കൊലക്കൊച്ചി...


എറണാകുളത്ത് ക്രിമിനലുകളുടെ വിളയാട്ടം

കൊച്ചി: ക്രിമിനലുകളുടെ കൊലക്കത്തി ആർക്കു നേരേയും നീണ്ടുവരാമെന്ന അവസ്ഥയിലായിട്ടുണ്ട് കൊച്ചിയിൽ കാര്യങ്ങൾ. ഒന്നു പറഞ്ഞ് രണ്ടാംവാക്കിന് കുത്തിമലർത്തുന്ന ക്രിമിനലുകൾ നഗരത്തിലെമ്പാടും വിലസുന്നു. ഞായറാഴ്ച പുലർച്ചെ സൗത്തിൽ വരാപ്പുഴ സ്വദേശി ശ്യാമിനെ കുത്തിക്കൊന്നത് പ്രത്യേകിച്ച് എന്തെങ്കിലും വൈരാഗ്യമോ വലിയ സംഘർഷങ്ങളോ ഒന്നുമുണ്ടായിട്ടല്ലെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച രാത്രി എറണാകുളം നോർത്തിലുണ്ടായ കൊലപാതകവും ഇതേ വിധമായിരുന്നു. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ എന്തോ പറഞ്ഞ് കശപിശയായതാണ്. കൈയിലിരുന്ന മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തിയിറക്കി എഡിസൻ എന്ന യുവാവിനെ കൊന്നുകളഞ്ഞു.

കഴിഞ്ഞ ദിവസമാണ് ചോറ്റാനിക്കരയ്ക്കടുത്ത് കാർ നിർത്തി ഡ്രൈവർ പുറത്തിറങ്ങിയ തക്കത്തിന് ഒരു ക്രിമിനൽ ഓടിവന്ന് കാറിനുള്ളിൽ കയറി സ്ത്രീയെയും കുട്ടിയെയുമായി കടന്നുകളയാൻ ശ്രമിച്ച് അപകടമുണ്ടാക്കിയത്. ഏതാനും ആഴ്ചകളായിട്ടേയുള്ളൂ കലൂരിൽ ഒരു യുവാവ് മറ്റൊരാളെ കുത്തി പരിക്കേല്പിച്ച ശേഷം സ്വയം കഴുത്തുമുറിച്ച് മരിച്ചിട്ട്.

നഗരത്തിനു പുറത്തുള്ള പലയിടങ്ങളിൽ നിന്നും രാത്രി വൈകി യുവാക്കൾ എറണാകുളത്തേക്ക് ‘കറങ്ങാനായി’ വരുന്നത് സാധാരണയാണ്. ഇടപ്പള്ളി, വൈറ്റില, പാലാരിവട്ടം, സീപോർട്ട്-എയർപോർട്ട് റോഡ് തുടങ്ങിയ ഇടങ്ങളിലൊക്കെ ഇത്തരം യുവാക്കളുടെ കൂട്ടങ്ങളുണ്ടാവും. മുമ്പത്തേതിനെക്കാൾ വളരെയധികമായി ഇക്കൂട്ടത്തിൽ പെൺകുട്ടികളുമുണ്ടാകാറുണ്ട്. ഇക്കൂട്ടത്തിൽ ചെറിയൊരു വിഭാഗം മാത്രമായിരിക്കും ലഹരിയടിമകളും ക്രിമിനലുകളും. ആരാണ് പേടിക്കേണ്ട ക്രിമിനൽ എന്ന് തിരിച്ചറിയാനാവില്ലല്ലോ.

പൊതുസ്ഥലത്ത് നിസ്സാര കാര്യങ്ങളുടെ പേരിൽ കൊലപാതകത്തോളമെത്തുന്ന അക്രമത്തിന്റെ ശൈലി വ്യാപകമായിത്തീരുന്നത് വളരെ ഗൗരവത്തോടെ കാണേണ്ടതാണെന്ന് മുതിർന്ന സൈക്യാട്രിസ്റ്റ് ഡോ. സി.ജെ. ജോൺ പറഞ്ഞു.

പോലീസിനെക്കൊണ്ട് മാത്രം ഇത്തരം അതിക്രമങ്ങൾ അവസാനിപ്പിക്കാനാവില്ല. ഞായറാഴ്ച കൊലപാതകം നടന്ന ഇടത്ത് ട്രാൻസ്ജെൻഡറുകളുടെ സാന്നിധ്യമുണ്ടായിരുന്നു. ഇത്തരം സംഭവങ്ങളുടെ പേരിൽ ട്രാൻസ്ജെൻഡർ സമൂഹത്തിനെതിരേ തന്നെ നടപടികളെടുക്കുന്നതാണ് പലപ്പോഴും കാണുന്നത്. ട്രാൻസ്ജെൻഡറുകൾക്ക് അന്തസ്സായി ജീവിക്കാനാവും വിധമുള്ള സാമൂഹിക അന്തസ്സും തൊഴിലും നൽകുന്നതിനു പകരം അവരെ കൂടുതൽ ഞെരുക്കുന്നത് അവസ്ഥ മോശമാക്കുകയേ ഉള്ളൂ.

യുവജന പ്രസ്ഥാനങ്ങൾ യുവാക്കളെ മനസ്സിലാക്കണം

: ഒന്നു പറഞ്ഞ് രണ്ടാംവാക്കിന് എതിരാളിയെ കുത്തിവീഴ്ത്തുന്ന രീതി വ്യാപകമാകുന്നത് ഭയപ്പെടുത്തുന്നതാണെന്ന് മുതിർന്ന മനോരോഗചികിത്സാ വിദഗ്ധനും മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ സീനിയർ കൺസൽട്ടന്റ് സൈക്യാട്രിസ്റ്റുമായ ഡോ. സി.ജെ. ജോൺ പറഞ്ഞു. യുവാക്കൾക്കിടയിൽ കടുത്ത അസ്വസ്ഥതകൾ പെരുകിവരുന്നു. ഇത് വലിയ പ്രശ്നമാണ്. വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങൾ യുവമനസ്സുകളുടെ ഈ ഫ്രസ്ട്രേഷനെ ഗൗരവത്തിൽ കാണണം.

മാരക മയക്കുമരുന്നുകളുടെ ലഭ്യതയും ഉപയോഗവും കൂടുന്നുണ്ട്. അത് ഇത്തരം ക്രിമിനൽ പ്രവൃത്തികൾക്ക് ഒരു കാരണമാണ്. അത് മാത്രമല്ല കാരണം.

യുവാക്കളും കുട്ടികളും ചുറ്റും കാണുന്ന മാതൃകകളെല്ലാം ഇത്തരത്തിൽ ക്രിമിനലിസമുള്ളവയാണ്. രാഷ്ട്രീയമായാലും സിനിമയായാലും ഒക്കെ. എല്ലായിടത്തും ക്രിമിനലിസത്തെ ആദർശവത്കരിക്കുകയാണ്. അത് അപകടമാണെന്ന് മനസ്സിലാക്കാൻ സമൂഹത്തിന് കഴിയണം. ഒരു പ്രകോപനവുമില്ലാതെ തോക്കെടുത്ത് വെടിവെയ്ക്കുന്ന അമേരിക്കൻ രീതിക്ക് സമാനമാണ് ഒരു പ്രകോപനവുമില്ലാതെ അതിക്രമം നടത്തുന്ന രീതികൾ.

വീടുകളിലുണ്ട് ഇത്തരം അക്രമത്തിന്റെ നിരവധി രൂപങ്ങൾ. ഡൊമസ്റ്റിക് വയലൻസ് എന്നാൽ അതിൽ ഇത്തരം അക്രമ മനോഭാവവും പെടും. യുവാക്കൾ നേരിടുന്ന വലിയ അസ്വാസ്ഥ്യങ്ങളെ അഭിമുഖീകരിക്കാനുള്ള ഉത്തരവാദിത്വം വിദ്യാർഥി- യുവജന സംഘടനകൾ തന്നെ ഏറ്റെടുക്കേണ്ടതാണ്.

: നഗരത്തിൽ ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങൾ ഉണ്ടാകുമ്പോൾ ഏറ്റവും വേഗത്തിൽ ഫലപ്രദമായി ഇടപെടാൻ കഴിയേണ്ടത് പോലീസ് സേനയ്ക്കു തന്നെയാണെന്ന് റിട്ട. എസ്.പി. ടോജൻ വി. സിറിയക് പറഞ്ഞു. ഇത്തരം ക്രിമിനൽ കാര്യങ്ങളിൽ പെടുന്നവർ എത്താനിടയുള്ള സ്ഥലങ്ങളും സമയവുമൊക്കെ അറിഞ്ഞ് ശക്തമായി ഇടപെടാൻ കഴിയുംവിധം പോലീസ് സേനയെ പുനഃക്രമീകരിക്കേണ്ടിയിരിക്കുന്നു- അദ്ദേഹം പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..