കണ്ണൂർ: സപ്ലൈകോ വിതരണം ചെയ്യുന്ന ഓണക്കിറ്റിൽ ഇപ്രാവശ്യവും കുടുംബശ്രീയുടെ മധുരം. കിറ്റിൽ ഉൾപ്പെടുത്തിയ ശർക്കരവരട്ടിയും കായവറുത്തതും കുടുംബശ്രീ എത്തിച്ചുനൽകും. ഇതിനായി സപ്ലൈക്കോ 12.89 കോടി രൂപയുടെ ഓർഡർ കുടുംബശ്രീക്ക് നൽകി.
നേന്ത്രക്കായ ചിപ്സും ശർക്കരവരട്ടിയും ഉൾപ്പെടെ 42,63,341 പായ്ക്കറ്റുകളാണ് കുടുംബശ്രീ ഓണക്കിറ്റുകൾക്കായി നൽകുക. നൂറു ഗ്രാം വീതമുള്ള ഒരു പായ്ക്കറ്റിന് ജി.എസ്.ടി. ഉൾപ്പെടെ 30.24 രൂപ നിരക്കിൽ സംരംഭകർക്ക് ലഭിക്കും. സംസ്ഥാനത്തെ മുന്നൂറിലേറെ കുടുംബശ്രീ യൂണിറ്റുകൾ വഴിയാണ് ഉത്‌പന്ന നിർമാണവും വിതരണവും. ഓഗസ്റ്റ് ഇരുപതിനകം വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
കുടുംബശ്രീ യൂണിറ്റുകൾ തയ്യാറാക്കുന്ന ഉത്‌പന്നങ്ങൾ സപ്ളൈക്കോയുടെ കീഴിലുള്ള 56 ഡിപ്പോകളിൽ എത്തിക്കും. ഉത്പന്ന നിർമാണവും വിതരണവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ലാ മിഷനുകൾക്ക് നിർദേശം നൽകി. ഉത്പന്നങ്ങൾ ഡിപ്പോയിൽ എത്തിക്കുന്ന മുറയ്ക്ക് സപ്ലൈകോ സംരംഭകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകും.
കഴിഞ്ഞ വർഷവും ഓണക്കിറ്റിലേക്ക് കുടുബശ്രീ ഉത്പന്നങ്ങൾ വിതരണം ചെയ്തിരുന്നു. ചിപ്സും ശർക്കരവരട്ടിയും ഉൾപ്പെടെ 41.17 ലക്ഷം പായ്ക്കറ്റ് നൽകുന്നതിനുള്ള ഓർഡറാണ് അന്ന് ലഭിച്ചത്. ഇതിലൂടെ 11.99 കോടി രൂപയുടെ വിറ്റുവരവാണ് സംരംഭകർ നേടിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..