തൊഴിലുറപ്പിൽ നിരീക്ഷണം കടുക്കും


1 min read
Read later
Print
Share

പലർക്കും ജോലി നിർത്തേണ്ടിവരുമെന്ന് ആശങ്ക

വടക്കഞ്ചേരി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലികളുടെ നിരീക്ഷണം കർശനമാക്കാനൊരുങ്ങുന്നു. നിലവിൽ തൊഴിലുറപ്പ് തൊഴിലാളികൾ ഹാജർ രേഖപ്പെടുത്തുന്ന മൊബൈൽ ആപ്പായ എൻ.എം.എം.എസിൽ ഓരോദിവസത്തെ ജോലിയുടെ പൂർത്തീകരണംകൂടി അതത് ദിവസം രേഖപ്പെടുത്തേണ്ടിവരും. ഓരോദിവസവും നിശ്ചിതജോലി പൂർത്തീകരിച്ചാൽ മാത്രമേ മുഴുവൻ വേതനവും ലഭിക്കയുള്ളൂ. ജോലിയുടെ അളവ് കുറഞ്ഞാൽ അതിനനുസരിച്ച് വേതനവും കുറയും.

ജോലിയുടെ അളവ് രേഖപ്പെടുത്തുന്നതിനായി എൻ.എം.എ.എസ്. ആപ്പിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്ന നടപടി പുരോഗമിക്കുകയാണ്. രണ്ടുമാസത്തിനുള്ളിൽ ഇത് സജ്ജമാകുമെന്നാണ് കരുതുന്നത്. ഓരോദിവസവും നിശ്ചിതജോലി പൂർത്തിയാക്കണമെന്നത് തൊഴിലുറപ്പിൽ മുമ്പുമുതലുള്ള വ്യവസ്ഥയാണെങ്കിലും ഇത് കർശനമായി നിരീക്ഷിച്ചിരുന്നില്ല. തൊഴിലാളികളിൽ ഭൂരിഭാഗവും 50നും 60നും ഇടയിൽ പ്രായമുള്ളവരും പലരും ശാരീരികമായ പ്രയാസം നേരിടുന്നവരുമായതിനാലാണ് ഇളവ് നൽകിയിരുന്നത്.

ആപ്പ് വഴി നിരീക്ഷണം കർശനമാക്കുന്നതോടെ ഒരുദിവസം നിശ്ചിത അളവിൽ ജോലിയെന്നത് പലർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത സാഹചര്യമാകും. ജോലി നിർത്തേണ്ടിവരുമെന്ന ആശങ്കയും തൊഴിലാളികൾക്കിടയിൽ ഉയർന്നുതുടങ്ങിയിട്ടുണ്ട്. എൻ.എം.എം.എസ്. ആപ്പ് വന്നപ്പോൾ സ്മാർട്ട്ഫോണില്ലാത്തതിനെത്തുടർന്ന് പല സംഘങ്ങളിലും പിരിവിട്ടാണ് ഫോൺ വാങ്ങിയത്. തൊഴിലുറപ്പിൽ രാജ്യത്ത് 15.28 കോടി ആക്ടീവ് വർക്കർമാരുണ്ട്. കേരളത്തിൽ 25.9 ലക്ഷവും. ഇതിൽ 20.2 ലക്ഷവും സ്ത്രീകളാണ്. ഓഗസ്റ്റ് ഒന്നുമുതൽ ഓരോ പഞ്ചായത്തിലും ഒരേസമയം 20 ജോലിയിൽക്കൂടുതൽ പാടില്ലെന്ന് കേന്ദ്രനിർശേവുംകൂടി വന്നതോടെ തൊഴിൽദിനങ്ങളും കുറയും.

പണിയായുധങ്ങൾക്കുള്ള കൂലി ഇപ്പോഴില്ല

തൊഴിലുറപ്പിൽ തൊഴിലാളികൾ കൊണ്ടുവന്നിരുന്ന പണിയായുധങ്ങൾക്ക് മൂർച്ച കൂട്ടുന്നതിനായി നൽകിവന്നിരുന്ന കൂലി ഇപ്പോഴില്ല. തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തന മാർഗനിർദേശങ്ങളിൽ കൂലി നൽകുന്നതുമായി ബന്ധപ്പെട്ട് പരാമർശിക്കുന്ന ഖണ്ഡികതന്നെ എടുത്തുകളഞ്ഞ് മിഷൻഡയറക്ടർ ഉത്തരവിറക്കി. ഒരുദിവസം 311 രൂപ വേതനത്തിനുപുറമേ മൂന്നുരൂപമുതൽ അഞ്ചുരൂപവരെ പണിയായുധങ്ങൾ മൂർച്ചകൂട്ടുന്നതിനായി നൽകിയിരുന്നു. ആവർത്തനസ്വഭാവമുള്ള ജോലികൾ ഒഴിവാക്കുന്ന കാര്യത്തിലും പിടി മുറുകുമെന്നാണ് സൂചന.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..