സ്വാതന്ത്ര്യജൂബിലിക്ക് നിയമസഭ ചേരണമെന്ന് പ്രതിപക്ഷം, വഴങ്ങാതെ സർക്കാർ


1 min read
Read later
Print
Share

തിരുവനന്തപുരം : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷം. 25-ാം വാർഷികത്തിനും 40-ാം വാർഷികത്തിനും നിയമസഭയുടെ പ്രത്യേകസമ്മേളനം ചേർന്നത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഈയാവശ്യമുന്നയിച്ചത്. എന്നാൽ, സർക്കാർ വഴങ്ങാൻ സാധ്യതയില്ല.

1972-ൽ സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരിക്കെയാണ് സ്വാതന്ത്ര്യത്തിന്റെ രജതജൂബിലി നിയമസഭ ആഘോഷിച്ചത്. ഓഗസ്‌റ്റ് 14-ന് പത്തരയോടെ സഭ ചേർന്ന് 15-ന് 12 മണിയോടെ പിരിഞ്ഞു. മറ്റു നടപടിക്രമങ്ങളൊന്നുമുണ്ടായിരുന്നില്ല. ഗവർണർ വി. വിശ്വനാഥനും പങ്കെടുത്തു. ആ സമ്മേളനം സി.പി.എം. നേതൃത്വത്തിലുള്ള പ്രതിപക്ഷം ബഹിഷ്കരിച്ചു.

സ്വാതന്ത്ര്യത്തിന്റെ 40-ാം വാർഷികത്തിന് 1987-ലാണ് പ്രത്യേക യോഗം സഭയിൽ ചേർന്നത്. ഇ.കെ. നായനാരായിരുന്നു മുഖ്യമന്ത്രി. ഓഗസ്റ്റ് എട്ടിന് ക്വിറ്റിന്ത്യാ സമരവാർഷികം പ്രമാണിച്ച് നിയമസഭാസമ്മേളനം ചേരുന്നത് ഉചിതമാകുമെന്നനിലയിൽ പാർലമെന്റിൽനിന്ന് കത്തുവന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലായിരുന്നു ആദ്യ ആലോചന. ഇക്കാര്യത്തിൽ ധാരണയുണ്ടായെങ്കിലും ഇടതുപക്ഷം ക്വിറ്റിന്ത്യാസമരത്തെ അംഗീകരിച്ചിരുന്നില്ലെന്ന വിമർശനമുണ്ടായി. തുടർന്ന് ക്വിറ്റിന്ത്യാദിനമായ ഓഗസ്റ്റ് എട്ടിനു പകരം 13-നാണ് സ്വാതന്ത്ര്യത്തിന്റെ 40-ാം വാർഷികത്തിന്റെപേരിൽ പ്രത്യേക സമ്മേളനം ചേർന്നത്.

പഴയ നിയമസഭാഹാളിൽ നടന്ന സമ്മേളനത്തിൽ വിസിറ്റേഴ്‌സ് ഗാലറിയും പ്രസ് ഗാലറിയും അന്ന് സ്വാതന്ത്ര്യസമരസേനാനികൾക്കായി ഒഴിച്ചിട്ടു. സി.എം.പി.യുടെ ഏകാംഗമായ എം.വി. രാഘവന് സംസാരിക്കാൻ അവസരം നൽകാഞ്ഞതിനാൽ അദ്ദേഹം ഇറങ്ങിപ്പോയി.

മന്ത്രിസഭ നൽകുന്ന ശുപാർശയുടെ അടിസ്ഥാനത്തിൽ ഗവർണറാണ് നിയമസഭ വിളിച്ചുചേർക്കുക. ഇങ്ങനെ ചേരുന്ന സമ്മേളനം സഭയുടെ സിറ്റിങ്ങായി കണക്കാക്കും. എന്നാൽ, സിറ്റിങ്ങല്ലാത്ത രീതിയിൽ സ്പീക്കർക്ക് സഭാംഗങ്ങളുടെ പ്രത്യേകയോഗം വിളിക്കാനാകും.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..