ഫിലോമിനയുടെ കുടുംബത്തിന് 23 ലക്ഷം രൂപ തിരിച്ചു നൽകി


മന്ത്രി വാസവന്റെ പരാമർശത്തിൽ അതൃപ്തി തുറന്നു പറഞ്ഞ് കുടുംബം

ഇരിങ്ങാലക്കുട: വീട്ടിലെത്തിയ മന്ത്രി ആർ. ബിന്ദു 21 ലക്ഷത്തിന്റെ ചെക്കും 500 രൂപയുടെ നാല് കെട്ടുകളായി രണ്ടുലക്ഷം രൂപയും നൽകിയപ്പോൾ ദേവസിയുടെ ഉള്ളൊന്ന് പിടഞ്ഞു. കൈകൾ വിറച്ചു. ഒപ്പമുണ്ടായിരുന്ന മകൻ ഡിനോയും വിതുമ്പി. പണം വാങ്ങിയശേഷം ദേവസി പറഞ്ഞു. “സന്തോഷം........”

കരുവന്നൂർ ബാങ്കിൽ നിക്ഷേപമുണ്ടായിരുന്നിട്ടും വിദഗ്‌ധ ചികിത്സയ്ക്ക് പണം ലഭിക്കാത്തതിനെ തുടർന്ന് മരിച്ച മാപ്രാണത്തെ ഫിലോമിനയുടെ കുടുംബത്തിനാണ് മന്ത്രി ആർ. ബിന്ദുവിന്റെ നേതൃത്വത്തിൽ ബാങ്ക് അധികൃതരും സഹകരണസംഘം ഉദ്യോഗസ്ഥരും ചേർന്ന് പണവും ചെക്കും നൽകിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം മാപ്രാണം പള്ളിക്ക് സമീപമുള്ള വീട്ടിലെത്തിയത്.

കരുവന്നൂർ ബാങ്കിൽ ഫിലോമിനയുടെ പേരിൽ മൂന്ന് ലക്ഷവും ദേവസിയുടെ പേരിൽ ഒമ്പത് ലക്ഷവും സേവിങ്ങായും ബാക്കി തുക സ്ഥിരനിക്ഷേപവുമായി 23,64,313 രൂപയാണ് ഉണ്ടായിരുന്നത്. ഇതിൽ 23 ലക്ഷമാണ് ഇപ്പോൾ ചെക്കായും പണമായും തിരിച്ചുനൽകിയത്.

ചെക്കും പണവും കൈപ്പറ്റിയ ദേവസി ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം മന്ത്രി വാസവൻ നടത്തിയ പ്രസ്താവനയിൽ തന്റെ വിയോജിപ്പ് വ്യക്തമാക്കി. നേരത്തെ നാലര ലക്ഷം രൂപ നൽകിയിട്ടുണ്ടെങ്കിലും അതൊന്നും ഭാര്യയുടെ ചികിത്സയ്ക്കല്ലായിരുന്നെന്നും ദേവസിയും ഡിനോയും വ്യക്തമാക്കി. എന്നാൽ അത് ചികിത്സാ സഹായമല്ല, മൊത്തം നൽകിയതിന്റെ കണക്കാണ്‌ മന്ത്രി അവതരിപ്പിച്ചതെന്ന് ഉദ്യോഗസ്ഥന്മാർ പറഞ്ഞു. എന്നാൽ സഹകരണമന്ത്രി ചികിത്സാ സഹായമെന്നാണെന്നാണ് പറഞ്ഞതെന്ന് ഡിനോ ഉറപ്പിച്ച് വ്യക്തമാക്കി. തർക്കത്തിൽ ഇടപെട്ട മന്ത്രി ആർ. ബിന്ദു പ്രശ്നം സുഖപര്യവസായിയായി അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് വിഷയം അവസാനിപ്പിച്ചു.

കരുവന്നൂർ ബാങ്കിലെ നിക്ഷേപകർ ആരും തന്നെ പ്രയാസപ്പെടരുതെന്ന ഉദ്ദേശ്യത്തോടു കൂടി സർക്കാർ കാര്യമായി ഇടപെടൽ നടത്തുന്നുണ്ടെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..