തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാലത്തിന്റെ തകർച്ചയും കൂളിമാട് പാലം നിർമാണത്തിനിടെയുണ്ടായ അപകടവും രണ്ടാണെന്നും അത് കൂട്ടിച്ചേർക്കാൻ പ്രതിപക്ഷം ശ്രമിക്കരുതെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ.
ആദ്യത്തേത് ക്രമക്കേടും രണ്ടാമത്തേത് സാങ്കേതികപ്പിഴവുമാണ്. പാലാരിവട്ടം പാലത്തിന്റെ നിർമാണത്തിൽ കരാറിനു വിരുദ്ധമായി മന്ത്രി ഇടപെട്ട് മൊബിലൈസേഷൻ അവാർഡ് നൽകാൻ തീരുമാനിച്ചിരുന്നു.
പാലാരിവട്ടം പാലത്തിന്റെ നിർമാണത്തിൽ ക്രമക്കേട് കാട്ടിയ ആർ.ഡി.എസ്. കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്താൻ ദേശീയപാതാ വിഭാഗം സൂപ്രണ്ടിങ് എൻജിനിയർക്ക് ശുപാർശ നൽകിയെന്നും മന്ത്രി പറഞ്ഞു.
ഒരു നിർമാണക്കമ്പനിയോട് വിദ്വേഷമോ മമതയോ സർക്കാരിനില്ല. കൂളിമാട് പാലം നിർമിച്ചുകൊണ്ടിരിക്കുന്ന കമ്പനിക്ക് അക്രഡിറ്റഡ് ഏജൻസി പദവി നൽകിയത് ഉമ്മൻചാണ്ടി സർക്കാരാണ്. പല പ്രതിപക്ഷ എം.എൽ.എ.മാരും തങ്ങളുടെ മണ്ഡലത്തിലെ നിർമാണച്ചുമതല ഈ കമ്പനിക്കു നൽകണമെന്നാവശ്യപ്പെട്ട് കത്തുനൽകിയിട്ടുണ്ട്. കുറെ നല്ല പ്രവൃത്തികൾ ചെയ്തിട്ടുണ്ടെന്നു കരുതി തെറ്റുചെയ്താൽ ആ കമ്പനിക്കൊപ്പം നിൽക്കാൻ സർക്കാർ തയ്യാറല്ല -മന്ത്രി പറഞ്ഞു.
കൂളിമാട് പാലത്തിന്റെ കാര്യത്തിൽ പൊതുമരാമത്ത് വിജിലൻസ് വിഭാഗം തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് മടക്കിയയച്ചത് ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തതവരുത്താനാണ്. പാലം തകർന്നത് ഹൈഡ്രോളിക് ജാക്കിയുടെ തകരാർകൊണ്ടാണ്. നിർമാണപ്രവൃത്തിയുടെ ഗുണമേന്മയിൽ വീഴ്ചയില്ല.
നിർമാണച്ചുമതലയുള്ള അസി. എക്സിക്യുട്ടീവ് എൻജിനിയർ അപകടസമയത്ത് അവധിയിലായിരുന്നു. എക്സിക്യുട്ടീവ് എൻജിനിയർ പകരം ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നില്ല. അസി. എൻജിനിയർ സ്ഥലത്തുണ്ടായിരുന്നില്ല. വീഴ്ചവരുത്തിയവർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വി.ഡി. സതീശൻ, റോജി എം. ജോൺ, അൻവർസാദത്ത്, കെ. ബാബു, ഉമ തോമസ്, എൽദോസ് കുന്നപ്പിള്ളി എന്നിവർക്കാണ് മന്ത്രി മറുപടിനൽകിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..