അടിച്ചേൽപ്പിക്കൽ വേണ്ടേ വേണ്ടാ...


അതിരൂപത സംരക്ഷണ സമിതി സിനഡിന് നിവേദനം സമർപ്പിച്ചു

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടും കുർബാന അർപ്പണ രീതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ കൂടിയ സാഹചര്യത്തിൽ അതിരൂപത സംരക്ഷണ സമിതി സിറോ മലബാർ സഭാ സിനഡിന് നിവേദനം നൽകി. 16-ന് കൂടുന്ന സിറോ മലബാർ സഭയുടെ മെത്രാൻ സിനഡിന് മുന്നോടിയായി സിനഡ് സെക്രട്ടറി ആർച്ച്ബിഷപ്പ് ജോസഫ് പാംപ്ലാനിക്കും കൂരിയ മെത്രാൻ ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിനുമാണ് നിവേദനം നൽകിയത്.

കുർബാന വിഷയത്തിൽ 2021 ഓഗസ്റ്റിൽ എടുത്ത തീരുമാനത്തിൽ കാനോനികമായ പിശകുകൾ ഉണ്ടെന്ന് നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു. മെത്രാന്മാരുടെ ഇടയിലെ കൽദായ വിഭാഗം തീരുമാനം അടിച്ചേല്പിക്കുകയായിരുന്നു. അത്തരം തീരുമാനത്തെ നിയമപരമായോ ധാർമികമായോ അനുസരിക്കേണ്ട കാര്യം തങ്ങൾക്കില്ലെന്ന് നിവേദനം വ്യക്തമാക്കുന്നു. 2022 ഓഗസ്റ്റ് 7-ന് അതിരൂപതയുടെ എല്ലാ ഇടവകകളിൽ നിന്നും എത്തിയ വിശ്വാസികൾ അതിരൂപതയ്ക്ക് ജനാഭിമുഖ കുർബാന ഒരു ലിറ്റർജിക്കൽ വേരിയൻറായി അനുവദിച്ചു തരണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അതിനാൽ ഇനി അൾത്താരാഭിമുഖ കുർബാന അടിച്ചേല്പിക്കാൻ ശ്രമിച്ചാൽ അത് അതിരൂപതയെ മുഴവൻ പ്രശ്നത്തിലാക്കുമെന്നും നിവേദനത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

ഐക്യം നശിപ്പിക്കുന്ന രീതിയിൽ ഐകരൂപ്യം അടിച്ചേല്പിച്ചതിൻറെ വിഭാഗീയതയും വേദനയും എന്തെന്ന് അറിയണമെങ്കിൽ ഐകരൂപ്യം അടിച്ചേല്പിച്ച തൃശ്ശൂർ, ഇരിങ്ങാലക്കുട രൂപതകളിൽ ഒരു സർവേ നടത്തിയാൽ മതിയെന്ന് നിവേദനം ഓർമിപ്പിക്കുന്നു.

ഭൂമിയിടപാടിൻറെ കാര്യത്തിൽ വത്തിക്കാൻ തന്നെ പറഞ്ഞ റെസ്റ്റിറ്റ്യൂഷൻ നടപ്പിലാക്കാൻ ആർച്ച്ബിഷപ്പ് ആൻറണി കരിയിൽ മുന്നോട്ടുവെച്ച നിർദേശത്തെ സ്ഥിരം സിനഡ് തള്ളിയതിൻറെ കാരണം അറിയണമെന്ന് ആവശ്യപ്പെടുന്നുമുണ്ട്. കോട്ടപ്പടി-ദേവികുളം ഭൂമികൾ വിറ്റ് റെസ്റ്റിറ്റ്യൂഷൻ നടത്തണം എന്ന പെർമെനൻറ് സിനഡിൻറെ തീരുമാനം സത്യസന്ധമായ നിർദേശമാണെന്നു നിങ്ങളിൽ എത്രപേർ വിശ്വസിക്കുന്നുണ്ടെന്ന് സിനഡ് പിതാക്കന്മാരോട് വൈദികർ നിവേദനത്തിലൂടെ ചോദിക്കുന്നുമുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..