നിങ്ങൾ നിൽക്കുന്നത് ഞങ്ങളുടെ കരുത്തിൽ -പിണറായി; ആർ.എസ്.എസ്. വോട്ടിൽ പിണറായി ജയിച്ചിട്ടുണ്ട് -സതീശൻ


1 min read
Read later
Print
Share

ആർ.എസ്.എസ്. ബന്ധത്തെച്ചൊല്ലി സഭയിൽ വാക്പോര്

വി.ഡി സതീശൻ, പിണറായി വിജയൻ

തിരുവനന്തപുരം: കണ്ണൂരിലെ ബോംബുകളെപ്പറ്റി നിയമസഭയിൽ കണക്കുനിരത്തുന്നതിനിടെ ആർ.എസ്.എസ്., ബി.ജെ.പി. ബന്ധത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും തമ്മിൽ വാക്‌പോര്.

പൊട്ടിയ ബോംബുകളുടെയും പരിക്കേറ്റവരുടെയും ചരിത്രം വിവരിക്കുമ്പോൾ ഇരുപക്ഷത്തിനുമുള്ള ആർ.എസ്.എസ്. ബന്ധം രൂക്ഷമായ ആരോപണ, പ്രത്യാരോപണത്തിനു വഴിമരുന്നിട്ടു. വർഗീയപ്പാർട്ടികളെ ഒപ്പംകൂട്ടാനുള്ള മനോഭാവമാണ് കോൺഗ്രസിനെന്ന് മുഖ്യമന്ത്രിയും ആർ.എസ്.എസിന്റെ വോട്ടുകൊണ്ടു ജയിച്ചിട്ടുള്ള ആളാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷനേതാവും കുറ്റപ്പെടുത്തി.

കണ്ണൂർ ചാവശ്ശേരി കാശിമുക്കിനു സമീപം ആക്രിസാധനങ്ങൾ ശേഖരിക്കുന്നതിനിടെ ഇതരസംസ്ഥാനക്കാരായ അച്ഛനും മകനും ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടതിനെപ്പറ്റി സണ്ണി ജോസഫ് കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിൽ മുഖ്യമന്ത്രിയുടെ മറുപടിയാണ് വാദപ്രതിവാദത്തിലേക്കു നീണ്ടത്.

ഏതുനിമിഷവും എവിടെയും ബി.ജെ.പി.ക്ക് വരാനാകും എന്നതിന്റെ നേരിയ ചിന്തയെങ്കിലും കോൺഗ്രസ് നേതൃത്വത്തിനുണ്ടോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. കൂട്ടത്തോടെ നിങ്ങളെ വാരിയാലും ഇവിടെ ഇടതുപക്ഷത്തെ തകർക്കാനാവില്ല. നിങ്ങൾക്കുതന്നെ ഇങ്ങനെ നിൽക്കാൻ കഴിയുന്നത് ഞങ്ങളുടെ കരുത്തുകൊണ്ടാണ്. മറ്റു സംസ്ഥാനങ്ങളിൽ സംഭവിക്കുന്നത് തിരിച്ചറിയണം. ബി.ജെ.പി.ക്കുവേണ്ടി ഇടതുപക്ഷത്തെ തകർക്കാനാണ് നിങ്ങളുടെ ശ്രമം. ത്രിപുരയിൽ സി.പി.എമ്മിനെ തകർക്കാൻ കോൺഗ്രസിനെ ബി.ജെ.പി. ഉപയോഗിച്ചു -മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂരിൽ കൂടുതൽ ആക്രമണം നടത്തുന്നതും സമാധാനം തകർക്കാൻ ശ്രമിക്കുന്നതും ആർ.എസ്.എസ്., എസ്.ഡി.പി.ഐ., പോപ്പുലർ ഫ്രണ്ട് എന്നിവരാണെന്നും ഇവരെക്കുറിച്ച് കോൺഗ്രസ് ഒരക്ഷരം പറയുന്നില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. സമാധാനം തകർക്കാൻ ആസൂത്രിതമായി ശ്രമിക്കുന്നവരെ ഒന്നിച്ചുകൂട്ടാൻ സഹായിക്കുന്ന ചില ഘടകങ്ങൾ കോൺഗ്രസിനുണ്ടെന്നും പിണറായി പറഞ്ഞു.

1977-ൽ പിണറായി വിജയൻ നിയമസഭയിൽ എത്തിയത് ആർ.എസ്.എസ്. വോട്ടുവാങ്ങിയാണെന്നു പറഞ്ഞായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ തിരിച്ചടി. ഒരു യു.ഡി.എഫുകാരനും ആർ.എസ്.എസിന്റെ വോട്ടുതേടിയിട്ടില്ല. ആർ.എസ്.എസ്. വോട്ടുകൊണ്ട് നിയമസഭയിൽ എത്തിയിട്ടുമില്ല. ആർ.എസ്.എസുമായി ചേർന്നാണ് യു.ഡി.എഫ്. പ്രവർത്തിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ആർ.എസ്.എസിന്റെ വോട്ടുകിട്ടി ജയിച്ച് നിയമസഭയിലെത്തിയ എം.എൽ.എ.യല്ലേ പിണറായി വിജയൻ? നിങ്ങൾ ആർ.എസ്.എസ്. നേതാക്കളുമായി ഒന്നിച്ച് വേദിപങ്കിട്ടില്ലേ? അവരുടെ നേതാക്കൾ വന്ന് പിണറായി വിജയനെ ജയിപ്പിക്കണമെന്ന് പറഞ്ഞു. വർഗീയതയ്ക്കെതിരേ മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസ് ആവശ്യമിെല്ലന്നും സതീശൻ പറഞ്ഞു.

പ്രമേയം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്നിറങ്ങിപ്പോയി.

Content Highlights: Pinarayi Vijayan and VD Satheeshan On RSS relation controversy

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..