വള്ളിക്കോട്: അശാസ്ത്രീയമായി നിർമിച്ച റോഡിൽനിന്ന് ബൈക്ക് ഒാടയിലേക്ക് മറിഞ്ഞ് യുവാവിന്റെ തലയിൽ കമ്പി തുളച്ചുകയറി. വള്ളിക്കോട് അഞ്ചാം വാർഡ് തെക്കേടത്ത് വീട്ടിൽ യദുകൃഷ്ണനാണ് (29) പരിക്കേറ്റത്. ഇദ്ദേഹം അതീവഗുരുതരാവസ്ഥയിൽ സ്വകാര്യമെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കോന്നി-ചന്ദനപ്പള്ളി റോഡിൽ വള്ളിക്കോട് തിയേറ്റർ ജങ്‌ഷനടുത്ത് ഞായറാഴ്ച രാവിലെ 11.30-ഓടെയായിരുന്നു അപകടം.
യദു ക്ഷേത്രത്തിൽ പോയി മടങ്ങുംവഴി എതിരേവന്ന വാഹനത്തിന് സൈഡ്കൊടുത്തു. കൊരുപ്പുകട്ട പാകിയ റോഡിലെ കട്ടകൾ ഇളകിക്കിടക്കുന്നതിനാൽ ബൈക്ക് നിയന്ത്രണംവിട്ട് വശത്തെ ഒാടയിലേക്കാണ് മറിഞ്ഞത്. ഒാടയ്ക്ക് മൂടിയില്ലായിരുന്നു. സമീപം കിടന്ന പഴയ സ്ലാബിന്റെ കമ്പിയാണ് യദുവിന്റെ തലയിലേക്ക് തുളച്ചുകയറിയത്. ആദ്യം പത്തനംതിട്ടയിലെയും കോഴഞ്ചേരിയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി. തലയ്ക്ക് ശസ്ത്രക്രിയനടത്തി. രണ്ടു വർഷം മുൻപ് കോവിഡ് സമയത്ത് ജോലിനഷ്ടപ്പെട്ട് നാട്ടിലെത്തിയ യദു വിസ ശരിയായി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും ഗൾഫിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോഴാണ് അപകടം.
മാവുങ്കൽ എന്ന കമ്പനിയാണ് ആറ് കോടി രൂപയ്ക്ക് കോന്നി-ചന്ദനപ്പള്ളി റോഡിന്റെ കരാർ ഏറ്റെടുത്തിരിക്കുന്നത്. റോഡ് നിർമാണത്തിൽ അപാകതയുണ്ടെന്ന് പൊതുമരാമത്ത് വിജിലൻസ് വിഭാഗം അടുത്തിടെ കണ്ടെത്തിയിരുന്നു. ഒാടയുടെ നിർമാണവും എങ്ങുമെത്തിയില്ല. ഒരിടത്തും മൂടി ഇട്ടിട്ടില്ല. പൊട്ടിക്കിടക്കുന്ന പഴയസ്ലാബുകൾ പോലും മാറ്റിയിട്ടുമില്ല.
കോന്നി സെക്ഷനിലെ എൻജിനീയറെ വിളിച്ച് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും കരാറുകാരനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണം ലഭിച്ചില്ലെന്നും പി.ഡബ്ല്യു.ഡി. റോഡ് വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..