പൊതുമരാമത്ത് ആപ്പിൽ കിട്ടുന്ന പരാതി നാലുദിവസത്തിനകം പരിഹരിക്കണം


നിർദേശവുമായി െപാതുമരാമത്ത് സെക്രട്ടറി

തിരുവനന്തപുരം: മരാമത്ത് വിഭാഗത്തിന്റെ മൊബൈൽ ആപ്പിൽ പരാതിലഭിച്ചാൽ നാലുദിവസത്തിനകം പരിഹരിക്കണമെന്ന് പൊതുമരാമത്ത് സെക്രട്ടറിയുടെ നിർദേശം. ആപ്പ് വഴിയുള്ള പ്രശ്നപരിഹാരം വൈകുകയാണെന്നും ബന്ധപ്പെട്ട എൻജിനിയർമാർ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും വ്യാപകപരാതിയുയർന്ന സാഹചര്യത്തിലാണിത്. കഴിഞ്ഞവർഷം ജൂണിലാണ് പി.ഡബ്ല്യു.ഡി. ഫോർ യു ആപ്പ് പുറത്തിറക്കിയത്.

വകുപ്പിന്റെ 29,000 കിലോമീറ്റർ വരുന്ന റോഡിന്റെ വിവരങ്ങൾ ഐ റോഡ്‌സ് സോഫ്റ്റ്‌വേർ ഉപയോഗിച്ച് ആപ്പിലേക്ക് മാറ്റിയിരുന്നു. മരാമത്ത് അറ്റക്കുറ്റപ്പണി വേണമെങ്കിൽ ജനത്തിന് ആപ്പ് വഴി പരാതി കൈമാറാം. ഫോട്ടോ, വീഡിയോ സഹിതമാണ് പരാതികൾ അയക്കേണ്ടത്.

പരാതി കൺട്രോൾറൂമിലെത്തിയശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ മൊബൈൽ സന്ദേശമായോ ഇ-മെയിലിലൂടെയോ അറിയിക്കും. ആപ്പിന്റെ പോരായ്മകളെക്കുറിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിഹാരം കർശനമാക്കാൻ തീരുമാനിച്ചത്. നിലവിൽ ഇതുവരെ ആപ്പിൽ 21,226 പരാതിയാണ് ലഭിച്ചത്. ഇതിൽ 15,578 എണ്ണം തീർപ്പാക്കി. ബാക്കി പരിഹരിച്ചുകൊണ്ടിരിക്കുന്നു.

സെക്രട്ടറിയുടെ പ്രധാന നിർദേശങ്ങൾ

*റണ്ണിങ് കരാറിലുൾപ്പെട്ടതും അല്ലാത്തതുമായ പണികളുമായി ബന്ധപ്പെട്ട പരാതികൾ വേഗം തീർപ്പാക്കണം. നിരീക്ഷണച്ചുമതല എക്സിക്യുട്ടീവ് എൻജിനിയർക്കാണ്. പരാതിക്കാരനോട് ആദ്യം സംസാരിക്കേണ്ടതും എന്തെങ്കിലും നിർദേശങ്ങളുണ്ടെങ്കിൽ അതു ചോദിക്കേണ്ടതും ഇദ്ദേഹമാണ്

* അസി. എൻജിനിയർമാർ ദിവസവും മൂന്നുതവണയെങ്കിലും ലോഗിൻചെയ്ത് പുതിയ പരാതിയുണ്ടോയെന്ന് നോക്കണം.

*കെ.എസ്.ടി.പി.യിലെ പബ്ലിക് ഇൻഫർമേഷൻ സെൽ വഴി പരാതി പണിസ്ഥലത്തെ എൻജിനിയർക്കും കൈമാറും. നടപടിയെടുത്തിട്ടുള്ള വിവരങ്ങൾ പരാതിക്കാരനെ അറിയിക്കേണ്ടതും സെല്ലാണ്.

*നാലുദിവസത്തിനകം പരിഹരിച്ചില്ലെങ്കിൽ കാരണം സഹിതം അസി. എൻജിനിയർമാർ ഐ റോഡ്‌സ് സോഫ്റ്റ്‌വേറിൽ വിവരം രേഖപ്പെടുത്തണം.

*കെ.എസ്.ടി.പി.യിലെ സൂപ്രണ്ടിങ് എൻജിനിയറാണ് (പ്രോജക്ട്) ആപ്പിന്റെ നോഡൽ ഓഫീസർ. ഇതുമായി ബന്ധപ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പ് എല്ലാദിവസവും രാത്രി ഏഴുമണിക്ക് നോക്കി പരാതികൾ തീർപ്പാക്കിയോയെന്നും പരിശോധിക്കണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..