സ്വതന്ത്ര ഇന്ത്യക്ക് 75 ; പിൻകോഡിന് 50


ബോധവത്കരണവുമായി തപാൽ വകുപ്പ് ഡയറക്ടർ

കൊച്ചി: ഇന്ത്യ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ പിൻകോഡ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പോസ്റ്റൽ ഇൻഡക്‌സ് നമ്പർ 50 വയസ്സ് തികയ്ക്കുന്നു. 1972-ൽ വാർത്താവിതരണമന്ത്രാലയം അഡീഷണൽ സെക്രട്ടറി ശ്രീറാം ഭികാചി വെളാങ്കാറുടെ നേതൃത്വത്തിലാണ് പിൻകോഡ് സംവിധാനം നടപ്പാക്കിയത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും എട്ട് പിൻ മേഖലകളിലായി ഉൾപ്പെടുത്തിയാണ് സേവനം ആരംഭിച്ചത്. ആറ്ക്കങ്ങളുള്ള പിൻകോഡിലെ ഓരോ അക്കവും ഓരോ സൂചനയാണ്.

* ആദ്യ അക്കം രാജ്യത്തെ എട്ട് മേഖലകളിൽ ഏതിൽ എന്ന് സൂചിപ്പിക്കുന്നു.

1- ഡൽഹി മുതൽ വടക്കോട്ട്

2- ഉത്തർപ്രദേശ് - ഉത്തരാഖണ്ഡ്

3- രാജസ്ഥാനും ഗുജറാത്തും ഉൾപ്പെടെയുള്ള പടിഞ്ഞാറൻ മേഖല

4- മഹാരാഷ്ട, ഗോവ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് ഉൾപ്പെടെ മധ്യ-പശ്ചിമ മേഖല

5- തെലങ്കാന, ആന്ധ്ര, കർണാടക ഉൾപ്പെടെയുള്ള തെക്കൻമേഖല

6- കേരളം, തമിഴ്നാട്, ലക്ഷ്ദ്വീപ് ഉൾപ്പെടെയുള്ള ഏറ്റവും തെക്കൻ മേഖല

7-ബംഗാൾ, ഒഡിഷ, മറ്റ് കിഴക്കൻ സംസ്ഥാനങ്ങൾ

8- ബിഹാർ, ഝാർഖണ്ഡ് മേഖല

9- ആർമി പോസ്റ്റൽ സർവീസ്

* രണ്ടാമത്തെ അക്കം പോസ്റ്റ് ഓഫീസ് ഉൾപ്പെടുന്ന ഉപമേഖലയെ സൂചിപ്പിക്കുന്നു.

ആദ്യ അക്കം 6 ആയ കേരളത്തിൽ 7, 8, 9 എന്നിവയാണ് പിൻകോഡിലെ രണ്ടാമത്തെ അക്കം.

* മൂന്നാമത്തെ അക്കം തപാൽ തരംതിരിക്കുന്ന സോർട്ടിങ് ജില്ലയെ സൂചിപ്പിക്കുന്നു.

* അവസാനത്തെ മൂന്ന് അക്കങ്ങളാണ് പോസ്റ്റ് ഓഫീസിനെ പ്രതിനിധാനം ചെയ്യുന്നത്.

ഒരു പോസ്റ്റ് ഓഫീസിനു കീഴിലുള്ള ബ്രാഞ്ച് ഓഫീസുകളെ പിൻകോഡ് കൊണ്ട് തിരിക്കുന്നില്ല.

പിൻകോഡ് മാത്രം വെച്ച് രാജ്യത്തെ ഒരു ജില്ലയിലെ ഒരു മേഖല ഏതെന്ന് മനസ്സിലാക്കാനാവും എന്നതാണ് പിൻകോഡിന്റെ പ്രത്യേകതയെന്ന് തിരുവനന്തപുരത്ത് പോസ്റ്റൽ സർവീസ് ഡയറക്ടറായ കെ.കെ. ഡേവിസ് പറഞ്ഞു.

ഇന്ത്യയിൽ ഒരേപേരുള്ള ഒട്ടേറെ സ്ഥലങ്ങളുണ്ട്. എറണാകുളം എം.ജി റോഡിൽ തന്നെ നാല് പോസ്റ്റ് ഓഫീസുണ്ട്. ഇവിടെയെല്ലാം പിൻകോഡ് ആണ് സ്ഥലം കണ്ടെത്താൻ സഹായിക്കുന്നത്.

1982 മുതൽ സോർട്ട് അസിസ്റ്റന്റായി ജോലി ചെയ്യുന്ന ഡേവിസ് പിൻകോഡിലെ പിശകുകളും പിൻകോഡ് ശരിയല്ലാത്തതിനാൽ കത്തുകൾ വൈകുന്നതും കണ്ടെത്തിയിരുന്നു. ഇതോടെ പിൻകോഡിന്റെ പ്രാധാന്യവും ആവശ്യവും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ‘പിൻ പാൾസ്’ ക്ലബ്ബും സ്ഥാപിച്ചു. പിൻകോഡുകളെ കുറിച്ച് 444 ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട് അദ്ദേഹം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..