കോളേജുകളിലെ ഇന്റേണൽ മാർക്ക് വർധന: അന്തിമതീരുമാനം ചർച്ചകൾക്കുശേഷമെന്ന് മന്ത്രി


തിരുവനന്തപുരം: കോളേജ് വിദ്യാർഥികളുടെ ഇന്റേണൽ മാർക്ക് 40 ശതമാനമായി വർധിപ്പിച്ച ഉന്നതവിദ്യാഭ്യാസ പരീക്ഷാ പരിഷ്കാരകമ്മിഷന്റെ ശുപാർശ വിദ്യാർഥികളും അധ്യാപകരുമായി ചർച്ച ചെയ്തു മാത്രമേ തീരുമാനിക്കൂവെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു പത്രസമ്മേളനത്തിൽ പറഞ്ഞു. സ്വകാര്യ കല്പിത സർവകലാശാലകൾ സ്ഥാപിക്കുന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാർഥിസംഘടനകളുടെ അഭിപ്രായം തേടിയശേഷം തയ്യാറാക്കിയിട്ടുള്ളതാണ് പരീക്ഷാ പരിഷ്കാര കമ്മിഷന്റെ റിപ്പോർട്ട്. എല്ലാ നിർദേശവും അതേപടി നടപ്പാക്കണമെന്ന നിർബന്ധബുദ്ധി ഇക്കാര്യത്തിലില്ല. ഇന്റേണൽ മാർക്കിനെക്കുറിച്ചുള്ള ആശങ്ക പരിഹരിക്കാൻ വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്തും. ഉന്നത വിദ്യാഭ്യാസ കമ്മിഷനുകളെ എല്ലാ റിപ്പോർട്ടുകളും കിട്ടിയശേഷം വിശദചർച്ചയ്ക്കായി അധ്യാപക-വിദ്യാർഥി ശില്പശാല സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

കേരളത്തിനുപുറത്തു വിവിധ മേഖലകളിലുള്ള മലയാളികളായ പ്രഗല്‌ഭരുടെ വിജ്ഞാനസമ്പത്ത് ഉന്നതവിദ്യാഭ്യാസരംഗത്ത് പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ബ്രെയിൻ ഗെയിൻ പദ്ധതിയടക്കമുള്ള പുതിയ സംരംഭങ്ങൾ ചൊവ്വാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. എം.ജി., വെറ്ററിനറി എന്നീ സർവകലാശാലകളിലും തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുമാണ് ആദ്യഘട്ട പദ്ധതി. പദ്ധതിയുടെ ഭാഗമായി എത്തുന്നവരുടെ മുഴുവൻ ചെലവും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വഹിക്കും.

ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ആസ്ഥാനമായ ഉന്നതവിദ്യാഭവന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിക്കും. ഇ-ജേർണൽ കൺസോർഷ്യം ഉൾപ്പെടെയുള്ള ശാക്തീകരണ സംരംഭങ്ങളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..