പി.സി. ജോർജിന് ജാമ്യം: ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി


തിരുവനന്തപുരം: പീഡനക്കേസിൽ പി.സി. ജോർജിന് ജാമ്യം നൽകിയതിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി. ഉത്തരവിന്റെ പകർപ്പ് തിങ്കളാഴ്ചയോടെ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇത് ലഭിച്ചശേഷം അപ്പീൽ ഫയൽ ചെയ്യുമെന്ന് അവർ പറഞ്ഞു. പോലീസും പകർപ്പിനുവേണ്ടി കാത്തിരിക്കുകയാണ്. ഇതിനുശേഷമാകും തീരുമാനമെടുക്കുകയെന്ന് അന്വേഷണഉദ്യോഗസ്ഥർ വ്യക്തമാക്കി.

കേസിലെ തുടർനടപടികൾ ഉന്നതല തീരുമാനപ്രകാരമാകും പ്രോസിക്യൂഷൻ നടത്തുക. പരാതിക്കാരി അപ്പീൽ നൽകുന്ന സ്ഥിതിക്ക് പ്രോസിക്യൂഷൻ നേരിട്ട് അപ്പീൽ നൽകിയില്ലെങ്കിലും കോടതിയിൽ നിലപാട് വ്യക്തമാക്കാനാകും. മജിസ്‌ട്രേറ്റ് കോടതിവിധിക്കെതിരേ, ജില്ലാകോടതിയിലോ, ഹൈക്കോടതിയിലോ അപ്പീൽ നൽകാൻ കഴിയും.

തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (3)യാണ് ശനിയാഴ്ച രാത്രി പി.സി. ജോർജിന് ജാമ്യമനുവദിച്ചത്. പരാതി നൽകാൻ വൈകിയതും പരാതിക്കാരിയുടെ വിശ്വാസ്യതക്കുറവുമാണ് ജാമ്യംനൽകാൻ കോടതിയെ പ്രേരിപ്പിച്ചത്.

സ്വർണക്കടത്ത് കേസിനെക്കുറിച്ച് ചർച്ചചെയ്യാൻ ഫെബ്രുവരി 10-ന് നാലിന് തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിപ്പിച്ചശേഷം ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു പരാതി. ജാമ്യം ലഭിക്കാനിടയില്ലാത്ത ഐ.പി.സി. 354, 354 എ വകുപ്പുകളാണ് ചുമത്തിയിരുന്നത്. അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെയും പരാതിക്കാരിയെയും ഭീഷണപ്പെടുത്തരുതെന്നുമുള്ള വ്യവസ്ഥകളോടെയാണ് ജാമ്യംനൽകിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..