കൈത്തറിവസ്ത്രങ്ങൾക്ക് 15 ശതമാനത്തോളം വില കൂടും; റിബേറ്റ് കൂട്ടണമെന്ന് സംഘങ്ങൾ


കണ്ണൂർ: നൂലിനും ചായങ്ങൾക്കുമുള്ള വൻ വിലക്കയറ്റം കാരണം കൈത്തറിവസ്ത്രങ്ങളുടെ വിലയിൽ 15 ശതമാനത്തിന്റെ വർധനയുണ്ടാകും. ഓഗസ്റ്റ് പത്തുമുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും.

ഷർട്ട് തുണികൾക്ക് 12 ശതമാനവും ലുങ്കി, മുണ്ട്, കിടക്കവിരി, ടവ്വൽ എന്നിവയ്ക്ക് 15 ശതമാനവുമാണ് വില കൂടുന്നത്. പ്രതിസന്ധി പരിഹരിക്കാനും ഓണത്തിനുള്ള റിബേറ്റ് വില്പനയെ വിലക്കയറ്റം ബാധിക്കാതിരിക്കാനും സർക്കാർ റിബേറ്റ് 20 ശതമനത്തിൽനിന്ന് 30 ശതമാനമാക്കി ഉയർത്താൻ കണ്ണൂർ ജില്ലാ വീവേഴ്സ് സൊസൈറ്റി ആവശ്യപ്പെട്ടു.

റിബേറ്റ് കുടിശ്ശിക കിട്ടിയതിന്റെ ആശ്വാസത്തിൽ കഴിഞ്ഞിരുന്ന കൈത്തറി സംഘങ്ങൾക്ക് അസംസ്കൃതവസ്തുക്കളുടെ വിലക്കയറ്റം വൻ തിരിച്ചടിയായി. 2019-ലാണ് തുണികളുടെ വില പുതുക്കിയത്. ഇതിനുശേഷം നൂൽവില നേരേ ഇരട്ടിയായി. ഇതിന് പുറമേ തൊഴിലാളികളുടെ കൂലിയും ഡി.എ.യും വർധിച്ചു.

ചായങ്ങളുടെ വില ഇരട്ടിയോളമായി. 2019-ൽ ഒരുകിലോ ചായത്തിന് 4000 രൂപയായിരുന്നു. ഇപ്പോൾ 11,000 രൂപയായി. സ്വകാര്യ കമ്പനികളിൽനിന്ന് നാഷണൽ ഹാൻഡ്‌ലൂം ഡെവലപ്മെന്റ് കോർപ്പറേഷൻ മുഖേനയാണ് സംഘങ്ങൾ ചായങ്ങൾ വാങ്ങുന്നത്.

കണ്ണൂരിലെ സംഘങ്ങളാണ് അസംസ്കൃത സാധനങ്ങളുടെ വിലക്കയറ്റം കാരണം കൂടുതൽ പ്രതിസന്ധിയിലായത്. കഴിഞ്ഞ ഒരുവർഷം സംഘങ്ങൾ നഷ്ടം സഹിച്ചാണ് പ്രവർത്തിച്ചതെന്ന് കണ്ണൂർ ജില്ലാ വീവേഴ്‌സ് സൊസൈറ്റി സെക്രട്ടറി കെ.വി. സന്തോഷ് കുമാർ പറഞ്ഞു.

കണ്ണൂർ ജില്ലയിൽ 36 കൈത്തറിസംഘങ്ങളുണ്ട്. കേരളത്തിലാകെ നാനൂറിൽപ്പരവും. കണ്ണൂർ ജില്ലയിൽ രണ്ടായിരം തറികൾ. ഇതിൽ 850 തറികൾ സ്കൂൾ യൂണിഫോം തുണികൾ നെയ്യുന്നതിന് നീക്കിവെച്ചിരിക്കുകയാണ്. ശരാശരി 40 കോടി രൂപയുടെ ഉത്‌പാദനമാണ് ഒരുവർഷം. ഇതിൽ 30 ശതമാനം കയറ്റുമതിക്കുള്ളതാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..