തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണമുണ്ടായാൽ നഷ്ടത്തിലുള്ള സർവീസും നടത്തും


തിരുവനന്തപുരം: ഗ്രാമവണ്ടി പദ്ധതിയിൽ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണമുണ്ടെങ്കിൽ നിലച്ചുപോയ സർവീസുകളടക്കം നഷ്ടംനോക്കാതെ ഓടിക്കുമെന്ന് മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു. ഭീമമായ നഷ്ടത്തിലല്ലാത്ത സർവീസുകൾ പുനഃക്രമീകരിച്ച് കൂടുതൽ സർവീസുകൾ ഓപ്പറേറ്റ് ചെയ്യാനാണ് ശ്രമമെന്നും സജീവ് ജോസഫിന്റെ സബ്മിഷന് മന്ത്രി മറുപടിനൽകി. ഇത്തരം സഹകരണത്തിലൂടെ ഇരിക്കൂർ മണ്ഡലത്തിലെ നിർത്തിയ എല്ലാ സർവീസുകളും പുനരാരംഭിച്ചതായി മന്ത്രി പറഞ്ഞു.

കാസർകോട്ടെ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ അമർച്ചചെയ്യും -മുഖ്യമന്ത്രി

കാസർകോട് ജില്ലയിൽ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ അമർച്ചചെയ്യാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരേ മജിസ്റ്റീരിയൽതല നടപടികളും കാപ്പ നിയമപ്രകാരമുള്ള നടപടികളുമെടുക്കുന്നുണ്ട്. ജില്ലാ മജിസ്ട്രേറ്റ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 19 പേർക്കെതിരേ കരുതൽതടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 16 പേർ കരുതൽതടങ്കലിലാണ്. ആറു പേർക്കെതിരേ നാടുകടത്തൽ ഉത്തരവും പുറപ്പെടുവിച്ചു.

മയക്കുമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിന്റെ ഭാഗമായി ഇക്കൊല്ലം ഇതുവരെ 500 കേസിലായി 597 പേരെ അറസ്റ്റുചെയ്തു. 2021-ൽ റിപ്പോർട്ടുചെയ്ത 78 ഭവനഭേദനക്കേസുകളിൽ 23 എണ്ണത്തിലും ഇക്കൊല്ലം റിപ്പോർട്ടുചെയ്ത 49 കേസുകളിൽ 20 എണ്ണത്തിലും പ്രതികളെ പിടികൂടി.

വിദേശത്തുനിന്ന് തിരികെയെത്തിയ കാസർകോട് സ്വദേശി അബൂബക്കർ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് കുമ്പള പോലീസ് അന്വേഷിച്ചുവരുകയാണ്. മഞ്ചേശ്വരം പോലീസ് രജിസ്റ്റർചെയ്ത കേസിൽ ആറുപ്രതികളെ അറസ്റ്റുചെയ്തതായും സി.എച്ച്. കുഞ്ഞമ്പുവിന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടിനൽകി.

റാന്നി മണ്ഡലത്തിലെ പട്ടയം: പ്രത്യേകസംഘത്തെ നിയോഗിക്കും -മന്ത്രി

റാന്നി മണ്ഡലത്തിൽ അർഹരായവർക്ക് പട്ടയം നൽകാനുള്ള തുടർനടപടികൾക്ക് പ്രത്യേക റവന്യൂസംഘത്തെ നിയോഗിക്കുമെന്ന് മന്ത്രി കെ. രാജൻ നിയമസഭയിൽ അറിയിച്ചു. പത്തനംതിട്ട ജില്ലയിൽ 1977 ജനുവരി ഒന്നിനുമുമ്പ്‌ കൈവശംവെച്ച ഭൂമിക്ക്‌ പട്ടയം അനുവദിക്കാൻ വനംവകുപ്പുമായി ചേർന്നുനടത്തിയ സംയുക്ത പരിശോധനയിൽ 6362 കൈവശങ്ങളിലായി 1970.04 ഹെക്ടർ ഭൂമിയുടെ വിവരങ്ങൾ കേന്ദ്രസർക്കാരിന്റെ അനുമതിക്ക് സമർപ്പിച്ചതായി പ്രമോദ് നാരായന്റെ സബ്മിഷനുള്ള മറുപടിയായി മന്ത്രി അറിയിച്ചു.

പെരുമ്പെട്ടിയിലെ കൈവശക്കാർക്ക് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹൈക്കോടതിവിധിക്കെതിരേ സർക്കാർ സുപ്രീംകോടതിയിൽ കേസ് ഫയൽചെയ്യുകയും സുപ്രീംകോടതി തത്‌സ്ഥിതി നിലനിർത്താൻ ഉത്തരവിടുകയും ചെയ്തതായും മന്ത്രി അറിയിച്ചു.

കോവളത്ത് 417 പട്ടയങ്ങൾ വിതരണത്തിന് -മന്ത്രി

കോവളം മണ്ഡലത്തിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ 417 പട്ടയങ്ങൾ വിതരണത്തിനുള്ള വിവിധ ഘട്ടങ്ങളിലാണെന്ന് മന്ത്രി കെ. രാജൻ സഭയിൽ അറിയിച്ചു. 33 പട്ടയങ്ങൾ വിതരണത്തിന് സജ്ജമാക്കിയിട്ടുള്ളതും 384 പട്ടയ അപേക്ഷകൾ താലൂക്കോഫീസിൽ വിവിധഘട്ട നടപടികളിലുമാണെന്ന് എം. വിൻസന്റിന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.

കോവളത്തെ തീരദേശ വില്ലേജുകളിൽ പട്ടയത്തിന്‌ അപേക്ഷിച്ച 316 അപേക്ഷകരുടെ ഭൂമി കേരളത്തിന്റെ കഡാസ്ട്രൽ സർവേ അതിർത്തിക്കു പുറത്തുള്ള കടൽ പുറമ്പോക്കിൽപ്പെട്ടതാണ്. ഈ ഭൂമിക്ക് പട്ടയം നൽകണമെങ്കിൽ സെൻട്രൽ സർവേ ഓഫ് ഇന്ത്യയുടെ അനുമതിയോടെ സർവേ നടത്തി വിജ്ഞാപനം പുറപ്പെടുവിക്കണം.

കേരളം അടുത്ത നാലുവർഷംകൊണ്ട് സമ്പൂർണമായി ഡിജിറ്റൽ സർവേ ചെയ്യുന്നതിനുള്ള നടപടികളുമായാണ് മുന്നോട്ടുപോകുന്നത്. ഈ സന്ദർഭത്തിൽ ഇത്തരം ഭൂമികൾക്ക് പ്രത്യേക പ്രാധാന്യംനൽകി സർവേചെയ്ത് രേഖകൾ തയ്യാറാക്കി തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതിവാങ്ങി അർഹരായവർക്ക് പട്ടയംനൽകുന്ന വിഷയം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..