തിരുവനന്തപുരം: സർക്കാരിനുനേരെയുണ്ടായ ആരോപണങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് എ.കെ.ജി. സെന്ററിലേക്ക് ആക്രമണമുണ്ടായതെന്ന പ്രതിപക്ഷത്തിന്റെ കുറ്റപ്പെടുത്തൽ മുഖ്യമന്ത്രി തള്ളി.
ഒരു ഉൾക്കിടിലവുമില്ലാതെ ഏത് ആരോപണത്തെയും നേരിടാൻ കഴിയുന്നത് മടിയിൽ കനമുള്ളവനേ വഴിയിൽ പേടിയുള്ളൂ എന്നതുകൊണ്ടുമാത്രമല്ല, ജീവിതത്തിൽ ശുദ്ധി പുലർത്തുന്നതുകൊണ്ടുകൂടിയാണ്. അതുകൊണ്ടാണ് ചിരിച്ചുകൊണ്ട് നേരിടാൻ കഴിയുന്നത് -മുഖ്യമന്ത്രി പറഞ്ഞു.
എ.കെ.ജി. സെന്റർ ആക്രമണത്തെ കോൺഗ്രസ് അപലപിക്കാത്തത് ആശ്ചര്യപ്പെടുത്തി. ബോംബിന്റെ രീതികൾ നിങ്ങളുടെ നേതാവിനോടുതന്നെ ചോദിക്കുന്നതാകും നല്ലതെന്ന് കെ. സുധാകരനെ പരോക്ഷമായി സൂചിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു.
അദ്ദേഹം ഡി.സി.സി. പ്രസിഡന്റായിരുന്നപ്പോൾ ഒരു മാധ്യമം നൽകിയ റിപ്പോർട്ടിൽ ഡി.സി.സി. ഓഫീസിൽ നിർമിക്കുന്ന മൂന്ന് ബോംബുകളെക്കുറിച്ചു പറയുന്നുണ്ട്. മാരകമായത്, അത്ര മാരകമല്ലാത്തത്, ഉഗ്രശബ്ദമുള്ളതും അപകടമില്ലാത്തതുമായ ബോംബുകൾ എന്നിവയാണത്. പ്രമേയം അവതരിപ്പിച്ചയാൾ നാനോ ബോംബ് എന്നൊക്കെ പറയുന്നതുകേട്ടു. പുതിയകാലത്ത് അത്തരം രീതിയുണ്ടാകുമായിരിക്കും.
രാഷ്ട്രീയപ്രവർത്തനത്തിന്റെ പേരിൽ ഏതെങ്കിലും പാർട്ടി ഓഫീസുകൾ ആക്രമിക്കുന്നത് തെറ്റായ കാര്യമാണെന്നാണ് ഞങ്ങളുടെ നിലപാട്. അതിനാലാണ് അത്തരം സംഭവങ്ങളെ അപലപിക്കാൻ വൈമുഖ്യമില്ലാത്തത്.
കെ.പി.സി.സി. ഓഫീസ് ആക്രമിച്ചവർക്കെതിരേ പ്രതിപക്ഷനേതാവിന്റെ വസതിയിൽ അതിക്രമിച്ചുകടന്നവർക്കെതിരേയും കേസെടുത്തിട്ടുണ്ട്. കോടിയേരിയുടെ പ്രസംഗവേദിക്കരികിൽ ബോംബെറിഞ്ഞ സംഭവത്തിൽ ആറ് ബി.ജെ.പി. പ്രവർത്തകരുടെ പേരിൽ കേസെടുത്തിട്ടുണ്ട്. കൃഷ്ണപിള്ള സ്മാരകം കത്തിച്ച സംഭവത്തിൽ പല കാര്യങ്ങളുണ്ട്. പ്രത്യേക അന്വേഷണരീതിയിലൂടെയാണ് അതുണ്ടായത്. അതേക്കുറിച്ച് കൂടുതൽ പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..