കാലാവധി കഴിഞ്ഞവർ വീണ്ടും കൃഷി ഓഫീസർ കസേരയിൽ


നടപടി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ പട്ടികയിൽ നിരവധിയാളുകൾ ശേഷിക്കെ

കണ്ണൂർ: കൃഷി ഓഫീസർ തസ്തികയിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നിയമിച്ചവരെ കാലാവധി കഴിഞ്ഞും പുനർനിയമിക്കാൻ ഉത്തരവ്. കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ 2021 ഒക്ടോബറിലെയും ഡിസംബറിലെയും ഉത്തരവുകൾ അനുസരിച്ച് കൃഷി ഓഫീസർമാരായി നിയമിച്ചവരുടെ സേവനകാലാവധിയാണ് വീണ്ടും നീട്ടിയത്.

യോഗ്യരായ നിരവധിയാളുകൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ പട്ടികയിൽ ശേഷിക്കെയാണ് വകുപ്പുനടപടിയെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. എക്സ്ചേഞ്ച് വഴി നിയമനം നടത്തുന്നത് ആറുമാസത്തേക്ക് മാത്രമാണെന്നിരിക്കെയാണ് 64,000 രൂപ ശമ്പള സ്കെയിലുള്ള തസ്തികയിൽ മുൻപ് നിയമിച്ചവരെതന്നെ വീണ്ടും നിയമിക്കുന്നത്.

കൃഷി ഓഫീസർ ഒഴിവുകൾ സംബന്ധിച്ച് അന്വേഷിക്കുമ്പോൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പറയുന്നതെന്നും എംപ്ലോയ്‌മെന്റ് പട്ടികയിലുള്ളവർപോലും ഒഴിവുകൾ സംബന്ധിച്ച് അറിയുന്നില്ലെന്നും പരാതിയുണ്ട്. കാലാവധി നീട്ടിനല്കുന്നത് സംബന്ധിച്ചുള്ള ഉത്തരവുകൾ കൃഷിഭവനുകളിലേക്ക് നേരിട്ടാണ് എത്തുന്നതെന്നും ഉദ്യോഗാർഥികൾ ആരോപിക്കുന്നു.

കൃഷി ഓഫീസർ തസ്തികയിൽ നിലവിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ചിട്ടുള്ളവർക്ക് 179 ദിവസത്തെ സേവന കാലാവധി തീരുന്നതനുസരിച്ച് ചുരുങ്ങിയത് ഒരുദിവസത്തെ ഇടവേളയെടുത്ത് ജോലിയിൽ തുടരാമെന്ന് ഉത്തരവിൽ പറയുന്നു. എക്സ്ചേഞ്ച് വഴി പുതിയ ബാച്ചിലെ കൃഷി ഓഫീസർമാരെ താത്കാലികമായി നിയമിക്കുന്നതുവരെയോ പരമാവധി 90 ദിവസം വരെയോ ഇവർക്ക് താത്കാലികമായി തുടരാം. വകുപ്പിൽ കൃഷി ഓഫീസർമാരുടെ കുറവും പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിൽ ഇല്ലാത്തതുമാണ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി താത്കാലികമായി നിയമിച്ചവരെ തന്നെ വീണ്ടും നിയമിക്കുന്നതെന്നാണ് ഉത്തരവിൽ പറയുന്നത്.

പുതിയ പട്ടിക വരുമ്പോൾ പിൻവലിക്കും

കൃഷി ഓഫീസർ തസ്തികയിലെ 150-ഓളം ഒഴിവുകൾ പി.എസ്.സി.യെ അറിയിച്ചിട്ടുണ്ട്. വകുപ്പിലെ പദ്ധതിനിർവഹണ പ്രവർത്തനങ്ങളെയും മറ്റും ഓഫീസർമാരുടെ കുറവ് കാര്യമായി ബാധിക്കുന്നതിനാലാണ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിനെയും സേവനകാലാവധി കഴിഞ്ഞവരെയും ആശ്രയിക്കേണ്ടിവരുന്നത്. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ പുതിയ പട്ടിക നിലവിൽവരുന്നതോടെ ഇന്റർവ്യൂ നടത്തി കാലാവധി കഴിഞ്ഞവരെ പിൻവലിക്കും.

ടി.വി. സുഭാഷ് (‍ഡയറക്ടർ

കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, തിരുവനന്തപുരം)

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..