‘കസ്തൂരിരംഗൻ ശരിയായ തീരുമാനമെടുത്തെങ്കിൽ ചാരക്കേസ് തുടക്കത്തിലേ അവസാനിച്ചേനേ’


തിരുവനന്തപുരം: ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ ഡോ. കസ്തൂരിരംഗന്റെ സമയോചിതമായ ഇടപെടലുണ്ടായിരുന്നെങ്കിൽ ചാരക്കേസ് തുടക്കത്തിൽത്തന്നെ വെറും ആരോപണമായി അവസാനിക്കുമായിരുന്നെന്ന് വെളിപ്പെടുത്തൽ.

ചാരക്കേസിന്റെ സമയത്ത്, എൽ.പി.എസ്.സി. ഡയറക്ടറായിരുന്ന ഡോ. അബ്രഹാം മുത്തുനായകം രചിച്ച ‘ഫ്രം സ്‌പെയ്‌സ് ടു സീ-മൈ ഇസ്രോ ജേണി ആൻഡ് ബിയോണ്ട്’ എന്ന പുസ്തകത്തിലാണ് ചാരക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ പരാമർശിക്കുന്നത്. തിങ്കളാഴ്ച തിരുവനന്തപുരത്തുനടന്ന ചടങ്ങിൽ മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ പുസ്തകം പ്രകാശനംചെയ്തു.

1994-ലാണ് ക്രയോജനിക് സിസ്റ്റം പ്രോജക്ട് ഡയറക്ടറായിരുന്ന നമ്പി നാരായണനും എൻജിൻ ഫാബ്രിക്കേഷനിലെ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടറായിരുന്ന ഡി. ശശികുമാറിനുമെതിരേ ചാരവൃത്തി ആരോപണമുണ്ടാകുന്നത്. എൽ.പി.എസ്.സി. ഡയറക്ടറായിരുന്ന മുത്തുനായകത്തിന്റെ കീഴിലാണ് ഇവർ രണ്ടുപേരും ജോലിചെയ്തിരുന്നത്. തെളിവില്ലാത്ത ആരോപണങ്ങളായിരുന്നു ഇതുമായി ബന്ധപ്പെട്ടുണ്ടായതെന്ന് പുസ്തകത്തിൽ പറയുന്നു.

പുസ്തകത്തിന്റെ 15-ാം അധ്യായത്തിലാണ് മുത്തുനായകം ചാരക്കേസിനെക്കുറിച്ച് പ്രതിപാദിക്കുന്നത്. അന്നത്തെ ബഹിരാകാശവകുപ്പ് ജോയന്റ് സെക്രട്ടറി, എൽ.പി.എസ്.സി. ഡയറക്ടറായ തന്നോട് ആലോചിക്കാതെയാണ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേരള പോലീസുമായി ചർച്ചചെയ്തത്. ഇതോടെ വകുപ്പിലുണ്ടായ കാര്യങ്ങൾ പോലീസിനോട് കൃത്യമായി വിശദീകരിക്കാൻ കഴിയാതായി.

അന്ന് ബഹിരാകാശ വകുപ്പ് സെക്രട്ടറിയായിരുന്ന കസ്തൂരിരംഗന് എൽ.പി.എസ്.സി.യെക്കുറിച്ചും അവിടത്തെ കാര്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. സർവീസിൽ തന്റെ ജൂനിയറും പുതിയ പദവിയിലെത്തുന്നതിൽ താൻ അദ്ദേഹത്തിനൊരു എതിരാളിയായിരുന്നോയെന്ന സംശയവും കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തന്റെ അഭിപ്രായങ്ങളെ വിശ്വാസത്തിലെടുക്കാൻ കസ്തൂരിരംഗൻ തയ്യാറായില്ല. കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിൽവരുന്ന കേസിൽ, കേരള പോലിസിന്റെ ഇടപെടലിന് പ്രസക്തിയുണ്ടായിരുന്നില്ല.

ഈ സമയത്ത് എൽ.പി.എസ്.സി. ഡയറക്ടറായിരുന്ന തന്നെ വിശ്വാസത്തിലെടുത്ത്, വകുപ്പുതല അന്വേഷണത്തിന് കസ്തൂരിരംഗൻ തയ്യാറായിരുന്നെങ്കിൽ പ്രാഥമിക ഘട്ടത്തിൽതന്നെ ആരോപണത്തിന്റെ പൊള്ളത്തരങ്ങൾ വ്യക്തമായേനെ. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് വസ്തുതകൾ പുറത്തെത്തിക്കാൻ കസ്തൂരിരംഗൻ ശ്രമിച്ചില്ല. ഇത് രാജ്യത്തിന്റെ ശാസ്ത്രമേഖലയിൽ മികച്ച സംഭാവനകൾ നൽകിയ രണ്ട് ശാസ്ത്രജ്ഞരുടെ ജീവിതം തകർത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..