങ്ങുന്നതാണ് രണ്ടാമത്തെ തലം.

അവിടെയും പരിഹരിക്കാത്തവയാകും മൂന്നാംതലത്തിലെത്തുക. സർവകലാശാലാ തലത്തിലാകണം ഈ സംവിധാനമൊരുക്കേണ്ടത്. പരീക്ഷാ കൺട്രോളർ, സർവകലാശാല യൂണിയൻ ചെയർപേഴ്‌സൺ തുടങ്ങിയവർ ഉൾപ്പെടുന്നതായിരിക്കും ഈ തലം. പരാതികൾ ഒാരോ തലത്തിലും പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിൽ അവരുടെ നിർദേശത്തോടെ മാത്രമേ അടുത്തതലത്തിലേക്ക് അയക്കാവൂ.

ഇന്റേണൽ അസസ്‌മെന്റ് സംബന്ധിച്ച് വിദ്യാർഥിയിൽനിന്ന് എന്തെങ്കിലും പരാതി ലഭിക്കുകയാണെങ്കിൽ പത്തു ദിവസത്തിനുള്ളിൽ പരിഗണിച്ച് തീരുമാനമുണ്ടാക്കണം. മൂന്നു തലത്തിലും എത്തുന്ന പരാതിയാണെങ്കിൽ ഒരു മാസത്തിനുള്ളിൽ എല്ലാ നടപടികളും പൂർത്തിയാക്കി അവ പരിഹരിക്കപ്പെടണമെന്നും ഡോ. സി.ടി. അരവിന്ദകുമാർ അധ്യക്ഷനായ കമ്മിഷൻ സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..