തിരുവനന്തപുരം: കേരളാപോലീസിന്റെ ‘സ്‌ട്രൈക്കേഴ്‌സ് ടീമി’ന്റെ കാവലുള്ള എ.കെ.ജി. സെന്ററിൽ എങ്ങനെ ആക്രമണം നടത്താനായെന്നാണ് മുഖ്യമന്ത്രി വിശദീകരിക്കേണ്ടതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
ആക്രമണം നടന്ന ഗേറ്റിനടുത്ത് കന്റോൺമെന്റ് പോലീസ് സ്റ്റേഷനിലെ ഒരു ജീപ്പ് രാത്രിയിൽ ഉണ്ടാകാറുണ്ട്. ആക്രമണം നടന്ന ദിവസംമാത്രം അതില്ലാതെ പോയത് എങ്ങനെയാണ്. ആരാണ് പോലീസ് ജീപ്പും കാവലും മാറ്റിക്കൊടുത്തതെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനുശേഷം ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലെന്ന് അറിയിച്ച് പ്രതിപക്ഷ അംഗങ്ങൾ സഭയിൽനിന്ന് ഇറങ്ങിപ്പോയി.
സന്ന്യാസിമാർ പറയുന്നതുപോലെ വിശുദ്ധി വേണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ജീവിതവിശുദ്ധി ചർച്ചചെയ്യാനല്ല പ്രതിപക്ഷം അടിയന്തരപ്രമേയം കൊണ്ടുവന്നത്. വിവാദങ്ങളിൽനിന്ന് ഒളിച്ചോടാനാണ് സി.പി.എം. എ.കെ.ജി. സെന്റർ ആക്രമണം എന്ന പദ്ധതിയുണ്ടാക്കിയത്.
എ.കെ.ജി. സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് ഏതെങ്കിലുമൊരു കോൺഗ്രസ് പ്രവർത്തകനു ബന്ധമുണ്ടെന്നുപറയാൻ മുഖ്യമന്ത്രിക്കു കഴിഞ്ഞില്ല. കെ.പി.സി.സി. ഓഫീസ് ആക്രമിച്ച പ്രതികളുടെ ചിത്രങ്ങൾ കൃത്യമായി പതിഞ്ഞെങ്കിലും ഒരാളെപ്പോലും അറസ്റ്റുചെയ്തിട്ടില്ല.
ആക്രമണത്തിന്റെ ഉത്തരവാദിത്വം കോൺഗ്രസിന്റെ തലയിൽ കെട്ടിവെച്ച് കലാപത്തിനുള്ള ആഹ്വാനമാണ് ഇ.പി. ജയരാജൻ നടത്തിയത്. സംഭവം നടക്കുന്നതിന് അരമണിക്കൂർമുമ്പേ ജയരാജൻ അവിടേക്ക് പുറപ്പെട്ടോയെന്ന് സംശയമുണ്ടെന്നും സതീശൻ പരിഹസിച്ചു.
പോലീസ് കാവലുള്ളപ്പോഴാണ് കോട്ടയത്ത് ഡി.സി.സി. ഓഫീസ് ആക്രമിക്കപ്പെട്ടത്.
അമ്പലപ്പുഴയിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി എം.എൽ.എ.യുടെ നേതൃത്വത്തിൽ പ്രകടനം നടന്നു. പോപ്പുലർ ഫ്രണ്ട് വിളിച്ച മുദ്രാവാക്യവും ഇതുതന്നെയായിരുന്നില്ലേ.
കെ.പി.സി.സി. അധ്യക്ഷനും പ്രതിപക്ഷനേതാവും കൈക്കരുത്ത് അറിയുമെന്ന് ഇതേ എം.എൽ.എ. ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടു. എന്നിട്ടും കേസെടുത്തില്ല. എ.കെ.ജി. സെന്ററിൽ കല്ലെറിയുമെന്ന് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ട യുവാവിന്റെ പേരിൽ കേസെടുത്തു -സതീശൻ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..