ജോലിഭാരത്തിൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽമാർ


ചട്ടിപ്പറമ്പ്(മലപ്പുറം): ഒരേസമയം അധ്യാപന ജോലിയും ഓഫീസ് ഉത്തരവാദിത്വങ്ങളും നിർവഹിക്കുന്ന സംസ്ഥാനത്തെ ഹയർസെക്കൻഡറി പ്രിൻസിപ്പൽമാർക്ക് വീണ്ടും ദുരിതം. പ്ലസ് വൺ പ്രവേശന നടപടികൾക്കൊപ്പം രണ്ടാംവർഷ വിദ്യാർഥികളുടെ സേ പരീക്ഷാ മൂല്യനിർണയം, സാക്ഷരത പഠിതാക്കളുടെ ഹയർസെക്കൻഡറിതല തുല്യതാ പരീക്ഷ, എൻ.എസ്.എസ്. വോളന്റിയർമാരുടെ സപ്തദിന ക്യാമ്പ് എന്നിവയുടെ നടത്തിപ്പും ഒരുമിച്ച് നിർവഹിക്കേണ്ടിവന്നതാണ് ഇപ്പോഴത്തെ പ്രശ്നം.

പ്ലസ് വൺ അപേക്ഷകരെ കൂടിക്കാഴ്ച നടത്തി പ്രവേശനം നൽകുന്നത് പ്രിൻസിപ്പൽമാരാണ്. ഇതോടൊപ്പം പി.ടി.എ. ഫണ്ടും സ്പെഷ്യൽ ഫീസുമെല്ലാം പിരിക്കണം. രണ്ടാംവർഷ വിദ്യാർഥികളുടെ സേ പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പുകളിൽ കോ-ഓർഡിനേറ്ററുടെ ചുമതലയും പ്രിൻസിപ്പൽമാർക്കാണ്. തുല്യതാ പഠന പദ്ധതിയിൽ ഒന്നര വർഷത്തിലധികമായി നടന്നുവരുന്ന ബാച്ചിലെ പഠിതാക്കളുടെ പരീക്ഷയും ഇതിനിടയിൽത്തന്നെയാണ് നടക്കുന്നത്. പരീക്ഷാ ചീഫ് സൂപ്രണ്ടിന്റെ ചുമതല, എൻ.എസ്.എസ്. സപ്തദിന ക്യാമ്പിന്റെ ചുമതല എന്നിവയും പ്രിൻസിപ്പൽമാർക്കാണ്.

ഉത്തരവാദിത്വങ്ങളെല്ലാം ഒന്നിച്ചെത്തിയപ്പോൾ എങ്ങനെ നിർവഹിക്കുമെന്ന ആശങ്കയിലാണ് ഇവർ. അനധ്യാപക, ഓഫീസ് ജീവനക്കാരുള്ള ഹൈസ്കൂളിനെ ഹയർസെക്കൻഡറിയുടെ ഭാഗമാക്കുമെന്നത് നീണ്ടുപോകുന്നതും പ്രിൻസിപ്പൽമാരുടെ ദുരിതം ഇരിട്ടിയാക്കുന്നു.

ഭാരിച്ച ഉത്തരവാദിത്വം

ഒരാൾക്ക് ചെയ്തുതീർക്കാനാവാത്ത ഭാരിച്ച ഉത്തരവാദിത്വങ്ങളാണ് പ്രിൻസിപ്പൽമാർക്ക് ഇപ്പോഴുള്ളത്. സ്കൂൾ ഏകീകരണമില്ലെങ്കിലും ഒരേ ഡയറക്ടറേറ്റിലെ അക്കാദമിക്, പരീക്ഷ വിഭാഗങ്ങൾതമ്മിൽ വേണ്ടത്ര ഏകോപനമുണ്ടായാൽ പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാം.

-ഡോ. എൻ. സക്കീർ സൈനുദ്ദീൻ, സംസ്ഥാന പ്രസിഡന്റ്, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽസ് അസോസിയേഷൻ

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..