ചട്ടമ്പിസ്വാമികൾ നായർ സമുദായത്തിന്റെ ആത്മീയാചാര്യൻ- ജി.സുകുമാരൻ നായർ


ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലത്ത് ക്ഷേത്രവും പഠനകേന്ദ്രവും തുറന്നു

തിരുവനന്തപുരം: നായർ സമുദായത്തിന്റെ ആത്മീയാചാര്യനാണ് ചട്ടമ്പിസ്വാമികളെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. മന്നത്ത് പത്മനാഭൻ സമുദായ ആചാര്യനും ആത്മീയ ആചാര്യൻ ചട്ടമ്പിസ്വാമികളുമാണ്. രണ്ടുപേരുടെയും ലക്ഷ്യം ഒന്നുതന്നെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലമായ കണ്ണമ്മൂലയിൽ എൻ.എസ്.എസ്. തിരുവനന്തപുരം താലൂക്ക് യൂണിയൻ പണികഴിപ്പിച്ച ക്ഷേത്രത്തിന്റെയും പഠനഗവേഷണ കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മന്നത്ത് പദ്മനാഭന്റെയും ചട്ടമ്പിസ്വാമിയുടെയും ചിത്രങ്ങൾ വച്ച് വിളക്ക് കൊളുത്തിയാണ് എൻ.എസ്.എസിന്റെ എല്ലാ ചടങ്ങുകൾക്കും തുടക്കം കുറിക്കുന്നത്. സമുദായാചാര്യനായ മന്നത്ത് പദ്മനാഭൻ തുടങ്ങിവച്ച സ്ഥാപനങ്ങൾ ഇന്ന് എല്ലാവിഭാഗം ജനങ്ങൾക്കും ഗുണം ചെയ്യുന്നുണ്ട്. ലോകശ്രദ്ധയാകർഷിക്കുന്ന രീതിയിലുള്ള മഹാപ്രസ്ഥാനമായി ചട്ടമ്പിസ്വാമികളുടെ പേരിലുള്ള പഠനകേന്ദ്രം മാറുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലത്ത് സ്മാരകമുയർത്താനുള്ള ശ്രമങ്ങൾക്കിടെ കലാപസമാനമായ അവസ്ഥയാണുണ്ടായതെന്ന് ജി.സുകുമാരൻ നായർ പറഞ്ഞു. അന്നത്തെ യു.ഡി.എഫ്. സർക്കാർ വഞ്ചിയൂർ വില്ലേജിൽ ഇതിനായി 18.5 സെന്റ് സ്ഥലം അനുവദിക്കുമെന്ന് ക്യാബിനറ്റിൽ തീരുമാനിച്ചിരുന്നു. എന്നാൽ ആ സർക്കാരോ പിന്നീട് വന്ന സർക്കാരുകളോ ഇക്കാര്യത്തിൽ ഒരു നടപടിയും കൈക്കൊണ്ടില്ല. നായർ സർവീസ് സൊസൈറ്റിയുടേയും അംഗങ്ങളുടേയും സഹിഷ്ണുതയും ദൃഢനിശ്ചയവുംകൊണ്ട് മാത്രമാണ് ഈ മണ്ഡപവും പഠനകേന്ദ്രവും യാഥാർഥ്യമായതെന്നും സുകുമാരൻ നായർ പറഞ്ഞു.

കേരളത്തിലെ ഹൈന്ദവ പ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം നിർണായകമായ പങ്കുവഹിച്ചിട്ടുള്ള സംഘടനയാണ്‌ നായർ സർവീസ് സൊസൈറ്റിയെന്ന് ചടങ്ങിൽ ആശംസയർപ്പിച്ച കേന്ദ്രമന്ത്രി വി.മുരളീധരൻ അഭിപ്രായപ്പെട്ടു. ശബരിമലയിൽ ആചാരലംഘനത്തിലേക്ക്‌ നയിക്കുന്ന തീരുമാനങ്ങളുണ്ടായപ്പോൾ തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിലാണ് ആദ്യമായി പ്രതിഷേധം ഉണ്ടായതെന്നും വി.മുരളീധരൻ പറഞ്ഞു.

ചടങ്ങിൽ തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.സംഗീത് കുമാർ അധ്യക്ഷനായി. ചിറയിൻകീഴ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. ജി. മധുസൂദനൻ പിള്ള, നെടുമങ്ങാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. വി.എ. ബാബുരാജ്, കാട്ടാക്കട താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി.ചന്ദ്രശേഖരൻ നായർ, നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ ചെയർമാൻ പി.എസ്.നാരായണൻ നായർ, പന്തളം താലൂക്ക് യൂണിയൻ പ്രസിഡന്റ് പന്തളം വി.ശിവൻകുട്ടി, തിരുവനന്തപുരം താലൂക്ക് വനിതാ യൂണിയൻ പ്രസിഡന്റ് എം.ഈശ്വരി അമ്മ, തിരുവനന്തപുരം താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എം.വിനോദ് കുമാർ, സെക്രട്ടറി വിജു വി.നായർ, കരയോഗ അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..